ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം ചെമ്പാക്കി മാറ്റിയത് മുരാരി ബാബു; ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മാത്രമായി വിട്ടുകൊടുത്തത് ദേവസ്വം സെക്രട്ടറി ജയശ്രീ; ഒന്‍പത് ഉദ്യോഗസ്ഥര്‍ പ്രതികളായേക്കുമെനന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്; ശില്‍പത്തില്‍ പൂശിയത് പകുതി സ്വര്‍ണം മാത്രമെന്ന് ഹൈക്കോടതി ഉത്തരവിലും

ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം ചെമ്പാക്കി മാറ്റിയത് മുരാരി ബാബു

Update: 2025-10-10 13:31 GMT

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുമായി ബന്ധപ്പെട്ട് നടന്ന സ്വര്‍ണപ്പാളി വിവാദത്തില്‍ ഒന്‍പത് ഉദ്യോഗസ്ഥര്‍ പ്രതികളാകുമെന്ന് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ തലത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായും സ്വര്‍ണത്തെ ചെമ്പാക്കി മാറ്റുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

വിജിലന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച്, നിലവില്‍ സസ്‌പെന്‍ഷനിലായ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ് സ്വര്‍ണപ്പാളികള്‍ക്ക് പകരം 'ചെമ്പ്' എന്ന് രേഖപ്പെടുത്തി കള്ളക്കടത്തിന് കളമൊരുക്കിയത്. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടത് ദേവസ്വം സെക്രട്ടറി ജയശ്രീ ആണെന്നും കണ്ടെത്തലുണ്ട്. ജയശ്രീ, ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് തിരുത്തി, ദ്വാരപാലക ശില്‍പങ്ങള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പോറ്റിക്ക് മാത്രമായി വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ രണ്ട് തിരുവാഭരണം കമ്മിഷണര്‍മാര്‍ക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തിരുവാഭരണം കമ്മിഷണര്‍മാരായിരുന്ന കെ.എസ്. ബൈജു, കൃത്യമായ മഹസര്‍ റിപ്പോര്‍ട്ട് തയ്യാറാക്കാതെയും ശില്‍പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം മാത്രം വിട്ടുകൊടുത്തതിലും വീഴ്ച വരുത്തി. മറ്റൊരു തിരുവാഭരണം കമ്മിഷണറായ ആര്‍.ജി. രാധാകൃഷ്ണന്‍, ചെന്നൈയില്‍ വെച്ച് മഹസര്‍ തയ്യാറാക്കിയപ്പോള്‍ ഭാരവ്യത്യാസം ശ്രദ്ധിക്കുകയും ചെമ്പു മാത്രമാണെന്ന് അറിയുകയും ചെയ്തിട്ടും ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയോ പോറ്റിയെ തടയുകയോ ചെയ്യാതെ കള്ളത്തരത്തിന് കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.

ഇതുകൂടാതെ, കെ. സുനില്‍ കുമാര്‍ (അസിസ്റ്റന്റ് എഞ്ചിനീയര്‍), കെ സുധീഷ് കുമാര്‍ (എക്‌സിക്യൂട്ടീവ് ഓഫീസര്‍), ശ്രീകുമാര്‍ (പിന്നീട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍), രാജേന്ദ്ര പ്രസാദ് (പിന്നീട് എക്‌സിക്യൂട്ടീവ് ഓഫീസര്‍), കെ. രാജേന്ദ്രന്‍ (പിന്നീട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍) എന്നിവരും ഈ ക്രമക്കേടില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിജിലന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇവരെ പ്രതി ചേര്‍ത്ത് കേസെടുക്കാനും വിശദമായി ചോദ്യം ചെയ്യാനും വിജിലന്‍സ് ശുപാര്‍ശ ചെയ്യുന്നു. ഈ തട്ടിപ്പില്‍ നിന്ന് ഇവര്‍ക്ക് സാമ്പത്തിക നേട്ടം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

ശില്‍പത്തില്‍ പൂശിയത് പകുതി സ്വര്‍ണം മാത്രമെന്ന് ഹൈക്കോടതി

പാളി സ്വര്‍ണം പൂശാന്‍ കൊണ്ടുപോയപ്പോള്‍ സ്വര്‍ണവും ചെമ്പും വേര്‍തിരിച്ചെന്നും സ്വര്‍ണത്തിന്റെ പകുതി മാത്രമാണ് പൂശിയതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ദ്വാരപാലക ശില്പങ്ങള്‍ക്കും അനുബന്ധ ഫ്രെയിമുകള്‍ക്കും സ്വര്‍ണം പൂശാനായി കൊണ്ടുവന്നപ്പോള്‍, രാസലായനി ഉപയോഗിച്ച് ചെമ്പും സ്വര്‍ണവും വേര്‍തിരിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആകെ 989 ഗ്രാം സ്വര്‍ണമാണ് ഈ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുത്തത്.

ഇതില്‍ പറയുന്നതനുസരിച്ച്, സ്വര്‍ണം പൂശാനായി 404.8 ഗ്രാം സ്വര്‍ണം മാത്രമാണ് ഉപയോഗിച്ചത്. സ്മാര്‍ട്ട് ക്രിയേഷന്‍സിന് പ്രതിഫലമായി 109.243 ഗ്രാം സ്വര്‍ണവും കൈമാറി. ഇതിനുശേഷം 474.9 ഗ്രാം സ്വര്‍ണം മിച്ചമുണ്ടായിരുന്നതായും ഉത്തരവില്‍ പറയുന്നു. ഈ ബാക്കിയുണ്ടായിരുന്ന സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചെങ്കിലും, അത് ദേവസ്വം ബോര്‍ഡിനെ തിരികെ ഏല്‍പ്പിച്ചിട്ടില്ലെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്. സ്വര്‍ണക്കവചം മാറ്റിയതുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ അനുമതി തേടിയിരുന്നില്ല. എക്‌സിക്യൂട്ടീവ് ഓഫീസറുടെ കത്തില്‍ വാതില്‍ കവചങ്ങളെ 'സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുപാളികള്‍' എന്ന് രേഖപ്പെടുത്തിയപ്പോള്‍, ദേവസ്വം കമ്മീഷണറുടെ ശുപാര്‍ശയില്‍ 'ചെമ്പുപാളികള്‍' എന്ന് മാത്രമാണ് പരാമര്‍ശിച്ചിരുന്നത്. ബോര്‍ഡ് തീരുമാനത്തിലും തയ്യാറാക്കിയ മഹസറിലും ഇത് 'ചെമ്പുപാളികള്‍' എന്ന് തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പൊരുത്തക്കേട് അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.

Tags:    

Similar News