പോലീസുകാരെ കബളിപ്പിച്ചു സമീനയുടെ തന്ത്രം! പോലീസുകാരെ വിസര്‍ജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വര്‍ണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്‌ളോസറ്റില്‍ ഒഴുക്കി; സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ കേസില്‍ കാത്തിരിപ്പിനൊടുവില്‍ തൊണ്ടിമുതലായ മാല പുറത്ത് വന്നപ്പോള്‍ വഴിത്തിരിവ്
പോലീസുകാരെ വിസര്‍ജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി
കോഴിക്കോട്: നിലമ്പൂരില്‍ കുട്ടിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പോലീസിനെ കുഴക്കിയ നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. തൊണ്ടി മുതലിന് വേണ്ടി കാത്തിരുന്ന പോലീസുകാര്‍ക്ക് പണി കൊടുക്കുകയാണ് സമീന ചെയ്തത്. പോലീസുകാര്‍ക്ക് തൊണ്ടിമുതല്‍ ലഭിക്കാതിരിക്കാന്‍ ക്ലോസറ്റില്‍ ഒഴുക്കിക്കളഞ്ഞു. കഴിഞ്ഞ അഞ്ചുദിവസമായി പൊലീസുകാര്‍ കാവലിരിക്കുന്നതിനിടെയായിരുന്നു യുവതിയുടെ തന്ത്രം.പൊലീസുകാര്‍ യുവതിക്ക് ഡയപ്പറും നല്‍കിയിരുന്നതായി വിവരമുണ്ട്.
ഇന്നലെ രാത്രിയാണ് യുവതി ടോയ്ലറ്റില്‍ പോയപ്പോള്‍ മാല പുറത്തേയ്ക്ക് വന്നത്. തുടര്‍ന്ന് ഇവര്‍ വിസര്‍ജ്യം പൊലീസുകാര്‍ക്കുനേരെയെറിയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ മാല ക്‌ളോസറ്റില്‍ ഒഴുക്കിക്കളയുകയായിരുന്നു. യുവതിക്കെതിരെ തൊണ്ടിമുതല്‍ നശിപ്പിച്ചുവെന്ന കുറ്റവും, പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കുറ്റവും അധികമായി ചുമത്തിയിട്ടുണ്ട്.
മുക്കട്ടയില്‍ പാലേമാട് കല്ലന്‍കുന്നന്‍ സമീന (35) ആണ് മോഷണം നടത്തിയത്. ആശുപത്രിയില്‍ വന്ന കുട്ടിയെ ലാളിച്ചതിനുശേഷം മാല തട്ടിയെടുക്കുകയും ശേഷം പിടിക്കപ്പെടുമെന്നായപ്പോള്‍ വിഴുങ്ങുകയുമായിരുന്നു. 3.5 ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയാണ് വിഴുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. തുടര്‍ന്ന് സമീനയെ പൊലീസ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാല വീണ്ടെടുക്കാനായി കഴിഞ്ഞദിവസം നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ വയറ്റില്‍ മാലയ്ക്ക് പുറമെ സ്വര്‍ണക്കമ്മല്‍ കൂടി കണ്ടെത്തിയിരുന്നു.
ഇത് സമീനയുടെ കമ്മല്‍ തന്നെയാണെന്നാണ് സംശയം. കുട്ടിയുടെ സ്വര്‍ണമാലയല്ല തന്റെ സ്വര്‍ണമാണ് വിഴുങ്ങിയതെന്ന് വരുത്തിത്തീര്‍ക്കാന്‍ യുവതി തന്റെ കമ്മല്‍ വിഴുങ്ങിയതെന്നാണ് നിഗമനം. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ തൊണ്ടി മുതല്‍ കണ്ടെത്തുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കിയ യുവതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
യുവതിയുടെ വയറിളക്കി മാല വീണ്ടെടുക്കാന്‍ എനിമ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെവെച്ച് ശനിയാഴ്ച രാത്രിയാണ് ശൗചാലയത്തില്‍ പോയ പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാപോലീസുകാരെ തട്ടിമാറ്റി മാല ക്ളോസറ്റിലേക്കിട്ടത്. തുടര്‍ന്ന്, സമീനയുടെ എക്സ്റേ എടുത്തപ്പോള്‍ വയറിനകത്തു ലോഹസാധനങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
