'ഇതാണ് എന്റെ വാട്സപ്പ് നമ്പര്‍...കേട്ടോ..'; ഇൻസ്റ്റയിൽ മിക്ക ചെറുപ്പക്കാരുടെ പ്രൊഫൈലിലും ഈ മുഖം തെളിയും; തെറ്റായ വിവരങ്ങൾ നൽകി വീഴ്ത്തും; ഒടുവിൽ ഇഡി യുടെ എൻട്രിയിൽ സത്യാവസ്ഥ പുറത്ത്; വീട്ടിൽ കോടികളുടെ തിളക്കം!
ഡൽഹി: 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സന്ദീപാ വിർകിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ 12 ലക്ഷം ഫോളോവർമാരുള്ള സന്ദീപാ, സംരംഭക, നടി, കൂടാതെ 'ഹൈബൂ' എന്ന സ്കിൻ കെയർ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ സ്ഥാപക എന്ന നിലയിലും അറിയപ്പെടുന്നു.
മൊഹാലിയിലെ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വഞ്ചനാക്കുറ്റം സംബന്ധിച്ച എഫ്‌ഐആറിനെ തുടർന്നാണ് ഇ.ഡി കേസിൽ ഇടപെട്ടത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് പലരിൽ നിന്നും പണം തട്ടിയെന്നതാണ് സന്ദീപയ്‌ക്കെതിരായ പ്രധാന ആരോപണം. ഇതിനെത്തുടർന്ന്, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഡൽഹിയിലും മുംബൈയിലുമായി വിവിധയിടങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു.
ഈ തട്ടിപ്പിലൂടെ സന്ദീപ വലിയ തോതിൽ സ്വത്ത് സമ്പാദിച്ചതായാണ് ഇ.ഡി പറയുന്നത്. 'ഹൈബൂകെയർ ഡോട് കോം' എന്ന വെബ്സൈറ്റിന്റെ ഉടമയാണ് താനെന്ന് അവർ അവകാശപ്പെട്ടിരുന്നെങ്കിലും, അന്വേഷണത്തിൽ വെബ്സൈറ്റിൽ പറയുന്ന ഉത്പന്നങ്ങൾ യഥാർത്ഥത്തിൽ ലഭ്യമല്ലെന്നും, വെബ്സൈറ്റിന് രജിസ്ട്രേഷനോ സാമൂഹികമാധ്യമങ്ങളിൽ കൃത്യമായ സാന്നിധ്യമോ ഇല്ലായിരുന്നുവെന്നും കണ്ടെത്തുകയുണ്ടായി. കൂടാതെ, നൽകിയിരുന്ന വാട്ട്‌സ്ആപ്പ് നമ്പർ നിലവിലില്ലാത്തതും കമ്പനിയുടെ മറ്റു വിവരങ്ങൾ ലഭ്യമല്ലാത്തതും അന്വേഷണത്തിൽ സ്ഥിരീകരിക്കപ്പെട്ടു.
ഇ.ഡിയുടെ അന്വേഷണത്തിൽ, സന്ദീപയ്ക്ക് നിലവിൽ പ്രവർത്തനമില്ലാത്ത റിലയൻസ് കാപിറ്റൽ ലിമിറ്റഡ് എന്ന കമ്പനിയുടെ മുൻ ഡയറക്ടറായ അങ്കാറൈ നടരാജൻ സേതുരാമൻ എന്നയാളുമായി ബന്ധമുണ്ടെന്നും കണ്ടെത്തി. ഇയാളുടെ വീട്ടിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ പല നിർണായക തെളിവുകളും ലഭിച്ചതായാണ് വിവരം.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അങ്കാറൈ നടരാജൻ സേതുരാമൻ നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സന്ദീപയുമായുള്ള ഇടപാടുകൾ പൂർണ്ണമായും സുതാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഇഡി കൂടുതൽ അന്വേഷണം നടത്തുകയാണ്.