എന്റെ മോന് ആശുപത്രി പണിയാൻ..ഈ ഭൂമി എഴുതികൊടുക്കുന്നു..!! തൊട്ട് അടുത്ത ദിവസം വലിയ ആഘോഷത്തോടെ അമ്മയുടെ ജന്മദിന പരിപാടി; എല്ലാം കഴിഞ്ഞപ്പോൾ അറിയുന്നത് മറ്റൊരു വാർത്ത; പിന്നാലെ ഡോക്ടറോട് വയോധികയുടെ ഞെട്ടിപ്പിക്കുന്ന മരണമൊഴി
ഭോപ്പാൽ: മുതിർന്ന നേത്രരോഗ വിദഗ്ദ്ധ ഡോ. ഹേമലത ശ്രീവാസ്തവയുടെ (81) മരണത്തിന് പിന്നാലെ, അവർ ബാക്കിവെച്ച 60 കോടി രൂപയുടെ സ്വത്ത് സംബന്ധിച്ച് വലിയ തർക്കവും ദുരൂഹതയും നിലനിൽക്കുന്നു. താൻ സ്വത്ത് ദാനം ചെയ്തിട്ടില്ലെന്നും രേഖകൾ തെറ്റായ വിവരങ്ങൾ നൽകി ചമച്ചതാണെന്നും ഡോ. ഹേമലത മരണത്തിന് മുൻപ് മൊഴി നൽകിയിരുന്നു.
എന്നാൽ ഈ മൊഴിക്ക് വിരുദ്ധമായി, 11,000 ചതുരശ്ര അടി സ്ഥലം ഡോ. സുമിത് ജെയിനിന് ദാനമായി നൽകിയെന്ന രേഖകൾ പുറത്തുവന്നതോടെയാണ് വിവാദം ആരംഭിച്ചത്. ഇതിനിടെ, തർക്കത്തിലുള്ള ഭൂമി മുനിസിപ്പൽ കോർപ്പറേഷന്റെ ലീസ് വ്യവസ്ഥയിലുള്ളതാണെന്നും നിയമപരമായി ഇത് മറ്റൊരാൾക്ക് ദാനം ചെയ്യാൻ കഴിയില്ലെന്നും ജില്ലാ കളക്ടർ രാഘവേന്ദ്ര സിംഗ് വെളിപ്പെടുത്തിയത് കേസിൽ നിർണായക വഴിത്തിരിവായി.
മധ്യപ്രദേശിലെ റൈറ്റ് ടൗൺ സ്വദേശിനിയായ ഡോ. ഹേമലതയുടെ ഭർത്താവും ഏകമകനും നേരത്തെ മരിച്ചിരുന്നു. 2022-ലാണ് മകൻ ഹൃദയാഘാതം മൂലം മരിച്ചത്. തുടർന്ന് അവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഈ വർഷം ജനുവരി 12-ന് തന്റെ 81-ാം ജന്മദിനം ഡോ. ഹേമലത മകന്റെ സുഹൃത്തായ ഡോ. സുമിത് ജെയിനും ഭാര്യ പ്രാചി ജെയിനുമൊപ്പം ആഘോഷിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
എന്നാൽ രണ്ട് ദിവസത്തിന് ശേഷം അവരുടെ ആരോഗ്യനില വഷളാവുകയും ജനുവരി 15-ഓടെ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഈ ദിവസങ്ങളിൽ ഒന്നിലാണ് റൈറ്റ് ടൗണിലെ 11,000 ചതുരശ്ര അടി സ്ഥലം ഡോ. സുമിത്തിന് ദാനമായി നൽകിക്കൊണ്ടുള്ള രേഖകളിൽ ഡോ. ഹേമലത ഒപ്പിട്ടതെന്നാണ് പറയപ്പെടുന്നത്. മകന്റെ സ്മരണയ്ക്കായി ആശുപത്രി പണിയാൻ ഹേമലത സ്വമേധയാ ഭൂമി നൽകിയതാണെന്നാണ് ഡോ. സുമിത് ജെയിൻ അവകാശപ്പെടുന്നത്.
എന്നാൽ ഡോ. സുമിത് ജെയിനിന്റെ അവകാശവാദങ്ങളെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തള്ളിക്കളഞ്ഞു. ശാരീരികമായും മാനസികമായും തളർന്ന അവസ്ഥയിൽ ഡോക്ടറെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയുമാണ് രേഖകളിൽ ഒപ്പുവെപ്പിച്ചത് എന്നാണ് അസോസിയേഷൻ ആരോപിക്കുന്നത്. ഇതിനിടെ, മുഴുവൻ സ്വത്തും തങ്ങൾക്ക് നൽകാനാണ് ഡോക്ടർ ആഗ്രഹിച്ചതെന്ന് അവകാശപ്പെട്ട് ഗായത്രി മന്ദിർ എന്ന ട്രസ്റ്റും രംഗത്തുവന്നു. ഡോ. ഹേമലതയുടെ സഹോദരിമാരിൽ ഒരാളായ കനക് ലത മിശ്ര ഈ അവകാശവാദത്തെ പിന്തുണച്ചപ്പോൾ, മറ്റൊരു സഹോദരിയായ ശാന്തി മിശ്ര ഹേമലതയുടെ മൃതദേഹം ഏറ്റുവാങ്ങുകയും സ്വത്തിലെ നിയമപരമായ അവകാശത്തിനായി രംഗത്തെത്തുകയും ചെയ്തു.
സ്വത്ത് സംബന്ധിച്ച അവകാശ തർക്കം മുറുകിയതോടെയാണ് ജില്ലാ കളക്ടർ രാഘവേന്ദ്ര സിംഗ് നിർണായകമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അവകാശവാദം ഉന്നയിക്കുന്ന ഭൂമി മുനിസിപ്പൽ കോർപ്പറേഷന്റെ ലീസ് വ്യവസ്ഥയിലുള്ളതാണെന്നും നിലവിലെ നിയമപ്രകാരം ഇത് മറ്റൊരാൾക്ക് ദാനം ചെയ്യാൻ കഴിയില്ലെന്നും കളക്ടർ വ്യക്തമാക്കി. തന്റെ സ്വത്ത് താൻ ദാനം ചെയ്തിട്ടില്ലെന്നും തെറ്റായ വിവരങ്ങൾ നൽകിയാണ് രേഖകൾ ചമച്ചതെന്നും ഡോ. ഹേമലത മരണത്തിന് മുൻപ് നൽകിയ മൊഴി കളക്ടറുടെ വെളിപ്പെടുത്തലിന് കൂടുതൽ ബലം നൽകുന്നു.
മരണമൊഴി, വ്യാജമെന്ന് ആരോപിക്കപ്പെടുന്ന ദാനരേഖ, കളക്ടറുടെ നിയമപരമായ വെളിപ്പെടുത്തൽ എന്നിവയെല്ലാം ഉൾപ്പെടുന്ന ഈ കേസ് വരും ദിവസങ്ങളിൽ കൂടുതൽ നിയമപരമായ നടപടികളിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
