എനിക്ക് ആൺകുട്ടി തന്നെ വേണം...; രാത്രി വീട്ടിൽ ഭാര്യയുമായി ബഹളം; നിരാശയിൽ കിടന്നിട്ടും ഉറക്കമില്ല; മനസ്സ് ഉലഞ്ഞ് കൊടുംക്രൂരത; അഞ്ച് മാസം പ്രായമായ ഇരട്ട പെൺകുട്ടികളെ പിതാവ് തറയിൽ അടിച്ചുകൊന്നു; പറമ്പ് പരിശോധിച്ചപ്പോൾ പോലീസ് അമ്പരന്നു; എല്ലാം തുറന്നുപറഞ്ഞ് അമ്മാവൻ
ജയ്പ്പൂർ: എനിക്ക് ആൺകുട്ടി തന്നെ വേണം എന്ന് രാത്രി വീട്ടിൽ ഭാര്യയുമായി തർക്കം. ബഹളം കേട്ട് നാട്ടുകാർ വരെ ശ്രദ്ധിച്ചു. ഒടുവിൽ നടന്നത് നാടിനെ നടുക്കിയ കൊടും ക്രൂരത ആയിരുന്നു. ആൺകുട്ടി തന്നെ വേണമെന്ന ആഗ്രഹം നടക്കാതായതോടെ അഞ്ച് മാസം പ്രായമായ ഇരട്ട പെൺകുട്ടികളെ തറയിൽ അടിച്ചുകൊലപ്പെടുത്തി പിതാവ്. രാജസ്ഥാനിലെ സികാറിലെ നീംകാ താന സിറ്റിയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇരട്ടക്കൊലയിൽ പിതാവ് അശോക് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപ്പെടുത്തിയ കുഞ്ഞുങ്ങളുടെ മൃതദേഹം വീട്ടിൽനിന്നും രണ്ട് കിലോമീറ്റർ അപ്പുറമുള്ള ഒഴിഞ്ഞ പറമ്പിൽ കുഴിച്ചുമൂടുകയും ചെയ്തു. 'ആൺകുട്ടി വേണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാത്രി ഇയാൾ ഭാര്യ അനിതയുമായി വഴക്കിട്ടിരുന്നു. തുടർന്നായിരുന്നു ക്രൂരത. തർക്കത്തിനിടെ ഭാര്യയെ മർദിച്ച അശോക് യാദവ്, പിന്നാലെ കുഞ്ഞുങ്ങളെ എടുത്ത് തറയിലടിക്കുകയായിരുന്നു'- എസ്ഐ വിരേന്ദ്രകുമാർ പറഞ്ഞു.
പരിക്കേറ്റ കുഞ്ഞുങ്ങളെ വീട്ടുകാർ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. തുടർന്ന് ഭർത്താവും ഇയാളുടെ കുടുംബവും ചേർന്ന് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. സംഭവം അറിയാതിരിക്കാനായി ഈ സ്ഥലം കല്ലുകളും കുറ്റിച്ചെടികളും കൊണ്ട് മൂടിയതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കൊലപാതകത്തെ കുറിച്ച് അറിഞ്ഞ കുഞ്ഞുങ്ങളുടെ അമ്മാവൻ സുനിൽ യാദവാണ് കോട്വാലി പൊലീസിനെ വിവരമറിയിച്ചതെന്ന് അഡീഷനൽ എസ്പി റോഷൻ മീണ പറഞ്ഞു. കുഞ്ഞുങ്ങളെ തറയിലടിച്ചു കൊന്ന ശേഷം പ്രതി കലക്ടറേറ്റിന് സമീപമുള്ള സ്ഥലത്ത് കുഴിച്ചുമൂടിയെന്നും അമ്മാവൻ പറഞ്ഞു.
ഉടനെ തന്നെ വിവരമറിഞ്ഞ് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് രജ്‌വീർ യാദവും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി ഇവിടം സീൽ ചെയ്തു. വെള്ളിയാഴ്ച രാവിലെ ഇരു മൃതദേഹവും പുറത്തെടുക്കുകയും പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും ചെയ്തെന്നും എഎസ്പി വിശദമാക്കി. 2024 നവംബർ നാലിനാണ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ചത്. അന്നു മുതൽ കുടുംബത്തിൽ വഴക്ക് പതിവായിരുന്നു. ഇയാൾക്കും കുടുംബത്തിനും ഒരു ആൺകുട്ടി വേണമെന്നാണ് ആവശ്യം. ഇതാണ് ക്രൂര കൊലപാതകത്തിൽ ഒടുവിൽ കലാശിച്ചത്.