ലൈംഗികമായി പീഡിപ്പിച്ച ശേഷം രാഹുല്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ച സംഭവത്തിലെ പെണ്‍കുട്ടിയുടെയും മൊഴിയെടുക്കും; അതിജീവിതകള്‍ മൊഴി നല്‍കാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം; ആറു പേരുടെ പ്രതികരണം എല്ലാം നിശ്ചയിക്കും; പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലുള്ളത് അതിവേഗം നിഗമനത്തില്‍ എത്തുകയെന്ന വെല്ലുവിളി; രാഹുലിനെ ഇരകള്‍ കുടുക്കുമോ?

Update: 2025-08-30 03:29 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതികള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചത് അന്വേഷണം അതിവേഗത്തിലാക്കാന്‍. ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റിലെ ഡിവൈഎസ്പി ഷാജിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍മാരായ സാഗര്‍, സാജന്‍, സൈബര്‍ ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടര്‍ ഷിനോജ് എന്നിവരും സംഘത്തിലുണ്ട്. വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷക സംഘത്തില്‍ ഉള്‍പ്പെടുത്തും. അന്വേഷകസംഘം ശനിയാഴ്ച പ്രത്യേക യോഗം ചേരും. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യങ്ങളിലും വെളിപ്പെടുത്തല്‍ നടത്തിയ മൂന്ന് പേരുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തുക. ഞായര്‍ മുതല്‍ മൊഴിയെടുക്കല്‍ ആരംഭിക്കും.

ലൈംഗികമായി പീഡിപ്പിച്ച ശേഷം രാഹുല്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ച സംഭവത്തിലെ പെണ്‍കുട്ടിയുടെയും മൊഴിയെടുക്കും. അതിജീവിതകള്‍ മൊഴി നല്‍കാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു, ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി, സ്ത്രീകളെ സമൂഹമാധ്യമങ്ങള്‍ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസടുത്തത്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനാണ് രാഹുലിനെതിരെ നിലവില്‍ കേസ് എടുത്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ലഭിച്ച പരാതികള്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഷാജിക്ക് കൈമാറി. ഇതനുസരിച്ച് പരാതിക്കാരായ 6 പേരില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്യും. പരാതിക്കാരോട് കൈവശമുള്ള തെളിവുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കും. ആരോപണം ഉന്നയിച്ചവര്‍ ആരും തന്നെ ഇതുവരെ പരാതിയുമായി രംഗത്ത് വന്നിട്ടില്ല.

നിലവിലെ പരാതിക്കാരുടെ മൊഴിപ്രകാരം വെളിപ്പെടുത്തല്‍ നടത്തിയവരെ നേരില്‍ കണ്ട് മൊഴിയെടുക്കാണ് പോലീസിന്റെ ശ്രമം. സൈബര്‍ തെളിവുകളും പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി സൈബര്‍ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയര്‍ന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് പ്രതികരിച്ചിരുന്നു. ഗര്‍ഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനല്‍ രീതി ആണ്. എത്രനാള്‍ രാഹുലിന് പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല. ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളില്‍ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബാക്കി കാര്യങ്ങള്‍ സമൂഹം തീരുമാനിക്കേണ്ടതാണ്. അത്തരം കാര്യങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പലരും രാഷ്ട്രീയ ജീവിതം നയിച്ചവരാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാന്യതയും ധാര്‍മ്മികതയും ഉണ്ട്. അത് നഷ്ടപ്പെടുന്നെന്ന മനോവ്യഥ കോണ്‍ഗ്രസിനകത്ത് ഉണ്ടെന്നും പിണറായി പറഞ്ഞിരുന്നു.

തെറ്റായ നിലയില്‍ പ്രമോട്ട് ചെയ്യാന്‍ ചിലര്‍ ശ്രമിച്ചെന്ന വാദമുണ്ട്. പ്രതിപക്ഷ നേതാവ് പ്രകോപിതനായി എന്തെല്ലാമോ വിളിച്ച് പറയുകയാണ്. മുതിര്‍ന്ന നേതാക്കളുടെ വരെ അഭിപ്രായം കേട്ട് പ്രതികരിക്കണമായിരുന്നു. രാഷ്ട്രീയത്തിനും പൊതു പ്രവര്‍ത്തനത്തിനും അപമാനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കുന്ന രീതി ഉണ്ടാകില്ല. രാഹുലിനെതിരായ ആരോപണത്തില്‍ നിയമപരമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന കേസില്‍ കെഎസ് യു പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ജില്ലാ സെക്രട്ടറി ഏഴംകുളം സ്വദേശി മുബിന്‍ ബിനുവിന്റെയും അടൂരിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വീടുകളില്‍ ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെയായിരുന്നു റെയ്ഡ്. മുബിന്‍ ബിനുവിന്റെ മൊബൈല്‍ഫോണ്‍ കസ്റ്റഡിയിലെടുത്തു. 2023ലാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ രാഹുല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്.

അന്ന് അടൂര്‍, പന്തളം പ്രദേശങ്ങളിലെ ചില സ്ഥാപനങ്ങളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ല. സര്‍ക്കാര്‍ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ചില മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധന നടത്തിയപ്പോള്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുലിന്റെ പേര് പരാമര്‍ശിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുലിന് നോട്ടീസ് നല്‍കിയതായും ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. എന്നാല്‍ രാഹുല്‍ ഇത് നിഷേധിച്ചു.

Tags:    

Similar News