ഷെങ്കൻ രാജ്യങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം നൽകി സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകി; ട്രാവൽസ് ഉടമ തട്ടിയത് കോടികൾ; തട്ടിപ്പിനിരയായത് തൊണ്ണൂറിലേറെ പേർ; വലിയങ്ങാടിയിലെ സ്ഥാപനം പ്രവർത്തിച്ചിരുന്നത് രജിസ്ട്രേഷനില്ലാതെ; പിടിയിലായത് കാറൽമണ്ണക്കാരൻ ഹുസൈൻ

Update: 2025-11-13 11:15 GMT

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ: ഷെങ്കൻ രാജ്യങ്ങളിലേക്ക് തൊഴിൽ വീസ വാഗ്ദാനം ചെയ്ത് വിവിധ വ്യക്തികളിൽ നിന്ന് ഏകദേശം ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിൽ ട്രാവൽസ് ഉടമയെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കാറൽമണ്ണ സ്വദേശി കുന്നത്തൊടിയിൽ ഹുസൈൻ (34) ആണ് അറസ്റ്റിലായത്. വലമ്പൂർ സ്വദേശി സുധീഷ് നൽകിയ പരാതിയെ തുടർന്നാണ് നടപടി. വലമ്പൂർ അരഞ്ഞിക്കൽ സുധീഷ് (27) നൽകിയ പരാതിയിലാണ് അറസ്റ്റ്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഹുസൈന്റെ സ്ഥാപനത്തിൽ നിന്ന് തട്ടിപ്പിനിരയായ കൂടുതൽ പേരുണ്ടെന്ന് പൊലീസിന് ബോധ്യമായി. വിവരം അറിഞ്ഞതോടെ സമാന തട്ടിപ്പുകൾക്ക് ഇരയായ നിരവധി പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരിൽ പലരും ജില്ലയ്ക്ക് അകത്തും പുറത്തുമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകി ഷെങ്കൻ യൂണിയനിൽപ്പെട്ട യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ ജോലികൾ വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയത്.

ഇതുവരെ തൊണ്ണൂറിലേറെ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹുസൈൻ തട്ടിയെടുത്ത പണം സ്വന്തം പേരിൽ സ്ഥലം വാങ്ങാനും മറ്റും ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഓൺലൈൻ ട്രാൻസ്ഫർ വഴിയാണ് പണം കൈപ്പറ്റിയത്. ഇയാൾ മാനേജിങ് ഡയറക്‌ടറായ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പലരിൽനിന്നും പല രീതിയിലാണ് തുക കൈപ്പറ്റിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.

പെരിന്തൽമണ്ണ വലിയങ്ങാടിയിൽ റജിസ്ട്രേഷൻ രേഖകളില്ലാതെയാണ് പ്രതിയുടെ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കൂടുതൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. തട്ടിപ്പിൽ കൂടുതൽ പേർ പങ്കാളികൾ ആയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൽ പോലീസ് അന്വേഷിക്കുന്നുണ്ട്. സിഐ സുമേഷ് സുധാകരൻ, എസ്ഐമാരായ ടി.പി.ഉദയൻ, എസ്.അക്ഷയ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.

Tags:    

Similar News