മാഹിയിൽ നിന്നും മദ്യം കടത്തുന്നതായി രഹസ്യ വിവരം; പിന്നാലെ എക്സൈസിന്റെ വാഹന പരിശോധന; ഉദ്യോഗസ്ഥരെ കണ്ട് വാഹനം ഉപേഷിച്ച് രക്ഷപ്പെടാൻ ശ്രമം; പ്രതികളെ എക്സൈസ് പിടികൂടിയത് സാഹസികമായി; കണ്ടെടുത്തത് 106 കുപ്പി പുതുച്ചേരി മദ്യം

Update: 2024-11-26 07:54 GMT

പാലക്കാട്: മാഹിയിൽ നിന്നും മദ്യം കടത്താൻ ശ്രമിച്ച പ്രതികളെ എക്സൈസ് പിടികൂടിയത് സാഹസികമായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 106 കുപ്പി പുതുച്ചേരി മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

വിൽപനയ്ക്കായി കടത്തി കൊണ്ടുവന്ന 53 ലിറ്റർ പുതുച്ചേരിമദ്യവുമായി പ്രതികൾ പാലക്കാട്ട് പിടിയിലായത്. വടകര സ്വദേശി രാമദാസ് (61), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ബാദുഷ (29 ), തിരൂർ പുറത്തൂർ സ്വദേശി സനീഷ് (30) എന്നിവരെയാണ് പിടികൂടിയത്. മദ്യം കടത്തിക്കൊണ്ടു വന്ന കാറും എക്സൈസ് പിടികൂടിയിട്ടുണ്ട്.

മാഹിയിൽ നിന്ന് അട്ടപ്പാടിയിലേക്ക് മദ്യം കടത്തുന്നുവെന്ന് എക്സൈസ് ഇന്റലിജൻസിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തിയത്. രാത്രിയോടെയാണ് മണ്ണാർക്കാട് ആര്യമ്പാവ് കെടിഡിസിയുടെ സമീപത്ത് പ്രതികളുടെ കാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.

എക്സൈസ് വാഹനം കണ്ട് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കാറിന്റെ പിൻസീറ്റിലും ഡിക്കിയിലുമായി ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.

മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അബ്ദുൾ അഷറഫും സംഘവും മണ്ണാർക്കാട് എക്സൈസ് സർക്കിൾ സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മനോജ്‌, പ്രിവന്റീവ് ഓഫീസർ കൃഷ്ണദാസ്, പ്രിവന്റീവ് ഓഫീസർ ഹംസ, സിവിൽ എക്സൈസ് ഓഫീസർമാരായ വിവേക്, അലിയാസ്കർ, പിന്റു, അശ്വന്ത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജയപ്രകാശ് എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News