ഒരിക്കല്‍ പോലും സംശയം തോന്നാത്ത മാന്യമായ ഇടപെടലുകള്‍; രണ്ടുവര്‍ഷം മുമ്പ് ഫോണ്‍ വഴി 'ഡാനിയലിനെ' പരിചയപ്പെട്ട നിമിഷത്തെ ശപിച്ച് കൊച്ചിയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ഉടമ; വ്യാജ ട്രേഡിങ് ആപ്പ് വഴി തട്ടിയെടുത്തത് 25 കോടി; രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ തട്ടിപ്പുകളില്‍ ഒന്നെന്ന് പൊലീസ്

ഷെയര്‍ ട്രേഡിംഗ് ആപ്പ് വഴി 25 കോടി രൂപയുടെ വന്‍ സൈബര്‍ തട്ടിപ്പ്

Update: 2025-09-01 17:31 GMT

കൊച്ചി: ഷെയര്‍ ട്രേഡിംഗ് ആപ്പ് വഴി 25 കോടി രൂപയുടെ വന്‍ സൈബര്‍ തട്ടിപ്പിന് ഇരയായി കൊച്ചിയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ഉടമ. രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ തട്ടിപ്പുകളില്‍ ഒന്നാണിത്. തട്ടിപ്പിനിരയായ വ്യക്തിയുടെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇരട്ടി ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. നഗരത്തിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഉടമയാണ് തട്ടിപ്പിന് ഇരയായത്. വ്യാജ ട്രേഡിങ് ആപ്പ് ഉപയോഗിച്ച് പ്രതികള്‍ ഇദ്ദേഹത്തില്‍ നിന്ന് വലിയ തുക നിക്ഷേപമായി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് ലാഭവിഹിതം നല്‍കാതെ വഞ്ചിക്കുകയായിരുന്നു.

എളംകുളം കുമാരനാശാന്‍ നഗറില്‍ താമസിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ഉടമയെയാണ് 'ഡാനിയല്‍' എന്ന് പരിചയപ്പെടുത്തിയ വ്യക്തി ഫോണില്‍ ബന്ധപ്പെട്ട് തട്ടിപ്പിന് ഇരയാക്കിയത്. 2023 മാര്‍ച്ചില്‍ തുടങ്ങിയ ബന്ധം ടെലഗ്രാമിലേക്ക് മാറിയെന്നും, Capitalix bot എന്ന അക്കൗണ്ട് വഴിയുള്ള ചാറ്റിംഗിന് ശേഷം www.capitalix.com എന്ന ട്രേഡിംഗ് വെബ്‌സൈറ്റ് വഴി പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

ഈ വെബ്‌സൈറ്റില്‍ ഏകദേശം 24 കോടി 76 ലക്ഷം രൂപയാണ് പരാതിക്കാരന്‍ വിവിധ സമയങ്ങളിലായി നിക്ഷേപിച്ചത്. ഓരോ തവണയും പണം വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് അയച്ചിരുന്നത്. രണ്ട് വര്‍ഷത്തിനിടയില്‍ 25 കോടി രൂപയോളം നിക്ഷേപിച്ചെങ്കിലും, പരാതിക്കാരന് ലഭിച്ചത് ഒന്നരക്കോടി രൂപ മാത്രമാണ്. വാഗ്ദാനം ചെയ്ത ലാഭം ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്. തട്ടിപ്പുകാരുടെ ഇടപെടലുകളില്‍ ഒരിക്കല്‍ പോലും സംശയം തോന്നിയിരുന്നില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചു.

സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ ഏജന്‍സികള്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും ഇത്തരം തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നത് ആശങ്കയുളവാക്കുന്നു. ഈ കേസിന്റെ തുടര്‍ നടപടികള്‍ക്കായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Tags:    

Similar News