മോഷണത്തില്‍ ക്ഷേത്രത്തില്‍ കയറിയപ്പോള്‍ കള്ളനൊന്നു ഞെട്ടി; ക്ഷേത്രത്തില്‍ സിസിടിവി; മറക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി നടന്നില്ല; തുടര്‍ന്ന് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടത്തി രക്ഷപ്പെട്ടു; ഒടുവില്‍ പോലീസിന്റെ പിടിയിലുമായി

Update: 2024-11-26 17:19 GMT

വിഴിഞ്ഞം: മോഷ്ണത്തിന് അമ്പലത്തില്‍ കയറിയപ്പോള്‍ കള്ളനൊന്നു ഞെട്ടി. ക്ഷേത്രത്തിലെ സിസിടിവി കണ്ടാണ് ഞെട്ടിയത്. പെട്ടെന്ന് തന്നെ ക്ഷേത്ത്രില്‍ തന്നെ ഉണ്ടായിരുന്ന സഞ്ചിയും കവറുമൊക്കെ എടുത്ത് സിസിടിവി മറക്കാന്‍ നോക്കിയെങ്കിലും തോല്‍വിയായിരുന്നു. ഈ ശ്രമത്തില്‍ പരാജയപ്പെട്ട് മടുത്ത കള്ളന്‍ താന്‍ ചെയ്യാന്‍ വന്ന മോഷണത്തിലേക്ക് വീണ്ടും കടന്നു. തുടര്‍ന്ന് കൈയില്‍ ഉണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് പണവുമായി രക്ഷപ്പെട്ടു. പക്ഷേ അവിടെ കാണിച്ച് പരാക്രമം മുഴുവന്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

പിറ്റേന്ന് രാവിലെ ക്ഷേത്രം പ്രസിഡന്റ് അമല്‍ ഉള്‍പ്പെട്ട ഭാരവാഹികള്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കി. സിസിവിടിയില്‍ നിന്ന് ലഭിച്ച ഇയാളുടെ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്. ഉച്ചക്കട ചേന നട്ടവിളയില്‍ ശിവശക്തി ക്ഷേത്രത്തിലാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അഞ്ചുതവണ മോഷണം നടന്നത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അവസാനത്തെ മോഷണം. സിസിടിവി പരിശോധിച്ച പോലീസ് മാസങ്ങളായി നാട്ടുകാരെ കുഴപ്പത്തിലാക്കിയ കള്ളനെ പിടികൂടി. മാരായമുട്ടം മണലിവിള സ്വദേശിയായ അമ്പലം മണിയന്‍ എന്ന മണിയനെ (65) വിഴിഞ്ഞം പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിളക്കുകള്‍ ഉള്‍പ്പെട്ട സാധനങ്ങള്‍ നിരന്തരം മോഷണം പോയതോടെ പൊറുതിമുട്ടിയ ക്ഷേത്രം അധികൃതര്‍ ഓഫീസിലും ക്ഷേത്രവളപ്പിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയായിരുന്നു. ഒടുവില്‍ ആ ശ്രമത്തിന് ഫലമുണ്ടായി. എന്നാല്‍ ഈ ക്ഷേത്രത്തില്‍ ആദ്യമായാണ് മോഷണം നടത്തുന്നതെന്ന് പ്രതി പറഞ്ഞു.

എസ്.എച്ച്.ഒ. ആര്‍.പ്രകാശ്, എസ്.ഐ. ദിനേശന്‍, സി.പി.ഒ.മാരായ രാമു, അരുണ്‍.പി.മണി എന്നിവരാണ് പ്രതിയെ അറസ്റ്റുചയ്തത്. നിരവധി ക്ഷേത്രങ്ങളിലെ കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.

Tags:    

Similar News