ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പുറമേ മറ്റൊരു നടനും നിരീക്ഷണത്തില്‍; ഈ താരം ആലപ്പുഴക്കാരന്‍ അല്ലെന്ന സൂചന നല്‍കി എക്‌സൈസ്; തസ്ലീമയ്ക്ക് പെണ്‍വാണിഭവും; സ്വര്‍ണ്ണ കടത്തില്‍ 2017ല്‍ തീഹാര്‍ ജയിലിലും കിടന്നു; നടന്മാര്‍ക്ക് ലഹരിക്കൊപ്പം മറ്റു പലതും എത്തിച്ചു കൊടുത്തുവെന്ന് സൂചന; ആ യുവതികള്‍ നല്‍കിയ് നിര്‍ണ്ണായക മൊഴി
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവു കേസില്‍ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം മൂന്നാമതൊരു നടന്‍ കൂടി നിരീക്ഷണത്തില്‍. ശ്രീനാഥ് ഭാസിയേയും ഷൈന്‍ ടോം ചാക്കോയേയും എക്സൈസ് സംഘം ചോദ്യംചെയ്യും. തിങ്കളാഴ്ച ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കി. ഇതില്‍ താന്‍ മയക്കു മരുന്ന് അടിക്കാറുണ്ടെന്ന് ഷൈന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസി എന്ത് പറയുമെന്ന് ആര്‍ക്കും അറിയില്ല. കൊച്ചിയിലെ ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അവിടെ പോലീസിനു മുന്നില്‍ ഹാജരായ ഷൈന്‍, ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവെത്തിച്ചത് മറ്റൊരു നടനുവേണ്ടിയാണെന്നു മൊഴി നല്‍കിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. സംശയത്തിലുള്ള നടന്‍ ആലപ്പുഴക്കാരന്‍ അല്ലെന്നാണ് റിപ്പോര്‍ട്ട്. ഷൈനിന്റെ മൊഴി എടുത്ത ശേഷം ഈ നടനേയും എക്‌സൈസ് വിളിപ്പിക്കും. ഹൈബ്രിഡ് കഞ്ചാവുകടത്തു കേസില്‍ ആലപ്പുഴയില്‍ അറസ്റ്റിലായവര്‍ പെണ്‍വാണിഭ സംഘത്തിലെയും പ്രധാനികളെന്ന് എക്‌സൈസിനു സൂചന ലഭിച്ചു. സ്വര്‍ണം-കഞ്ചാവ് കടത്തിനൊപ്പം പെണ്‍വാണിഭവും നടത്തിയിരുന്നുവെന്നാണ് ഇവരെ ചോദ്യംചെയ്തതില്‍നിന്നു ലഭിച്ച വിവരം. ഇക്കാര്യം പോലീസിനേയും എക്‌സൈസ് അറിയിക്കും.
ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് കഞ്ചാവുമായി പിടിയിലായ തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന), ഷൈനിനെയും ശ്രീനാഥ് ഭാസിയെയും പരിചയമുണ്ടെന്നു സമ്മതിച്ചിരുന്നു. ഇവരുമായുള്ള ഫോണ്‍വിളികളും ചാറ്റുകളും കണ്ടെത്തുകയും ചെയ്തു. ശ്രീനാഥ് ഭാസിയുമായാണ് തസ്ലിമ കൂടുതല്‍ ബന്ധപ്പെട്ടത്. കഞ്ചാവ് ഇടപാടു സംബന്ധിച്ച് തെളിവു കിട്ടിയില്ലെങ്കിലും ചാറ്റുകള്‍ സംശയകരമായതിനാലാണ് ചോദ്യംചെയ്യുന്നത്. ശേഖരിച്ചുവെക്കുന്നതിനായാണ് ആലപ്പുഴയിലേക്ക് മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികള്‍ എക്സൈസിനോടു പറഞ്ഞത്. എന്നാല്‍, വില്‍ക്കുന്നതിനാണെന്നാണ് എക്‌സൈസ് വിലയിരുത്തല്‍. ആറുകിലോ ഹൈബ്രിഡ് കഞ്ചാവാണ് വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്നത്. അതില്‍ മൂന്നുകിലോയാണ് ആലപ്പുഴയില്‍നിന്നു പിടിച്ചത്. ബാക്കി മൂന്നുകിലോ എവിടെയെന്നും അറിയില്ല. തസ്ലീമയുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ മൂന്നു യുവതികളെ കഴിഞ്ഞദിവസം കൊച്ചിയില്‍നിന്ന് ആലപ്പുഴയില്‍ വിളിച്ചുവരുത്തി എക്‌സൈസ് ചോദ്യംചെയ്തിരുന്നു. തസ്ലിമയുടെ സുഹൃത്തുക്കളാണെന്നാണ് ഇവര്‍ ആദ്യം പറഞ്ഞതെങ്കിലും പിന്നീട് നിലപാടു മാറ്റി. കഞ്ചാവുള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ നല്‍കി പ്രതികള്‍ തങ്ങളെ അനാശാസ്യത്തിലേക്കു നയിച്ചെന്നും ദുരുപയോഗം ചെയ്‌തെന്നും മൊഴി നല്‍കി. ഇതോടെ കേസ് പുതിയ തലത്തിലേക്ക് പോവുകയാണ്. തസ്ലീമയ്‌ക്കെതിരെ നേരത്തേയും പീഡന കേസ് ഉണ്ടായിരുന്നു. എക്‌സൈസ് കസ്റ്റഡിയിലുള്ള തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന-41), ഇവരുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി (43), കെ. ഫിറോസ് (26) എന്നിവരെ ചോദ്യംചെയ്യുന്നതു തുടരുകയാണ്.
