ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാര്‍; പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചന; മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികളുടെ മൊഴിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് എതിര്; സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നും ആരോപണം; പത്മകുമാറിന്റെ അറസ്റ്റ് ഉടന്‍?

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാര്‍

Update: 2025-11-20 02:45 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ നിര്‍ണായക നീക്കത്തിലേക്ക് കടക്കാന്‍ പ്രത്യേക അന്വേഷണം സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ അറസ്റ്റു ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ(എസ്ഐടി) നീക്കം. കേസില്‍ പത്മകുമാറിന്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് സൂചനകള്‍.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാറാണെന്നാണ്. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ശേഖരിക്കാനുള്ളതിനാലാണ് പത്മകുമാറിന്റെ അറസ്റ്റ് വൈകാന്‍ കാരണമായതെന്നും എസ്ഐടി വൃത്തങ്ങള്‍ പറയുന്നു. തെളിവു ശേഖരണം പൂര്‍ത്തിയാക്കിയാല്‍ മണ്ഡലകാലത്ത് തന്നെ പത്മകുമാറിന്റെ അറസ്റ്റുണ്ടാകും.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് വിവരം. മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. ഇത് സിപിഎം നേതാവിന് കുരുക്കാണ്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം എസ്ഐടി വിശദമായി അന്വേഷിച്ചുവരികയാണ്.

സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി എ. പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്ഐടി നോട്ടീസ് നല്‍കിയിരുന്നു. എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്.

സ്വര്‍ണം ചെമ്പാക്കി മാറ്റിയ സംഭവത്തില്‍ പത്മകുമാര്‍ കൂട്ടുനിന്നുവെന്നും, സ്വര്‍ണം 'ചെമ്പ്' എന്ന് രേഖപ്പെടുത്തി പുറത്തേക്ക് കടത്താന്‍ സഹായിച്ചുവെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തല്‍. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത 2019-ലെ ബോര്‍ഡിന്റെ മിനിറ്റ്‌സ് രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് ഈ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. ബോര്‍ഡ് അംഗമായിരുന്ന ശങ്കര്‍ ദാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ വിഷയത്തില്‍ നിര്‍ണായക പങ്കുണ്ടെന്നും, ഇവര്‍ ബോധപൂര്‍വമായാണ് മിനിറ്റ്‌സില്‍ ഒപ്പിട്ടിരിക്കുന്നതെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.

പത്മകുമാര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്ന സംശയവും നിലവിലുണ്ട്. പോറ്റി പത്മകുമാറിന്റെ ബിനാമിയായി പ്രവര്‍ത്തിച്ചു എന്നതിന് നേരത്തെ മൊഴികള്‍ ലഭിച്ചിരുന്നതായും, ഇത് സാക്ഷ്യപ്പെടുത്തുന്ന തെളിവുകള്‍ നിലവില്‍ എസ്‌ഐടിയുടെ പക്കലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും എ. പത്മകുമാര്‍ ഇതുവരെ എത്തിയിട്ടില്ല. സമയം പൂര്‍ത്തിയായ സാഹചര്യത്തില്‍ അന്വേഷണ സംഘം പുതിയ നോട്ടീസ് നല്‍കാനൊരുങ്ങുകയാണ്. നോട്ടീസിന് ശേഷവും ഹാജരായില്ലെങ്കില്‍ പത്മകുമാറിനെ കസ്റ്റഡിയില്‍ എടുക്കാന്‍ തന്നെയാണ് എസ്‌ഐടിയുടെ തീരുമാനം.

ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍.

ശബരിമലയിലെ സ്വര്‍ണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് ടകഠ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് ആണ് പത്മകുമാറിന് കുരുക്കായത്. കേസില്‍ നേരത്തെ അറസ്റ്റിലായ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനായി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. 2019 ല്‍ ശബരിമലയിലെ കട്ടിളപ്പാളി കൈമാറ്റം ചെയ്യുമ്പോള്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ ആണെന്നാണ് എന്‍ വാസുവിന്റെ മൊഴി.

Tags:    

Similar News