ബോംബെ തലയന്‍ ഷാജിക്കൊപ്പം മൂന്നു പതിറ്റാണ്ടോളമായി സജീവ ലഹരിക്കടത്ത്; കഞ്ചാവ് കടത്ത് കേസില്‍ അപ്പീല്‍ ജാമ്യത്തിലുള്ള പ്രതി 23 കിലോ കഞ്ചാവുമായി പോലീസ് പിടിയിലകുമ്പോള്‍ ചര്‍ച്ചയാകുന്നത് തൃശൂരിലെ ലഹരി മാഫിയയുടെ സജീവത; ചാലക്കുടിയില്‍ പൂപ്പത്തി ഷാജി കുടുങ്ങുമ്പോള്‍

Update: 2024-12-12 04:03 GMT

ചാലക്കുടി: കഞ്ചാവ് കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് അപ്പീല്‍ ജാമ്യത്തിലുളള പ്രതി 23 കിലോ കഞ്ചാവുമായി വീണ്ടും പോലീസ് പിടിയില്‍. അന്‍പതിലേറെ ലഹരി മരുന്ന് കേസുകളില്‍ പ്രതിയായ മാള പൂപ്പത്തി നെടുംപറമ്പില്‍ വീട്ടില്‍ ഷാജി എന്ന പൂപ്പത്തി ഷാജി (66) യാണ് പിടിയിലായത്. ഇയാള്‍ക്ക് പട്ടിക്കുട്ടി ഷാജിയെന്നും വിളിപ്പേരുണ്ട്. മുന്‍പ് കഞ്ചാവ് കടത്തിയതിന് ഏഴര വര്‍ഷം കഠിന തടവിനും എഴുപത്തയ്യായിരം രൂപ പിഴയും ശിക്ഷിച്ച് അപ്പീല്‍ ജാമ്യത്തില്‍ കഴിയുകയാണ് ഷാജി.

ഒഡീഷയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുവെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ്മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലയിലെ പ്രധാന സഞ്ചാര പാതകള്‍ കേന്ദ്രീകരിച്ച് നടത്തിയ വ്യാപകപരിശോധനകള്‍ക്കിടയില്‍ ചാലക്കുടി ഡിവൈ.എസ.്പി കെ. സുമേഷിന്റെ നേതൃത്വത്തില്‍ കൊടകരയില്‍ ദേശീയപാതയോട് ചേര്‍ന്ന ബസ് സ്റ്റോപ്പിന് സമീപം സംശയാസ്പദമായി കണ്ട ഷാജിയില്‍ നിന്നും കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

ഒഡീഷയില്‍ നിന്നും ട്രെയിനിലും ബസിലുമായിട്ടാണ് കഞ്ചാവ് കൊണ്ടു വന്നത്. ചാലക്കുടിയിലും പരിസരങ്ങളിലും വിതരണം ചെയ്യാനാണ് കൊണ്ടു വന്നത്. കൊടകരയില്‍ വന്നിറങ്ങി ഓട്ടോറിക്ഷ കാത്ത് നില്‍ക്കവേയാണ് ഷാജിയെ പോലീസ് സംഘം പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഷോള്‍ഡര്‍ ബാഗും മറ്റൊരു വലിയ ബാഗുമായി നില്‍ക്കുകയായിരുന്നു ഇയാള്‍. പോലീസിനെകണ്ട് ബാഗുകളുമായി ഒളിക്കാന്‍ ശ്രമിച്ചതാണ് പിടിക്കപ്പെടാന്‍ ഇടയാക്കിയത്.

ലഹരിവ്യാപാരിയായ ബോംബെ തലയന്‍ ഷാജിയുടെ അടുത്ത സുഹൃത്തും കൂട്ടാളിയുമാണ് പൂപ്പത്തി ഷാജി തുടര്‍ച്ചയായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉള്‍പ്പെട്ട കേസുകളിലെ പ്രതിയായ ബോംബെ തലയന്‍ ഷാജിയെ അടുത്തയിടെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. ബോംബെ തലയന്‍ ഷാജിക്കൊപ്പം മൂന്നു പതിറ്റാണ്ടോളമായി സജീവ ലഹരിക്കടത്തു സംഘാംഗമായി പ്രവര്‍ത്തിക്കുന്ന പൂപ്പത്തി ഷാജിക്ക് അന്‍പതിലേറെ കേസുകളുണ്ട്.

2020 നവംബറില്‍ 22 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയോടൊപ്പം പിടിയിലായതിനെ തുടര്‍ന്ന് ഏഴര വര്‍ഷം കഠിന തടവിനും എഴുപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷവിധിച്ചിരുന്നു. ഈ ശിക്ഷാവിധിപ്രകാരം കുറച്ചുനാള്‍ ജയിലില്‍ കിടന്ന ശേഷം അപ്പീല്‍ ജാമ്യത്തിലിറങ്ങി വീണ്ടും ബോംബെ തലയന്‍ ഷാജിക്കൊപ്പം കഞ്ചാവ് കടത്തലില്‍ വ്യാപൃതനാവുകയായിരുന്നു.

അന്വേഷണ സംഘത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം. ഉല്ലാസ്‌കുമാര്‍, ചാലക്കുടി ഇന്‍സ്പെക്ടര്‍ എം.കെ. സജീവ്, കൊടകര ഇന്‍സ്പെക്ടര്‍ പി.കെ. ദാസ്, സബ് ഇന്‍സ്പെക്ടര്‍മാരായ പ്രദീപന്‍, വി.പി അരിസ്റ്റോട്ടില്‍, എന്‍.എസ്. റെജിമോന്‍, ഡാന്‍സാഫ് അംഗങ്ങളായ വി.ജി സ്റ്റീഫന്‍, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, ഷീബ അശോകന്‍, എ.യു.റെജി, എം.ജെ.ബിനു, ഷിജോ തോമസ് കൊടകര സ്റ്റേഷനിലെ എ.എസ്.ഐ സജു പൗലോസ്, കെ.പി. ബെന്നി, സീനിയര്‍ സിപിഒ പ്രതീഷ് പി.എ, സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ സനൂപ്, സില്‍ജോ, സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ വിമല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News