സിനിമ നടന്‍മാരുമായുള്ള ബന്ധം തെളിയിക്കുന്ന മൊഴികളും ഡിജിറ്റല്‍ തെളിവുകളും പ്രതികളില്‍ നിന്ന് കിട്ടി. നടന്‍മാരായ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ ചലച്ചിത്രമേഖലയിലെ മറ്റു ചിലര്‍ എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ച് തസ്ലീമ മൊഴി നല്‍കി. ഹൈബ്രിഡ് കഞ്ചാവ് കേരളത്തില്‍ എത്തിച്ചിട്ട് നാല് മാസമായെന്നും വില ചേരാത്തതിനാല്‍ പല സ്ഥലങ്ങളിലായി സൂക്ഷിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി. വാട്‌സാപ്പ് ചാറ്റുകള്‍, ഫോണ്‍ വിളികളുടെ വിവരങ്ങള്‍ , സിനിമ മേഖലയിലെ നിരവധി പേരുടെ ഫോണ്‍ നമ്പറുകള്‍ എന്നിവ എക്‌സൈസിന് ലഭിച്ചു. നടന്‍മാരായ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരെ കൂടാതെ ചലചിത്ര മേഖലയിലെ മറ്റു ചിലരുമായി അടുത്ത ബന്ധമുണ്ടെന്ന് തസ്ലിമ മൊഴി നല്‍കി. ഇത് സൂചിപ്പിക്കുന്ന ഫോണ്‍ രേഖകളും കിട്ടി. പെണ്‍വാണിഭ റാക്കറ്റുമായി ബന്ധ മുള്ള ആളാണ് തസ്ലീമ എന്നതിനാല്‍ ലഹരി ഇടപാടിന് തന്നെയാണോ ഇവരുമായി ബന്ധപ്പെട്ടത് എന്നത് ഉറപ്പിക്കേണ്ടതുണ്ട്. അതായത് നടന്മാര്‍ക്ക് മറ്റ് പല സഹായവും ഇവര്‍ ചെയ്തുവെന്നാണ് വിലയിരുത്തല്‍.
ശ്രീനാഥ് ഭാസിയുമായുള്ളത് വാട്‌സാപ്പ് ചാറ്റുകളും ഷൈന്‍ ടോം ചാക്കോയുമായുള്ളത് ഫോണ്‍വിളികളുമാണ്. മൊഴികളില്‍ വ്യക്തത വരാന്‍ ഡിലിറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കണം. 2017 ല്‍ സ്വര്‍ണക്കടത്തിന് തസ്ലീമ തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയൊട്ടാകെ കണ്ണികളുള്ള സ്വര്‍ണക്കടത്ത് ശ്യംഖലയില്‍പ്പെട്ടവരാണ് ഇരുവരും. ദുബായില്‍ നിന്ന് മലേഷ്യ വഴിയാണ് സ്വര്‍ണം കടത്തുന്നത്.എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുടെ അടക്കം സഹായം സ്വര്‍ണക്കടത്തിന് കിട്ടിയിട്ടുണ്ടെന്നും സുല്‍ത്താന്‍ അക്ബര്‍ അലി വെളിപ്പെടുത്തി. ഇടപ്പള്ളിയില്‍ ഒരു ലോഡ്ജില്‍ ഹൈബ്രിഡ് സൂക്ഷിച്ച സമയത്ത് അവിടെ പൊലിസ് പരിശോധന ഉണ്ടായപ്പോള്‍ ഒരു സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റി. തുടര്‍ന്ന് വീണ്ടും ഒരു ലോഡ്ജിലേക്ക് മാറ്റി. ഹൈബ്രിഡ് കഞ്ചാവ് വില്‍പന നടക്കും വരെ സൂക്ഷിക്കാനാണ് പിടിയിലായ ഫിറോസിനെ വരുത്തിയത്. ഒരു ലക്ഷം രൂപയായിരുന്നു കഞ്ചാവ് സൂക്ഷിക്കുന്നതിന് ഫിറോസിനുള്ള പ്രതിഫലം. ഫിറോസിന്റെ പക്കല്‍ ഏല്‍പ്പിക്കുന്നതിന് അലപ്പുഴയ്ക്ക് കഞ്ചാവ് കൊണ്ടു വരുമ്പോഴാണ് പിടിയിലായത്.