വിജനമായ സ്ഥലം ലഹരിമരുന്ന് സംഘത്തിന്റെ താവളം; രാത്രിയിൽ എക്സൈസിന്റെ രഹസ്യ റെയ്‌ഡ്; ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറ്; ശേഷം വാഹനങ്ങൾ ഉപേക്ഷിച്ച് സംഘം സ്ഥലം വിട്ടു; കണ്ടെടുത്തത് 'എസ്' കത്തിയും കഞ്ചാവും

Update: 2024-11-13 09:56 GMT

മാവേലിക്കര: വിജനമായ സ്ഥലത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. മാവേലിക്കര കണ്ണമംഗലം -ആറാട്ടുകുളം റോഡിൽ വിജനമായ സ്ഥലത്താണ് സാമൂഹ്യ വിരുദ്ധർ താവളമാക്കിയത്. ഇവിടെ കഞ്ചാവും മറ്റ് ലഹരി മരുന്നുകളും ഉപയോഗിക്കുന്നതിനായി നിരവധി പേരാണ് എത്തിയിരുന്നത്. പരാതിയെ തുടർന്ന് കുറച്ച് ദിവസങ്ങളായി എക്സൈസ് ഈ പ്രദേശത്തെ നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഇവിടം ലഹരിമരുന്ന് സംഘം താവളമാണെന്ന് ഉറപ്പായതോടെ എക്സൈസ് നടപടിക്കൊരുങ്ങുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ എക്സൈസ് സംഘം പിടിച്ചെടുത്തത് മാരകായുധങ്ങളും ലഹരി മരുന്നും.

എക്സൈസ് സംഘം റെയ്ഡിനെത്തിയതോടെ സ്ഥലത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർ വാഹനങ്ങൾ ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. ബുള്ളറ്റ്, സ്‌കൂട്ടർ, ബൈക്കുകൾ എന്നിവയാണ് സംഘം ഉപേക്ഷിച്ച് കടന്നത്. ശേഷം എക്സൈസ് സംഘം വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നും, മാരകായയുധങ്ങളും കണ്ടെടുത്തു. പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ സംഘം ആക്രമണത്തിനും മുതിർന്നു.

പിടിച്ചെടുത്ത വാഹനങ്ങളിൽ നിന്നും 39 ഗ്രാം കഞ്ചാവും, എസ് ആകൃതിയിലുള്ള ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി എസ് കൃഷ്ണരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് സംഘത്തെകണ്ട് കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്നവർ ഓടി രക്ഷപ്പെട്ടു.

ഓടുന്നതിനിടയിൽ എക്സൈസ് സംഘത്തിന് നേരെ അക്രമികൾ കല്ലുകൾ എറിഞ്ഞു പരിക്കേൽപ്പിക്കാനും ശ്രമം നടന്നിരുന്നു. കഞ്ചാവ് ഉപയോഗിച്ചവരെ പറ്റി വിവരം ലഭിച്ചതായും ഇവരെ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം ആരംഭിച്ചതായും എക്സൈസ് വിശദമാക്കി. കൂടാതെ എത്രയും പെട്ടന്ന് പ്രതികളെ പിടികൂടാനാവുമെന്നാണ് എക്സൈസ് പറയുന്നത്.

Tags:    

Similar News