മകളെ കാണാനില്ലെന്ന് പരാതി; 19കാരിയെ കണ്ടെത്തിയതോടെ പുറത്ത് വന്നത് പിതാവിന്റെ ലൈംഗിക വൈകൃതം; ക്യാൻസർ ബാധിച്ച് ഭാര്യ കിടപ്പിൽ; ടിവി വോളിയം കൂട്ടി വെച്ച് മകളെയും അനന്തരവളെയും പീഡിപ്പിച്ചു, അശ്ലീല വീഡിയോകൾ കാണിച്ചു കൊടുത്തു; പെൺകുട്ടികൾ വർഷങ്ങളോളം അനുഭവിച്ച ക്രൂരതകൾ ഞെട്ടിക്കുന്നത്
രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ സ്വന്തം മകളെയും അനന്തരവളെയും വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 19 വയസ്സുള്ള മകളെ കഴിഞ്ഞ നാല് വർഷമായും, 17 വയസ്സുള്ള അനന്തരവളെ കഴിഞ്ഞ ഏഴ് വർഷമായും ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വീടുവിട്ടിറങ്ങിയ മകളെ കണ്ടെത്താനായി നടത്തിയ അന്വേഷണമാണ് വർഷങ്ങൾ നീണ്ട ഈ ക്രൂരത പുറംലോകത്തെത്തിച്ചത്.
തന്റെ മകളെ കാണാനില്ലെന്ന് പ്രതി തന്നെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. രാജ്‌കോട്ട് റൂറൽ ലോക്കൽ ക്രൈം ബ്രാഞ്ചും പോലീസും ചേർന്ന് പെൺകുട്ടിയെ കണ്ടെത്തി. എന്നാൽ ചോദ്യം ചെയ്യലിൽ, പിതാവിന്റെ പീഡനം സഹിക്കവയ്യാതെയാണ് താൻ വീടുവിട്ടിറങ്ങിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തി. തനിക്ക് 15 വയസ്സുള്ളപ്പോൾ മുതൽ പിതാവ് തന്നെ ശാരീരിക ബന്ധത്തിന് നിർബന്ധിക്കാറുണ്ടായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.
ശാരീരിക വൈകല്യമുള്ള പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി രാജ്‌കോട്ട് റൂറൽ എസ്പി വിജയ്സിങ് ഗുർജർ അറിയിച്ചു. പീഡനസമയത്ത് തന്റെ നിലവിളി പുറത്തുകേൾക്കാതിരിക്കാൻ പിതാവ് ടെലിവിഷന്റെ ശബ്ദം കൂട്ടി വെക്കാറുണ്ടായിരുന്നുവെന്നും അശ്ലീല വീഡിയോകൾ കാണിക്കാറുണ്ടായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. പെൺകുട്ടിയുടെ മുറിയിൽ നിന്ന് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് കണ്ടെടുത്തു.
നാല് വർഷക്കാലം താൻ കടുത്ത ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയായതായി പെൺകുട്ടി പറഞ്ഞു. അന്വേഷണത്തിനിടയിലാണ് ഇയാൾ തന്റെ 17 വയസ്സുള്ള അനന്തരവളെ കഴിഞ്ഞ ഏഴ് വർഷമായി പീഡിപ്പിക്കുകയായിരുന്നു എന്ന വിവരവും പുറത്തുവന്നത്.
നിലവിൽ പോലീസ് അനന്തരവൾക്ക് കൗൺസിലിംഗ് നൽകിവരികയാണ്. സംഭവത്തിൽ മറ്റൊരു പരാതി കൂടി ഉടൻ ഫയൽ ചെയ്യും. പ്രതിയുടെ ഭാര്യ അർബുദരോഗം (ക്യാൻസർ) ബാധിച്ച് കിടപ്പിലാണ് പോലീസ് അറിയിച്ചു. പ്രതിയുടെ ഭാര്യയ്ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ജില്ലാ വികസന ഓഫീസറുമായും ആരോഗ്യ വകുപ്പുമായും പോലീസ് ഏകോപനം നടത്തിയിട്ടുണ്ട്.
