നെറ്റിയില്‍ വെടിയേറ്റ പാട്; കേടതിയുടെ താഴെത്തെ നിലയിലെ കോണിപ്പടിയ്ക്ക് സമീപത്തെ കസേരയില്‍ ഇരിക്കുന്ന രീതിയില്‍ മൃതദേഹം; സമീപം സര്‍വീസ് പിസ്റ്റള്‍; പോലീസ് ഗാര്‍ഡിനെ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-02-05 11:14 GMT

കൊല്‍ക്കത്ത: പോലീസ് ഗാര്‍ഡിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ ഡല്‍ഹൗസി മേഖലയിലെ സിവില്‍ കോടതിയുടെ താഴെത്തെ നിലയിലെ കോണിപ്പടിയ്ക്ക് സമീപത്തെ കസേരയില്‍ ഇരിക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്. നെറ്റിയില്‍ വെടിയേറ്റ നിലയിലായിരുന്നു. ഗോപാല്‍നാഥ് എന്ന പോലീസ് ഗാര്‍ഡിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ ഏഴുമണിയോടെയാണ് മൃതശരീരം കണ്ടെത്തിയതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൃതദേഹത്തിന് സമീപത്തുനിന്ന് ഗോപാല്‍നാഥിന്റെ 9 എം.എം. സര്‍വീസ് പിസ്റ്റള്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഗോപാല്‍നാഥ് സ്വയംനിറയൊഴിച്ചതാകാനും സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചെന്നും ആത്മഹത്യയാണോ കൊലപാതകമാണോ എന്നതുള്‍പ്പെടെ എല്ലാവശവും പരിഗണിക്കുമെന്നും പോലീസ് അറിയിച്ചു. കുറച്ചുകാലമായി ഗോപാല്‍നാഥ് വിഷാദരോഗ ബാധിതനായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കാനാവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ഫോറന്‍സിക് സംഘം ഉള്‍പ്പെടെ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഹരേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗോപാല്‍നാഥിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.

Tags:    

Similar News