രേഷ്മയുടെ മരണത്തിന് പിന്നില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്; വാഹനത്തില്‍ കയറ്റി കൊണ്ടുപോയി ജിനേഷിനെ മര്‍ദ്ദിച്ചു; രേഷ്മയുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം; രേഷ്മയുടെ മരണത്തിന് പിന്നില്‍ ഈ സംഘത്തിന്റെ ഭീഷണി ഉണ്ടാകാന്‍ സാധ്യതയെന്ന് സുഹൃത്ത്; പോലീസില്‍ പരാതി നല്‍കി കുടുംബം
രേഷ്മയുടെ മരണത്തിന് പിന്നില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്
സുല്‍ത്താന്‍ ബത്തേരി: ഇസ്രായേലില്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍ എന്നു കാണിച്ചു കുടുംബം പരാതി നല്‍കിയതിന് പിന്നാല നിര്‍ണായക വെളിപ്പെടുത്തലും. ബ്ലേഡ് മാഫിയയുടെ ഭീഷണം സംഘത്തിന് ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചു ഇവരുടെ കുടുംബ സുഹൃത്ത് വെളിപ്പെടുത്തി. താമരശ്ശേരി സ്വദേശി ശ്രീഹരിയാണ് ഇവരുടെ മരണത്തില്‍ രേഷ്മയുടെയും ജിനേഷിന്റെയും മരണത്തില്‍ നിര്‍ണായ വെളിപ്പെടുത്തല്‍ നടത്തിയത്.
ജിനേഷ് ഇസ്രായേലിലേക്ക് പോകുന്നതിന് 3 മാസം മുമ്പ് രേഷ്മയ്‌ക്കൊപ്പം തന്നെ കാണാന്‍ വന്നിരുന്നുവെന്ന് ശ്രീഹരി ഒരു ചാനലിനോട് വെളിപ്പെടുത്തി. ജിനേഷിനെ ആക്രമിച്ച വിവരമടക്കം രേഷ്മ പങ്കുവെച്ചിരുന്നു എന്നുമാണ് ശ്രീഹരി പറയുന്നത്. ബ്ലേഡ് പലിശക്കാരായ ബീനാച്ചി സ്വദേശികളായ സഹോദരങ്ങളും താനുമായി കേസ് നിലനില്‍ക്കുന്നത് അറിഞ്ഞാണ് രേഷ്മയും ജിനേഷും കാണാന്‍ വന്നത് എന്ന് ശ്രീഹരി വ്യക്തമാക്കുന്നു.
ജിനേഷ് ഇസ്രായേലിലേക്ക് പോകുന്നതിന്റെ മൂന്നുമാസം മുമ്പായിരുന്നു ഇത്. താമരശ്ശേരിയില്‍ ശ്രീഹരിയുടെ ഹോട്ടലിനടുത്തു വെച്ചായിരുന്നു കൂടിക്കാഴ്ച. വാഹനത്തില്‍ കയറ്റി കൊണ്ടുപോയി ഈ സംഘം ജിനേഷിനെ മര്‍ദ്ദിച്ചതായി രേഷ്മ പറഞ്ഞു. രേഷ്മയുടെ സാന്നിധ്യത്തിലാണ് ക്രൂരമായി മര്‍ദ്ദിച്ചത്. പിടിച്ചുമാറ്റാന്‍ നോക്കിയതിന് തുടര്‍ന്ന് രേഷ്മയുടെ കൈയ്ക്ക് പരുക്ക് ഉണ്ടായിരുന്നു. വാഹനത്തില്‍ നിന്ന് ചാടും എന്ന് പറഞ്ഞതോടെയാണ് സംഘം ജിനേഷനെ വിട്ടയക്കാന്‍ തയ്യാറായതെന്ന് രേഷ്മ പറഞ്ഞുവെന്ന് ശ്രീഹരി വ്യക്തമാക്കുന്നു.
രേഷ്മയുടെ മരണത്തിന് പിന്നില്‍ ഈ സംഘത്തിന്റെ ഭീഷണി ഉണ്ടാകാന്‍ സാധ്യതയും ശ്രീഹരി തള്ളുന്നില്ല്. തന്റെ കേസില്‍ പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ല എന്ന് രേഷ്മയോട് അന്ന് പറഞ്ഞിരുന്നുവെന്നും ശ്രീഹരി പറഞ്ഞു. ശ്രീഹരിയുടെ സുഹൃത്ത് ഈ സംഘത്തില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. ഇതിന്റെ പേരില്‍ ശ്രീഹരിയുടെ ഭാര്യയുടെ പേരിലുള്ള ബ്രസ കാര്‍ ബ്ലേഡ് മാഫിയ സംഘം ബലം പ്രയോഗിച്ച് തട്ടിയെടുത്തു. ഇതില്‍ നിയമ നടപടികള്‍ തുടരുകയാണ്.
ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പലതരത്തിലുള്ള ഭീഷണി സന്ദേശങ്ങളും ശ്രീഹരി നേരെയുണ്ടായി. വീട്ടുകാരെ പോലും അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് താന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നും ഭീഷണി തുടരുകയാണ്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ശ്രീഹരി വ്യക്തമാക്കി.
ജിനേഷിനെ ബ്ലേഡ് മാഫിയ ആക്രമിച്ചെന്നും രേഷ്മക്ക് ഭീഷണി ഉണ്ടായിരുന്നുവെന്നും ഇരുവരുടെയും അമ്മമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബത്തേരി സ്വദേശികളായ ബ്ലേഡ് മാഫിയ സംഘം ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമാണ് പരാതി. ബത്തേരി സ്വദേശികളായ മധു, മനു, സൂരജ് എന്നിവര്‍ക്കെതിരെയാണ് കുടുംബത്തിന്റെ പരാതി. പലരെയും സംഘം ഭീഷണിപ്പെടുത്തിയതായി മുന്‍പും പരാതിയുണ്ട്.
സാമ്പത്തിക ഇടപാടിന്റെ പേരില്‍ മകന്‍ മരിച്ച ശേഷവും രേഷ്മയെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പത്ത് വയസ്സുള്ള മകളെ അപായപ്പെടുത്തുമോ എന്ന ഭയമുണ്ടെന്നും കുടുംബം ആശങ്ക അറിയിക്കുന്നു. ഇതിനിടെ മധു ഉള്‍പ്പെടുന്ന സംഘം സാമ്പത്തിക ഇടപാടില്‍ താമരശ്ശേരി സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നു.
