ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ വ്യാജ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചു; മുന്‍ പ്രവാസിയില്‍ നിന്നും തട്ടിയെടുത്തത് ആറു കോടിയോളം രൂപ: കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത് പണം പിന്‍വലിക്കാന്‍ ശ്രമിച്ചതോടെ

ഓൺലൈൻ ട്രേഡിങ്ങിന് വ്യാജ ആപ്; മുൻ പ്രവാസിയുടെ 6 കോടി തട്ടിയെടുത്തു

Update: 2024-10-31 00:21 GMT

തിരുവനന്തപുരം: ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ വ്യാജ ആപ്പുകളില്‍ പണം നിക്ഷേപിച്ച മുന്‍ പ്രവാസിക്ക് നഷ്ടമായത് ആറു കോടിയോളം രൂപ. സ്ഥിരമായി ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്തിരുന്ന ആളാണ് കബളിപ്പിക്കലിന് ഇരയായത്. വ്യാജ ഷെയര്‍ മാര്‍ക്കറ്റ് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ച് പണം തട്ടുക ആയിരുന്നു. സ്ഥിരമായി ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്തിരുന്ന ഇദ്ദേഹത്തെ വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയും വിവിധ ഗ്രൂപ്പുകളില്‍ ചേര്‍ത്ത്, വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്യിപ്പിച്ച് വിശ്വാസം പിടിച്ചു പറ്റിയുമാണ് പണം തട്ടിയത്.

പല കമ്പനികളുടെ ട്രേഡിങ്ങിനായി വിവിധ പേരിലുളള അക്കൗണ്ടുകളിലേക്കു ലക്ഷക്കണക്കിനു രൂപ നിക്ഷേപിപ്പിക്കുകയും ചെയ്തു. വന്‍തുകകള്‍ ലാഭം കിട്ടിയതായി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരു മാസം കൊണ്ടാണ് തട്ടിപ്പു നടന്നത്. പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ലാഭത്തിന്റെ 20 ശതമാനം തുക വീണ്ടും നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രവാസി തട്ടിപ്പ് തിരിച്ചറിഞ്ഞത്.

ഒരു മാസക്കാലയളവില്‍ 6 കോടിയിലധികം രൂപയാണ് ഇത്തരത്തില്‍ തട്ടിയത്. സംശയം തോന്നി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. തുടര്‍ന്നു നാഷനല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി റജിസ്റ്റര്‍ ചെയ്തു. ദീര്‍ഘകാലം വിദേശത്ത് ഐടി മേഖലയില്‍ ജോലി നോക്കിയ ഇദ്ദേഹം ജോലിയില്‍ നിന്നും വിരമിച്ചശേഷം നാട്ടിലെത്തി രണ്ടു വര്‍ഷമായി ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ സജീവമായിരുന്നു.

ഈ അടുത്ത കാലത്തായി നിരവധി പേര്‍ക്കാണ് ഓണ്‍ലൈന്‍ ട്രെഡിങിന്റെ പേരില്‍ വ്യാജ ആപ്പുകളില്‍ കുടുങ്ങി പണം നഷ്ടമായത്. പ്രശസ്ത ട്രേഡിങ് കമ്പനികളുടെ വ്യാജപ്പതിപ്പുകള്‍ വഴി ധാരാളം പേരെ ഇത്തരത്തില്‍ തട്ടിപ്പില്‍ കുടുക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. പ്ലേസ്റ്റോറില്‍ നിന്നല്ലാതെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി കിട്ടുന്ന വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ 1930 എന്ന ഫോണ്‍ നമ്പരിലോ www.cybercrime.gov.in ലോ ഉടന്‍ പരാതി റജിസ്റ്റര്‍ ചെയ്യണമെന്നും പൊലീസ് നിര്‍ദേശിച്ചു.ഓണ്‍ലൈന്‍ ട്രെഡിങ്, വ്യാജ ആപ്പ്, പണം നഷ്ടമായി, ആറ് കോടി രൂപ, മുന്‍ പ്രവാസി, online trading

Tags:    

Similar News