ഒഡീഷക്കാരന്‍ കൊണ്ടു വന്ന 14 കിലോ കഞ്ചാവ് സിപ്ലി സുധീഷിനുള്ളത്; പ്രതിയുടെ മൊഴിയില്‍ അതിവേഗനീക്കം; തിരുവല്ലയിലെ കഞ്ചാവ് കച്ചവടക്കാരന്‍ സുധീഷിനെ അറസ്റ്റ് ചെയ്ത് പോലീസ്; കുറ്റസമ്മതം നടത്തി പ്രതി
തിരുവല്ല: ഒഡീഷ സ്വദേശിയുമായി കഞ്ചാവ് കൈമാറ്റഇടപാടില്‍ ഏര്‍പ്പെട്ടയാളെ തിരുവല്ല പോലീസ് പിടികൂടി. ഒഡീഷ സ്വദേശിയായ അജിത്ത് ചിഞ്ചണി (27)യില്‍ നിന്നും 14 കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസില്‍ ഇയാളുമായി കഞ്ചാവിന്റെ കൈമാറ്റ ഇടപാടില്‍ ഏര്‍പ്പെട്ട ഇരവിപേരൂര്‍ വള്ളംകുളം കോഴിമല അനു ഭവന്‍ വീട്ടില്‍ സിപ്ലി എന്ന സുധീഷ് (40) ആണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരി ഭാഗത്തു നിന്നാണ് ഇയാളെ തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തത്. 2019 ല്‍ തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലും കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലും ഇയാള്‍ പ്രതിയാണ്.
തിരുവല്ല-കാട്ടൂക്കര റോഡില്‍ കെഎസ്ആര്‍ടിസിക്ക് സമീപം വെച്ചാണ് ഒഡീഷ സ്വദേശിയെ 14 കിലോയിലധികം കഞ്ചാവുമായി ഡാന്‍സാഫ് സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് പിടികൂടിയത്. രണ്ട് ബാഗുകളിലായി മാസ്‌കിങ് ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയില്‍ ഏഴു പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ദിവസങ്ങളായി ഇയാള്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. തിരുവല്ലയില്‍ ഉള്ള ഒരാള്‍ക്ക് വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇയാളുടെ ഫോണില്‍ ഃഃഃ 2 എന്ന് കഞ്ചാവ് കൊടുക്കേണ്ട ആളിന്റെ ഫോണ്‍ നമ്പര്‍ സേവ് ചെയ്തിട്ടുള്ളതായും ഫോട്ടോ വാട്സാപ്പില്‍ അയച്ചു കിട്ടിയതായും പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. കഞ്ചാവിന്റെ തുക അയച്ചു കൊടുക്കേണ്ട നമ്പരും ഃഃഃ 2 താമസിക്കുന്ന ലോഡ്ജിന്റെ വിവരങ്ങളും ലഭ്യമാക്കിയിരുന്നതായും പോലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ പറഞ്ഞ ഫോണ്‍ നമ്പറിന്റെ ഉടമയായ സ്ത്രീയെ തിരിച്ചറിയുകയും അന്വേഷണം നടത്തുകയും ചെയ്തു.
ഇവരെപ്പറ്റി നടത്തിയ അന്വേഷണത്തില്‍ ഈ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത് ഭര്‍ത്താവായ സുധീഷ് ആണെന്ന് വെളിപ്പെടുകയായിരുന്നു. പിന്നീട് കൂടുതലായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍മുമ്പ് വേറെയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മറ്റും ബോധ്യപ്പെട്ടു. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തില്‍ രാത്രി തന്നെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ചു വിശദമായി ചോദ്യംചെയ്യുകയും, ഫോണ്‍ പരിശോധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രതി കുറ്റം സമ്മതിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ എസ്. സന്തോഷിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. എസ്.ഐ ജി. ഉണ്ണികൃഷ്ണന്‍, ഗ്രേഡ് എസ്.ഐ സനില്‍, പ്രൊബേഷന്‍ എസ് ഐ ജയ്മോന്‍, എ എസ് സി വിനീത്, എസ് സി പി ഒമാരായ സുശീല്‍ കുമാര്‍, ഷാനവാസ് എന്നിവരാണ് തിരുവല്ല പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
സ്ഥിരം കഞ്ചാവ് വാഹകനാണ് ഒന്നാം പ്രതി, രണ്ടാഴ്ച്ചക്ക് മുമ്പും ഇയാള്‍ ഒഡിഷയില്‍ നിന്നും തിരുവല്ലയിലെത്തി ടൂറിസ്റ്റ് ഹോമില്‍ താമസിക്കുകയും, പ്രാദേശിക കച്ചവടക്കാരുമായി ബന്ധപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ വിതരണത്തിന് എത്തിച്ചതാണ് കഞ്ചാവ് എന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ഒഡിഷയില്‍ നിന്നും ട്രെയിനില്‍ ചെങ്ങന്നൂരെത്തിയശേഷം, ബസില്‍ തിരുവല്ലയില്‍ വന്ന് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചുകൊണ്ട്, ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കുകയാണ് പതിവ്.
ഇത്തവണയും ഇങ്ങനെ ഉദ്ദേശിച്ചാണ് വന്നത്, എന്നാല്‍ വിവരം രഹസ്യമായി മനസ്സിലാക്കിയ പോലീസ് സംഘം ഇയാള്‍ക്കു വേണ്ടി വലവിരിച്ച് കാത്തുനിന്നു. തിരുവല്ല ടൗണിലെ ലോഡ്ജില്‍ മുറിയെടുത്ത് തങ്ങി കച്ചവടം ഉറപ്പാക്കാന്‍ തീരുമാനിച്ച് എത്തിയ ഇയാള്‍ പക്ഷെ, ഡാന്‍സാഫ് സംഘവും തിരുവല്ല പോലീസും ചേര്‍ന്നൊരുക്കിയ വലയില്‍ വീഴുകയായിരുന്നു. വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.