വിവാഹ ചടങ്ങിനിടെ പരിചയത്തിലായ യുവാവ് നമ്പർ നൽകി; ഫോൺ ഇല്ലാത്തതിനാൽ യുവതിയുടെ 7 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ സ്വന്തമായി മൊബൈൽ കിട്ടിയപ്പോൾ പ്രണയം വീണ്ടും പൂത്തു; പക്ഷേ വീട്ടുകാർ വിവാഹം കഴിപ്പിച്ചത് മറ്റൊരാളെ; പിന്നാലെ വാട്സാപ്പ് കോളുകളിൽ തയ്യാറാക്കിയ കൊലപാതക സ്കെച്ച്; കാമുകനൊപ്പം ചേർന്ന നടത്തിയ 'കൊടുംചതി'യുടെ കഥ ഇങ്ങനെ

Update: 2026-02-08 16:18 GMT

ജയ്പൂർ: രാജസ്ഥാനിലെ റാവ്ലയിൽ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏഴ് വർഷം മുൻപുള്ള ഒരു യാദൃശ്ചിക കൂടിക്കാഴ്ചയാണ് കൊലപാതകത്തിൽ കലാശിച്ചത്. വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസത്തിന് ശേഷം കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നവവധുവും കാമുകനും കൂട്ടാളികളും പിടിയിലായിരുന്നു. ഈ സംഭവം 'ഹണിമൂൺ കൊലപാതകം' എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.

23-കാരിയായ അഞ്ജലിയും കൊല്ലപ്പെട്ട ആശിഷ് കുമാറും തമ്മിലുള്ള വിവാഹം 2025 ഒക്ടോബർ 30-നാണ് നടന്നത്. എന്നാൽ അഞ്ജലി നേരത്തെ തന്നെ സഞ്ജയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. 2018-ൽ ഒരു വിവാഹ ചടങ്ങിനിടെ വെയിറ്ററായി ജോലി ചെയ്തിരുന്ന സഞ്ജയിനെ അഞ്ജലി പരിചയപ്പെട്ടിരുന്നു. അവർ തമ്മിൽ സംസാരിക്കുകയും സഞ്ജയ് തന്റെ ഫോൺ നമ്പർ കൈമാറുകയും ചെയ്തെങ്കിലും, അന്ന് അഞ്ജലിക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാൽ അവർ തമ്മിലുള്ള ബന്ധം മുറിഞ്ഞുപോയി.

പിന്നീട് 2024-ൽ അഞ്ജലി സ്വന്തമായി ഒരു ഫോൺ വാങ്ങിയതോടെ സഞ്ജയിനെ വീണ്ടും ബന്ധപ്പെട്ടു. ക്രമേണ അവർ തമ്മിലുള്ള ആശയവിനിമയം വർദ്ധിക്കുകയും അത് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. എന്നാൽ അഞ്ജലിയുടെ വീട്ടുകാരുടെ തീരുമാനം മറ്റൊന്നായിരുന്നു. സഞ്ജയുമായുള്ള പ്രണയം നിലനിൽക്കെ തന്നെ, വീട്ടുകാർ അവൾക്കായി റാവ്ല സ്വദേശിയായ ആശിഷ് കുമാറുമായുള്ള വിവാഹം ഉറപ്പിച്ചു.

ഒക്ടോബർ 30-ന് റാവ്ല സ്വദേശിയായ ആശിഷ് കുമാറുമായി അഞ്ജലിയുടെ വിവാഹം നടന്നു. നല്ല വിദ്യാഭ്യാസമുള്ള, സൗമ്യനായ വ്യക്തിയായിരുന്നു ആശിഷ്. അഞ്ജലിയും ബി.കോം ബിരുദധാരിയായിരുന്നു. വിവാഹശേഷം അവൾ റാവ്ലയിലേക്ക് താമസം മാറിയെങ്കിലും ഒട്ടും സന്തുഷ്ടയായിരുന്നില്ല. ജന്മനാടായ സാദുൽഷഹറും ഭർത്തൃഗൃഹമായ റാവ്ലയും തമ്മിലുള്ള 225 കിലോമീറ്റർ ദൂരമുണ്ടായിരുന്നു. ഈ സമയത്തും അവൾ സഞ്ജയുമായുള്ള ബന്ധം രഹസ്യമായി തുടർന്നു കൊണ്ടിരുന്നു.

കൊലപാതകത്തിന് 16 ദിവസം മുൻപ് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് കാമുകനുമായി ചേർന്ന് ഭർത്താവിനെ ഒഴിവാക്കാൻ അഞ്ജലി പദ്ധതിയൊരുക്കിയത്. വിവാഹശേഷം ഇരുവരും നേരിട്ട് കണ്ടിട്ടില്ലെങ്കിലും വാട്സാപ്പ് കോളുകൾ വഴി നിരന്തരം ബന്ധപ്പെട്ടിരുന്നു. കൊലപാതകം നടന്ന ദിവസം മാത്രം അഞ്ചു മുതൽ ഏഴു തവണ വരെ ഇവർ സംസാരിച്ചു.

ജനുവരി 30-ന് രാത്രി, ആസൂത്രണം ചെയ്തതനുസരിച്ച് ഭക്ഷണം കഴിച്ച ശേഷം അഞ്ജലി ഭർത്താവിനോട് തന്നോടൊപ്പം നടക്കാൻ വരണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് തങ്ങൾ എവിടെയാണെന്ന വിവരം അവൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഒളിച്ചിരുന്ന സഞ്ജയിനും കൂട്ടാളികളായ രോഹിത്, ബാദൽ എന്നിവർക്കും അഞ്ജലി ലൊക്കേഷൻ കൈമാറി.

അവിടെ എത്തിയ ഉടൻ അഞ്ജലി നൽകിയ സിഗ്നൽ പ്രകാരം പ്രതികൾ ആശിഷിനെ വടികൊണ്ട് ക്രൂരമായി അടിച്ചു വീഴ്ത്തി. ശ്വാസം നിലച്ചിട്ടില്ലെന്ന് കണ്ടപ്പോൾ മഫ്ലർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കി. സംഭവം കൊള്ളസംഘത്തിന്റെ ആക്രമണമാണെന്ന് തോന്നിപ്പിക്കാൻ അഞ്ജലി സ്വന്തം കമ്മലുകളും ഭർത്താവിന്റെ ഫോണും പ്രതികൾക്ക് കൈമാറി. തുടർന്ന് റോഡിൽ അബോധാവസ്ഥയിലാണെന്ന് നടിച്ച് കിടന്നു.

വഴിയാത്രക്കാർ അറിയിച്ചതനുസരിച്ച് പോലീസ് എത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആശിഷ് അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കള്ളം പൊളിഞ്ഞു ആശിഷിന്റെ തലയുടെ പിന്നിലേറ്റ ഗുരുതരമായ പരിക്കും കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുമാണ് പോലീസിന് സംശയമുണ്ടാക്കിയത്. വിശദമായ ചോദ്യം ചെയ്യലിൽ അഞ്ജലി കുറ്റം സമ്മതിച്ചു. അഞ്ജലിയെ ബിക്കാനീർ ജയിലിലേക്ക് അയച്ചു. മറ്റ് മൂന്ന് പ്രതികളെ പോലീസ് റിമാൻഡ് ചെയ്ത് ചോദ്യം ചെയ്തു വരികയാണ്.

Tags:    

Similar News