മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളോ കിട്ടാതെ കൊലപാതക കേസില്‍ വിധി വരുന്നത് സംസ്ഥാനത്ത് ആദ്യം; ഷാബാ ശരീഫ് വധക്കേസില്‍ നിര്‍ണായകമായത് ശാസ്ത്രീയ- സാഹചര്യ- സൈബര്‍ തെളിവുകള്‍; അന്വേഷണ സംഘത്തിന്റെ മികവിന് കയ്യടി
ഷാബാ ശരീഫ് വധക്കേസില്‍ നിര്‍ണായകമായത് ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും സൈബര്‍ തെളിവുകളും
മലപ്പുറം: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മൃതദേഹമോ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളോ ലഭിക്കാതെ കൊലപാതക കേസില്‍ വിധി വരുന്നത്. കൊല്ലപ്പെട്ട ഷാബ ഷെരീഫിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും സൈബര്‍ തെളിവുകളുമാണ് കേസില്‍ നിര്‍ണായകമായത്.
ഷാബ ഷെരീഫിനെ ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും അന്വേഷണസംഘം കണ്ടെത്തി. മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയുടെ പൈപ്പ്, നവീകരിച്ച ശുചിമുറിയില്‍ നിന്ന് നീക്കം ചെയ്ത ടൈല്‍, മണ്ണ്, സിമന്റ് എന്നിവയില്‍ നിന്നുമായി ലഭിച്ച രക്തക്കറ, ചാലിയാര്‍ പുഴയില്‍ എടവണ്ണ ഭാഗത്ത് തിരച്ചിലിനിടെ കണ്ടെത്തിയ എല്ല്, മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച ഷൈബിന്റെ ഹോണ്ടാ സിറ്റി കാറില്‍ നിന്ന് ലഭിച്ച മുടി, മൃതദേഹം വെട്ടിനുറുക്കാനുപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി എന്നിവയാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനായ നിര്‍ണായക തെളിവുകള്‍.
കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ മൃതദേഹത്തിനായി ചാലിയാര്‍ പുഴയില്‍ നാവിക സേനയെ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി തിരച്ചില്‍ നടത്തിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഷൈബിന്റെ വീട്ടില്‍ നിന്നും മൃതദേഹം തള്ളിയ ചാലിയാര്‍ പുഴയിലെ എടവണ്ണ സീതീഹാജി പാലത്തിന് സമീപത്തുനിന്നും കണ്ടെടുത്ത ഫോറന്‍സിക് തെളിവുകളും നിര്‍ണായകമായി. തൃശ്ശൂര്‍ ഫോറന്‍സിക് ലാബില്‍ നിന്ന് ലഭിച്ച പരിശോധന റിപ്പോര്‍ട്ടും കുറ്റാരോപണം തെളിയിക്കുന്നതിന് ഉതകുന്നതായി. മുടിയുടെയും രക്തക്കറയുടെ ഡിഎന്‍എ ഫലവും വഴിത്തിരിവായി.
ഡിഎന്‍എ സാമ്പിളുകള്‍ ഷാബാഷെരീഫിന്റെ രക്തബന്ധുക്കളുടേതിന് സമാനമാണ്. സാഹചര്യ തെളിവുകളും തൊണ്ടിമുതലുകളും ഉപയോഗപ്പെടുത്തി കൊലപാതകം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചു. 2020 ഒക്ടോബറില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാനും മുഖ്യപ്രതിയടക്കമുള്ളവരെ പിടികൂടാനും എണ്‍പത്തി എട്ടാം ദിവസം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനായതും കഴിഞ്ഞത് പൊലീസിന്റെ അന്വേഷണ മികവാണ്.
കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള 9 പേരും പിടിയിലായി. ഏഴാം പ്രതിയായിരുന്ന ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദിനെ മാപ്പുസാക്ഷിയാക്കി. പിടികിട്ടാന്‍ ബാക്കിയുണ്ടായിരുന്ന രണ്ട് പ്രതികളില്‍ ഒരാളായ ഫാസില്‍ ഗോവയില്‍ മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിലാണ്.
മൈസൂരൂവിലെ പാരമ്പര്യവൈദ്യന്‍ ഷാബ ശരീഫ് വധക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ആണ് കണ്ടെത്തിയത്. ഒന്നാം പ്രതി നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി വീട്ടില്‍ ഷൈബിന്‍ അഷ്റഫ് (37), രണ്ടാം പ്രതിയും ഷൈബിന്റെ മാനേജരുമായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (39), ആറാം പ്രതിയും ്രൈഡവറുമായ മുക്കട്ട നടുത്തൊടിക നിഷാദ് (32) എന്നിവരെയാണ് ജഡ്ജ് എം തുഷാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.
15 പ്രതികളുള്ള കേസില്‍ കേസില്‍ ഒമ്പത് പേരെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. നിലമ്പൂര്‍ പൂളക്കുളങ്ങര വീട്ടില്‍ ഷബീബ് റഹ്‌മാന്‍ (33), വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷെഫീഖ് (31), ചന്തക്കുന്ന് കൂത്രാടന്‍ മുഹമ്മദ് അജ്മല്‍ (33), നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി വീട്ടില്‍ സുനില്‍ (43), റിട്ട. എസ് ഐ വയനാട് സുല്‍ത്താന്‍ ബത്തേരി കൊളേരി ശിവഗംഗ വീട്ടില്‍ എസ് സുന്ദരന്‍ (63), വണ്ടൂര്‍ മുത്തശ്ശിക്കുന്ന് കാപ്പില്‍ വീട്ടില്‍ കെ മിഥുന്‍ (30), വണ്ടൂര്‍ പുളിക്കാട്ടുപടി പാലപ്പറമ്പില്‍ കൃഷ്ണപ്രസാദ് (29), ഒന്നാം പ്രതി ഷൈബിന്റെ ഭാര്യ കൈപ്പഞ്ചേരി ഫസ്ന (31), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് വീട്ടില്‍ അബ്ദുല്‍ വാഹിദ് (29) എന്നിവരെയാണ് വെറുതെ വിട്ടത്. കേസിലെ ഏഴാംപ്രതി നൗഷാദിനെ മാപ്പു സാക്ഷിയാക്കിയിരുന്നു. 14ാം പ്രതിയായ ഫാസില്‍ വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. 15ാം പ്രതിയായ നിലമ്പൂര്‍ മുക്കട്ട പഴയ പോസ്റ്റ് ഓഫിസിന് സമീപത്തെ ഷമീം എന്ന പൊരി ഷമീമിനെ ഇതുവരെ പിടികൂടാനായിട്ടില്ല.
ഡിഎന്‍എ ഉള്‍പ്പെടെയുള ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്. 2019 ആഗസ്റ്റ് ഒന്നിന് മൂലക്കുരു ചികിത്സയുടെ രഹസ്യം ചോര്‍ത്താന്‍ ഷാബാ ശരീഫിനെ മൈസൂരുവിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന് മുക്കട്ടയിലെ ഷൈബിന്റെ വീട്ടില്‍ താമസിപ്പിച്ചെന്നും 2020 ഒക്ടോബര്‍ എട്ടിന് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കില്‍ക്കെട്ടി ചാലിയാറില്‍ ഒഴുക്കിയെന്നുമാണ് കേസ്. ഷാബാ ഷെരീഫിന്റെ ഭാര്യ, മക്കള്‍, പേരക്കുട്ടി, സഹോദരന്‍ എന്നിവരുള്‍പ്പടെ കേസില്‍ 80 സാക്ഷികളെ വിസ്തരിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, തടവില്‍ പാര്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.