ജയിലിലിരുന്ന് ഏത് ഓപ്പറേഷനും കെല്‍പ്പുളള പ്രതി; ബെംഗളൂരു കള്ള തോക്ക് കടത്തില്‍ കൂട്ടാളികള്‍ വഴി ലക്ഷങ്ങള്‍ സമ്പാദിച്ചു; ടി പി വധക്കേസിലും കള്ളത്തോക്കു കടത്ത് കേസിലും അടക്കം നിരവധി കേസുകളില്‍ പ്രതി; ടി കെ രജീഷിന് കണ്ണൂരില്‍ ആയുര്‍വേദ ചികിത്സ; പൊലീസിനെ കാവല്‍ നിര്‍ത്തിയുള്ള കൊടി സുനിയുടെ മദ്യപാന സദസിന് പിന്നാലെ മറ്റൊരു വിവാദം കൂടി

ടി. കെ രജീഷിന് കണ്ണൂരില്‍ ആയുര്‍വേദ ചികിത്സ

Update: 2025-10-16 12:20 GMT

കണ്ണൂര്‍: ഒഞ്ചിയത്തെ ആര്‍.എം.പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് നാലാം പ്രതി ടി കെ രജീഷിന് കണ്ണൂര്‍ താണയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത് രാഷ്ട്രീയ വിവാദമാകുന്നു. കഴിഞ്ഞ ഒന്‍പതാം തീയതിയാണ് രജീഷിനെ താണയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് ആയുര്‍വേദ ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് കിടത്തി ചികിത്സ നിര്‍ദേശിച്ചത്. ഡിഎംഒ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് ഈ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. ടി പി വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ അനുവദിച്ചതുള്‍പ്പെടെ നിരന്തരം ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ടി കെ രജീഷിന്റെ കിടത്തി ചികിത്സ.

2018 ല്‍ ടി പി വധക്കേസ് പ്രതികള്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ നടത്തിയത് വിവാദമായിരുന്നു. കോടതിയില്‍ വിചാരണയ്‌ക്കെത്തിച്ച കൊടി സുനിയും സംഘവും പൊലീസിനെ കാവല്‍ നിര്‍ത്തി മദ്യപിച്ചതില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുശേഷമാണ് മറ്റൊരു വിവാദം കൂടി പുറത്തുവരുന്നത്.

എന്നാല്‍ സംഭവത്തില്‍, സര്‍ക്കാര്‍ വൃത്തങ്ങളോ ജയില്‍ഉപദേശക സമിതിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല സി.പി.എം കേന്ദ്രങ്ങളും മൗനത്തിലാണ്. നേരത്തെ ബെംഗളൂരു കേന്ദ്രീകരിച്ചു കള്ള തോക്ക് ഇടപാടുകള്‍ നടത്തിയ കേസിലെ പ്രതിയാണ് ടി.കെ രജീഷ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് മാത്രമല്ല നിരവധി കേസുകളില്‍ പ്രതിയാണ് ടി. കെ രജീഷ്.

2023 ജൂണിലാണ് ടി.കെ.രജീഷിനെ കേരളത്തിലേക്കുള്ള തോക്കുകടത്തു കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു കബണ്‍ പാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ആയുധക്കടത്തിനു പിന്നില്‍ ഭീകരവാദ ബന്ധമുണ്ടോ എന്നും അന്വേഷിച്ചിരുന്നു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണു കര്‍ണാടക പൊലീസ് രജീഷിനെ കസ്റ്റഡിയിലെടുത്തത്.

ഇവന്റ് മാനേജ്‌മെന്റ് സംഘാടകനും മലയാളിയുമായ നീരജ് ജോസഫ് തോക്കുവില്‍പനയ്ക്കായി ഇടപാടുകാരെ കാത്തുനില്‍ക്കുന്നതിനിടെ ബെംഗളൂരു ക്വീന്‍സ് റോഡില്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ ആഡംബരക്കാറില്‍നിന്നു 3 പിസ്റ്റളുകളും 99 വെടിയുണ്ടകളും പിടിച്ചെടുത്തിരുന്നു. മ്യാന്‍മറില്‍നിന്നു കടത്തുന്ന പിസ്റ്റളുകള്‍ നാഗാലന്‍ഡില്‍നിന്ന് 70,000 രൂപ നിരക്കിലാണു വാങ്ങിയിരുന്നത്. രജീഷിന്റെ നിര്‍ദേശപ്രകാരമാണു തോക്കു കടത്തുന്നതെന്ന് നീരജ് വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം കണ്ണൂരിലേക്കു നീണ്ടത്. ജയിലില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന ആരോപണങ്ങള്‍ കൊടിസുനി അടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. അതിനിടെയാണ് ടി കെ രജീഷിനെതിരെയും സമാനമായ ആരോപണം ഉണ്ടായത്.

അതീവ സുരക്ഷയോടെ പാര്‍പ്പിക്കേണ്ട പ്രതികളിലൊരാളായ രജീഷിനെ ജില്ലാ ആയുര്‍വേദ ആശുപത്രി പോലെ തുറന്നു കിടക്കുന്ന ഒരു സ്ഥലത്ത് ചികിത്സ നല്‍കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജയില്‍ ഉപദേശക സമിതി അംഗം പി. ജയരാജന്റെ അതീവ വിശ്വസ്തരിലൊരാളായാണ് രജീഷ് അറിയപ്പെടുന്നത്.

Tags:    

Similar News