പെരുനാട് കൊലപാതകം: കൊല്ലപ്പെട്ട ജിതിനും കൊലപാതകം നടത്തിയ വിഷ്ണുവും ഉറ്റസുഹൃത്തുക്കളെന്ന് ബിജെപി പ്രചാരണം; ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വിട്ടു; രാഷ്ട്രീയ കൊലപാതകമെന്ന സിപിഎം പ്രചാരണത്തിന്റെ മുനയൊടിച്ച് ബന്ധുക്കളുടെ വെളിപ്പെടുത്തലും

പെരുനാട്ടിലേത് രാഷ്ട്രീയ കൊലപാതകമെന്ന സിപിഎം പ്രചാരണം പൊളിയുന്നു

Update: 2025-02-17 15:33 GMT

പത്തനംതിട്ട: റാന്നി-പെരുനാട്ടില്‍ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ജിതിന്‍ ഷാജി കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കാനുളള സി.പി.എം-സി.ഐ.ടി.യു ശ്രമത്തിനെതിരേ ശക്തമായ സോഷ്യല്‍ മീഡിയ പ്രചാരണവുമായി ബി.ജെ.പി. കൊല്ലപ്പെട്ട ജിതിനും കൊല നടത്തിയ വിഷ്ണുവും അടുത്ത സുഹൃത്തുക്കളാണെന്ന പ്രചാരണമാണ് ബിജെപി നടത്തുന്നത്. തെളിവായി ചിത്രങ്ങളും അവര്‍ പുറത്തു വിട്ടു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പെരുനാട് പഞ്ചായത്ത് ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അരുണ്‍ അനിരുദ്ധന്‍ അറിയിച്ചു.

കൊലപാതകവുമായി ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ യാതൊരു ബന്ധവുമില്ല. വ്യക്തികള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലയില്‍ അവസാനിച്ചത്. ഒന്നാം പ്രതി നിഖിലേഷ് സി.ഐ.ടി.യു പെരുനാട് പഞ്ചായത്ത് ടിപ്പര്‍ ഡ്രൈവര്‍ യൂണിയന്‍ അംഗമാണ്. നാലാം പ്രതി സുമിത്ത് ഡി.വൈ.എഫ്.ഐ മഠത്തുംമൂഴി യൂണിറ്റ് അംഗമാണ്. ഏഴാം പ്രതി മിഥുന്‍ മധു യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ്. കേസിലെ ഒരു പ്രതിക്കു പോലും ബി.ജെ.പിയുമായി യാതൊരു ബന്ധവുമില്ലെന്നും അരുണ്‍ അനിരുദ്ധന്‍ പറഞ്ഞു.

ജിതിനും വിഷ്ണുവും ഒരുമിച്ചുള്ള ചിത്രങ്ങളും സെല്‍ഫിയുമൊക്കെയാണ് പുറത്തു വന്നിരിക്കുന്നത്. കൊലയില്‍ രാഷ്ട്രീയമില്ലെന്ന് തന്നെയാണ് ബിജെപിയുടെ നിലപാട്. പ്രതികളായ സി.ഐ.ടി.യു-ഡി.വൈ.എഫ്.ഐ ഭാരവാഹികളെ സിപിഎമ്മും ഡിവൈഎഫ്ഐയും തളളിപ്പറയുമ്പോള്‍ അവരുടെ വീട്ടുകാരാകട്ടെ സിപിഎം ബന്ധം ആവര്‍ത്തിക്കുന്നു.


ഇത് രാഷ്ട്രീയ കൊലപാതകം അല്ലെന്ന് ഒന്നാം പ്രതി നിഖിലേഷിന്റെ അമ്മ മിനി മാധ്യമങ്ങളോട് പറഞ്ഞു. ടിപ്പര്‍ ലോറി ഉടമയായ നിഖിലേഷ് സി.ഐ.ടി.യു പ്രവര്‍ത്തകനാണ്. ബിസിനസ് ആവശ്യത്തിനായിട്ടാണ് സി.ഐ.ടി.യുവില്‍ ചേര്‍ന്നത്. ജിതിന്‍ മുന്‍പ് മകനൊപ്പം വീട്ടില്‍ വന്ന് ഭക്ഷണമൊക്കെ കഴിച്ചിട്ടുണ്ട്. കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നും അവര്‍ പറഞ്ഞു.

പ്രതികളില്‍ രണ്ടു പേര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു. ഏഴാം പ്രതി മിഥുന്‍ മഠത്തുംമൂഴി യൂണിറ്റ് കമ്മറ്റി ജോയിന്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായിരുന്നു. മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഇവര്‍ ഏതാനും മാസം മുന്‍പ് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നുവെന്നാണ് നേതൃത്വത്തിന്റെ വാദം. അതേ സമയം, കൊല നടത്തിയത് ബി.ജെ.പിയാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സി.പി.എമ്മും സി.ഐ.ടി.യുവും.


Tags:    

Similar News