വീട്ടിലേക്ക് പോയത് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികത്തിനുള്ള സര്‍പ്രൈസുമായി; അലന്റെ ജീവനെടുത്ത് കാട്ടാന ആക്രമണം; വനം വകുപ്പിന് വീഴ്ച ഇല്ലെന്ന് ഡിഎഫ്ഒ; വീഴ്ച പറ്റിയെന്ന് കളക്ടറും; വിശദീകരണം തേടും
മുണ്ടൂര്‍ കാട്ടാന ആക്രമണത്തില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍
പാലക്കാട്: മുണ്ടൂരിലെകാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ നല്‍കി ഡിഎഫ്ഒയും, കളക്ടറും. വനം വകുപ്പിന് വിഴ്ച പറ്റിയിട്ടില്ലെന്നാണ് പാലക്കാട് ഡിഎഫ്ഒയുടെ റിപ്പോര്‍ട്ട്. ഫെന്‍സിംഗ് തകര്‍ത്താണ് കാട്ടാന എത്തിയതെന്നും, മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നു എന്നും ഡിഎഫ്ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വനം വകുപ്പിന് വീഴ്ച ഉണ്ടായി എന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ സമര്‍പ്പിച്ചത്. മുന്നറിയിപ്പ് കിട്ടിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വ്യത്യസ്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഡിഎഫ്ഒയോട് വിശദീകരണം തേടും. അതേസമയം, മുന്നറിയിപ്പ് നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവു കൊല്ലപ്പെട്ട ദിവസം ആനയിറങ്ങിയതായി വനം ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചില്ലെന്നായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയത്. ആന വന്നാല്‍ അറിയാനുള്ള ഓട്ടമാറ്റിക് സംവിധാനം ഇവിടെയില്ല. വനം ജീവനക്കാരോ പ്രദേശവാസികളോ ആണ് വിവരം അറിയിക്കാറെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആക്രമണം നടക്കുന്ന സമയത്ത് മൂന്ന് ആനകളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.അതില്‍ ഒരെണ്ണം കുട്ടിയാനയാണ്. ശനിയാഴ്ച ആനയിറങ്ങിയതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്നു മുന്നറിയിപ്പു നല്‍കുകയും ആനകളെ തുരത്തുകയും ചെയ്തു. പ്രദേശത്ത് ഫെന്‍സിങ് തകര്‍ന്ന ഭാഗത്തെ തകരാറുകള്‍ പരിഹരിച്ചത് ഞായര്‍ ഉച്ചയോടെയാണ്.
കഴിഞ്ഞ ദിവസമായിരുന്നു മുണ്ടൂരിലെ അലന്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാത്രി എട്ടു മണിയോടെ അലനെയും അമ്മ വിജിയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. വൈകീട്ട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടന്‍ചോലയ്ക്ക് സമീപമായിരുന്നു സംഭവം.
മുന്നില്‍പെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാല്‍കൊണ്ട് തൊഴിക്കുകയായിരുന്നു. അലന്റെ മരണകാരണം നെഞ്ചിനേറ്റ ഗുരുതര പരിക്കാണ് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അലന്റെ നെഞ്ചില്‍ ആനക്കൊമ്പ് കുത്തിക്കയറിയതായും വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കാട്ടാന ആക്രമണത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായി. അലന്റെ കൈക്കും കാലിനും പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗുരുതര പരിക്കേറ്റ അലന്റെ അമ്മ വിജിയെ വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടാണ് ഉള്ളത്.
സര്‍പ്രൈസ് നല്‍കാനെത്തി, ജീവനെടുത്ത് ആന
അലന്റെ ജീവന്‍ കവര്‍ന്നെടുത്ത ഏപ്രില്‍ 6 അച്ഛന്റെയും അമ്മയുടെയും 25ാം വിവാഹ വാര്‍ഷിക ദിനമായിരുന്നു. വീട്ടിലെത്തി കേക്ക് മുറിച്ചു സര്‍പ്രൈസ് കൊടുക്കാമെന്ന സന്തോഷത്തില്‍ അമ്മ വിജിക്കൊപ്പം വരുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായതും കൊല്ലപ്പെടുന്നതും. സഹോദരി ആന്‍മേരിക്ക് ഇക്കാര്യം അറിയാമായിരുന്നുവെങ്കിലും അമ്മയോട് ഇക്കാര്യം അലന്‍ പറഞ്ഞില്ല.
വീട്ടില്‍ എത്തിയ ശേഷം ആഘോഷമൊരുക്കാനായിരുന്നു പരിപാടി. അതിനായി അലന്റെ സഹോദരീ ഭര്‍ത്താവിന്റെ ബന്ധു മനു മണികണ്ഠനോട് രാത്രി കേക്കുവാങ്ങി വീട്ടിലെത്തിക്കാന്‍ പറഞ്ഞു. ജോലി കഴിഞ്ഞു വരുന്നതിനിടെ കേക്ക് വാങ്ങിച്ച് അലന്റെ വീട്ടിലേക്കു പുറപ്പെട്ട മനു, ആന്‍മേരിയെ പലതവണ ഫോണ്‍ ചെയ്‌തെങ്കിലും എടുത്തില്ല. പന്തികേട് തോന്നിയ മനു, വിജിയുടെ ഫോണിലേക്കു വിളിച്ചപ്പോഴാണ് ഫോണ്‍ എടുത്ത ബന്ധു വിവരമറിയിച്ചത്. ഉടനെ മനു ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.