വെള്ള തുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയില്‍ മൃതദേഹങ്ങള്‍; കോഴിക്കോട് വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം; ഇരുവരെയും കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കാണാതായ സഹോദരനായി തിരച്ചില്‍

കോഴിക്കോട്ടെ സഹോദരിമാരുടെ മരണം കൊലപാതകം

Update: 2025-08-09 14:45 GMT

കോഴിക്കോട്: വാടകവീട്ടില്‍ രണ്ട് സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. സഹോദരിമാരെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കരിക്കാംകുളത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന മൂഴിക്കല്‍ മൂലക്കണ്ടി ശ്രീജയ(71), സഹോദരി 68 വയസുള്ള പുഷ്പലളിത എന്നിവരാണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന ഇളയ സഹോദരന്‍ പ്രമോദിനെ കണ്ടെത്താനായില്ല. മൂന്നു പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സഹോദരി മരിച്ചെന്ന് പ്രമോദാണ് ബന്ധുക്കളെ വിളിച്ചറിയിച്ചത്.

കരിക്കാംകുളം ഫ്‌ലോറിക്കന്‍ റോഡില്‍ മൂന്നു വര്‍ഷമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെ ഇന്ന് രാവിലെയാണ് രണ്ട് മുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയ സഹോദരന്‍ അറുപതുവയസുള്ള പ്രമോദും ഇവരുടെ കൂടെയായിരുന്നു താമസം. രാവിലെ അഞ്ചരയോടെ പ്രമോദ് ഒരു സഹോദരി മരിച്ചെന്നും വീട്ടിലെത്തണമെന്നും ബന്ധുക്കളിലൊരാളെ വിളിച്ചറിയിക്കുകയായിരുന്നു. ഇയാള്‍ വീട്ടില്‍ വന്ന് പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും രണ്ട് മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖം പുറത്തുകാണിച്ച് വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്രമോദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫോണ്‍ സ്വിച്ചോഫായിരുന്നു.

പ്രമോദ് ഫോണ്‍ സ്വിച്ചോഫ് ആക്കുന്നതിന് മുമ്പ് ഫറോക്ക് ഭാഗത്തുണ്ടായിരുന്നെന്നാണ് വിവരം. വിവാഹിതരല്ലാത്ത മൂന്നു പേരും ബന്ധുക്കളില്‍ നിന്നും അകന്നാണ് കഴിഞ്ഞിരുന്നത്. രണ്ട് സഹോദരിമാരും വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. സഹോദരനായിരുന്നു ഇവരെ പരിചരിച്ചിരുന്നത്. മൂന്നു പേരും വലിയ അടുപ്പത്തിലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്‌ലോറിക്കല്‍ റോഡിലെ വാടകവീട്ടിലായിരുന്നു സംഭവം. പ്രമോദിനെ ഫോണിലും മറ്റും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ആദ്യം റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് ഓഫാക്കിയിരിക്കുന്നതായുള്ള സന്ദേശമാണ് ഫോണില്‍ വിളിച്ചപ്പോള്‍ ലഭിച്ചതെന്ന് അയല്‍വാസികള്‍ അറിയിച്ചു.

വാടക വീടിനടുത്തുളള ആശുപത്രിയില്‍ ചില രോഗങ്ങള്‍ക്കായി ചികിത്സ തേടി വന്ന സഹോദരിമാരാണ് ശ്രീജയയും പുഷ്പയുമെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പ്രമോദിന്റെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് ഫോണ്‍ ഓഫ് ചെയ്യുന്നതിനു മുന്‍പ് ഇയാള്‍ ഫറോക്ക് ഭാഗത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Tags:    

Similar News