ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു; ശ്രീറാംപുരയിലെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് 176 ഗ്രാമിന്റെ സ്വര്‍ണാഭരണങ്ങള്‍; ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായി വിവരങ്ങള്‍; പ്രത്യേക അന്വേഷണ സംഘം സ്മാര്‍ട് ക്രിയേഷന്‍സിലും പരിശോധന നടത്തി

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു

Update: 2025-10-25 14:12 GMT

ബെംഗളൂരു: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു. ശ്രീറാംപുരയിലെ വീട്ടില്‍ നിന്ന് 176 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങള്‍. പിടിച്ചെടുത്ത സ്വര്‍ണം ആഭരണങ്ങളാണ്.

ബെംഗളൂരു ശ്രീറാംപുരയിലുള്ള കോത്താരി മാന്‍ഷനിലെ നാലാം നിലയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കുടുംബവുമൊത്ത് താമസിക്കുന്നത്. എസ്‌ഐടി സംഘം രാവിലെ തന്നെ ഇവിടെ എത്തി പരിശോധന ആരംഭിച്ചിരുന്നു. നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം ചെന്നൈയിലും എത്തിയിരുന്നു. പണിക്കൂലിയായി നല്‍കിയ 109 ഗ്രാം സ്വര്‍ണം തിരിച്ചെടുക്കുന്നതിനായി സ്മാര്‍ട് ക്രിയേഷന്‍സില്‍ അന്വേഷണസംഘം പരിശോധന നടത്തി.

ചെന്നൈയിലെ പരിശോധന കൂടാതെ ബെല്ലാരി, ബെംഗളൂരു എന്നിവടങ്ങളിലും പരിശോധന നടത്തി. സ്മാര്‍ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രണ്ട് വാഹനങ്ങളിലായാണ് അന്വേഷണസംഘം എത്തിയത്. പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതലയുള്ള എസ്പി ശശിധരന്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ളാറ്റില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. സ്വര്‍ണാഭരണങ്ങളായി കണ്ടെത്തിയിട്ടുള്ള സ്വര്‍ണം ഏതെങ്കിലും തരത്തില്‍ ശബരിമലയില്‍ നിന്ന് കാണാതായ സ്വര്‍ണവുമായി ബന്ധമുണ്ടോ എന്നതില്‍ അന്വേഷണം തുടരുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന് വിറ്റ 476 ഗ്രാം സ്വര്‍ണം അന്വേഷണസംഘം കഴിഞ്ഞദിവസം തിരിച്ചെടുത്തിരുന്നു.

2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് കൊല്ലത്തോളമായതിനാല്‍ അന്ന് കാണാതായ രീതിയില്‍ തന്ന സ്വര്‍ണം വീണ്ടെടുക്കുന്നത് പ്രായോഗികമല്ല എന്ന നിഗമനത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. സ്വര്‍ണത്തിന് രൂപമാറ്റം സംഭവിച്ചിട്ടുണ്ടാകാമെന്നതിനാല്‍ കാണാതായ സ്വര്‍ണത്തിന് തത്തുല്യമായ അളവിലുള്ള സ്വര്‍ണം വീണ്ടെടുക്കുകയാണ് അന്വേഷണസംഘത്തിന്റെ ചുമതല. അന്വേഷണത്തില്‍ പരമാവധി രഹസ്യസ്വഭാവം പരിശോധനസംഘം സൂക്ഷിക്കുന്നതിനാല്‍ അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാന്‍ താമസം നേരിടുമെന്നാണ് സൂചന.

അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തും വ്യാപാരിയുമായ ഗോവര്‍ദ്ധന്റെ ബെല്ലാരിയിലെ റൊദ്ദം ജുവലറിയില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തിരുന്നു.

500 ഗ്രാമിലേറെ ഭാരം വരുന്ന സ്വര്‍ണക്കട്ടികളാണ് കസ്?റ്റഡിയിലെടുത്തത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊളളയില്‍ പങ്കില്ലെന്നും അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ടെന്നും ഗോവര്‍ദ്ധന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്നാണ് ഗോവര്‍ദ്ധന്‍ പറഞ്ഞത്. ഗോവര്‍ദ്ധന്റെ ബെല്ലാരിയിലെ വീട്ടിലെത്തിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.

വേര്‍തിരിച്ച സ്വര്‍ണം പോറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കല്‍പ്പേഷ് എന്നയാളിന് നല്‍കിയെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഗോവര്‍ദ്ധന്‍ തന്നെയാണോ കല്‍പേഷ് എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്. കല്‍പ്പേഷിനെ തേടിയുള്ള അന്വേഷണമാണ് ഗോവര്‍ദ്ധനിലെത്തിയത്. കല്‍പേഷാണ് ഗോവര്‍ദ്ധന്‍ എന്നാണ് നിഗമനം. പോറ്റിയുടെ ബംഗളുരുവിലെ വസതിയിലും സ്വര്‍ണപ്പാളികള്‍ പ്രദര്‍ശിപ്പിച്ച് പണം വാങ്ങിയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും.

Tags:    

Similar News