ദുല്‍ഖറിന്റെ 'കിം ഓഫ് കോത്ത'യിലടക്കം ചില സിനിമകളില്‍ ഭൂട്ടാന്‍ കടത്ത് വാഹനങ്ങള്‍ അഭിനയിച്ചെന്ന് കസ്റ്റംസ്; ഓപ്പറേഷന്‍ നുംഖോറില്‍, വെണ്ണലയിലെ നടന്റെ ബന്ധുവിന്റെ വീട്ടില്‍ എത്തുമ്പോള്‍ നിസ്സാന്‍ പട്രോള്‍ മൂടിയിട്ട നിലയില്‍; മുന്നിലെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയതും ദുരൂഹം; ഹിമാചല്‍ സ്വദേശി സഞ്ജയില്‍ നിന്ന് കൈമാറി വന്ന വാഹനം കണ്ടെത്തിയത് രഹസ്യവിവരത്തെ തുടര്‍ന്ന്

ദുല്‍ഖറിന്റെ 'കിം ഓഫ് കോത്ത'യിലടക്കം ചില സിനിമകളില്‍ ഭൂട്ടാന്‍ കടത്ത് വാഹനങ്ങള്‍ അഭിനയിച്ചെന്ന് കസ്റ്റംസ്

Update: 2025-09-27 14:06 GMT

കൊച്ചി: കൊച്ചി വെണ്ണലയിലെ ദുല്‍ഖര്‍ സല്‍മാന്റെ ബന്ധുവിന്റെ ഫ്‌ളാറ്റിലെ ഗാരേജില്‍ നിന്നും വാഹനം കണ്ടെത്തുമ്പോള്‍ മൂടിയിട്ട നിലയില്‍ ആയിരുന്നുവെന്ന് കസ്റ്റംസ്. മുന്നിലെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. പിന്നിലെ നമ്പര്‍ പ്ലേറ്റ് മാറ്റിയിരുന്നില്ല. ഭൂട്ടാനില്‍ നിന്ന് എത്തിച്ച നിസാന്‍ പാട്രോള്‍ വാഹനമാണ് കൊച്ചി വെണ്ണലയിലെ ബന്ധുവിന്റെ നാഷണല്‍ എംപ്രസ് ഗാര്‍ഡന്‍ ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയത്. 'ഓപ്പറേഷന്‍ നുംഖോര്‍' ഭാഗമായിട്ടാണ് കസ്റ്റംസ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ദുല്‍ഖര്‍ നിര്‍മ്മിച്ച കിങ് ഓഫ് കോത്തയടക്കം ചില സിനിമകളില്‍ ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങള്‍ ചിത്രീകരണത്തിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ദുല്‍ഖറിന്റെ സുഹൃത്തുക്കളായ നിര്‍മ്മാതാക്കളുടെ ചിത്രങ്ങളായ ഭീഷ്്മപര്‍വ്വത്തിലും, റൈഫിള്‍ ക്ലബ്ബിലും ഇത്തരം കള്ള വണ്ടികള്‍ ഉപയോഗിച്ചതായി കസ്റ്റംസ് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

ആദ്യ ദിവസം നടത്തിയ പരിശോധനയില്‍ ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഭൂട്ടാനില്‍ നിന്നും എത്തിച്ച മൂന്ന് വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യിലുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. വാഹനം പിടിച്ചെടുത്തതിനെതിരെ ദുല്‍ഖര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി 30 ന് പരിഗണിക്കാനിരിക്കെയാണ് നടപടി.

ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ കേസിലെ ഏറ്റവും പ്രധാനപ്പെട്ട വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ദുല്‍ഖര്‍ സല്‍മാന്റെ കസിനായ അംജദ് കരീമിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഈ വാഹനം കണ്ടെത്തിയിരിക്കുന്നത്. നിസ്സാന്‍ പട്രോള്‍ വാഹനത്തിന്റെ ഫസ്റ്റ് ഓണര്‍ ( ആദ്യ ഉടമ) ഇന്ത്യന്‍ ആര്‍മിയായിരുന്നു. സെക്കന്‍ഡ് ഓണര്‍, ഹിമാചല്‍ പ്രദേശ് സ്വദേശിയായ സഞ്ജയ് എന്നയാളായിരുന്നു. മൂന്നാമത്തെ ഉടമയാണ് ദുല്‍ഖര്‍ സല്‍മാന്‍. നിസാന്‍ പട്രോള്‍ വൈ 61, വൈ 60 മോഡലുകള്‍ കണ്ടെത്താനുണ്ടെന്ന് കസ്റ്റംസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ കസ്റ്റംസ് സ്ഥലത്തെത്തി, പരിശോധന നടത്തിയാണ് വാഹനം കണ്ടെത്തിയത്. ഓപ്പറേഷന്‍ നുംഖോറിന്റെ ആദ്യ ദിവസം ഈ വാഹനം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലു സാധിച്ചിരുന്നില്ല. ഈ വാഹനത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നെങ്കിലും, വാഹനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വാഹനം ഒളിപ്പിച്ചുവച്ചു എന്ന സംശയവും കസ്റ്റംസിനുണ്ട്.

ദുല്‍ഖറിന്റെ രണ്ട് ലാന്‍ഡ് റോവര്‍ വാഹനങ്ങളും രണ്ട് നിസാന്‍ പട്രോള്‍ വാഹനങ്ങളുമാണ് നിലവില്‍ കസ്റ്റംസിന്റെ സംശയനിഴലിലുള്ളത്. ഇതില്‍ ഒരു ലാന്‍ഡ് റോവര്‍ നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. തമിഴ്‌നാട് രജിസ്ട്രേഷന്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറാണ് (TN 01 AS 0155) കസ്റ്റഡിയിലെടുത്തത്. രണ്ട് നിസാന്‍ പട്രോള്‍ കാറുകളില്‍ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ എത്തിച്ച് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഇത് ദുല്‍ഖറിന്റെ കൈവശം എത്തിയത്. ഹിമാചല്‍ സ്വദേശിയില്‍ നിന്നാണ് ദുല്‍ഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ. നേരത്തേ രണ്ട് വാഹനങ്ങള്‍ ദുല്‍ഖറിന്റെ എളങ്കുളത്തുള്ള വീട്ടില്‍നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. താരത്തിന്റെ മറ്റു വാഹനങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരയുകയായിരുന്നു.

ഡിഫന്‍ഡര്‍ വാഹനം പിടിച്ചെടുത്ത നടപടിയെ ചോദ്യംചെയ്താണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്. വാഹനത്തിന്റെ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയതാണെന്നും, കസ്റ്റംസ് രേഖകള്‍ കൃത്യമായി പരിശോധിക്കാതെ മുന്‍വിധിയോടെയാണ് പെരുമാറിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ സാധുവായ ഉടമസ്ഥാവകാശവും രജിസ്‌ട്രേഷനും ഉണ്ടെന്ന് വിശ്വസിച്ചാണ് വാഹനം വാങ്ങിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.

വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള നാണക്കേടുണ്ടായതായും, രേഖകള്‍ ഉണ്ടായിട്ടും അവ പരിശോധിക്കാന്‍ പോലും തയ്യാറാകാതെ ധൃതിപിടിച്ചാണ് കസ്റ്റംസ് നടപടി സ്വീകരിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. തനിക്കെതിരെ സ്വര്‍ണ്ണക്കടത്ത്, ലഹരിമരുന്ന്, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രചാരണങ്ങളുണ്ടായെന്നും ഇത് തന്റെ യശസ്സിന് കളങ്കമുണ്ടാക്കിയെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

വാഹനങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട കസ്റ്റംസ് നിയമനടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്. ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ വിധി നിര്‍ണായകമാകും.

Tags:    

Similar News