ഹെല്‍മെറ്റ് അണിഞ്ഞ് സ്‌കൂട്ടറിന്റെ നമ്പര്‍ പ്‌ളേറ്റ് മാറ്റി എത്തിയപ്പോള്‍ ആളറിയില്ലെന്ന് കരുതി; പ്രദേശം നിരീക്ഷിച്ച് വീട്ടില്‍ വയോധിക തനിച്ചെന്ന് മനസ്സിലായപ്പോള്‍ മീന്‍ മുറിച്ചുകൊണ്ടിരുന്ന 77 കാരിയുടെ പിന്നിലൂടെ എത്തി ഒരുപവന്റെ മാല പൊട്ടിച്ചു; കൂത്തുപറമ്പില്‍ സിപിഎമ്മിന്റെ നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍; ചതിച്ചത് സിസി ടിവി

കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ച കേസില്‍ നഗരസഭാ കൗണ്‍സിലര്‍ കുടുങ്ങി

Update: 2025-10-18 11:22 GMT

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ച കേസില്‍ നഗരസഭാ കൗണ്‍സിലര്‍ കുടുങ്ങി. തുറന്നുകിടന്ന മുന്‍വാതിലിലൂടെ അകത്ത് കയറി പിന്‍വശത്തു ഇരുന്ന് മത്സ്യം കഴുകുകയായിരുന്ന വയോധികയുടെ ഒരു പവന്റെ മാല പൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലറാണ് പിടിയിലായത്.

കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാര്‍ഡായ നൂഞ്ഞുമ്പായിയിലെ സി.പി.എമ്മിന്റെ കൗണ്‍സിലര്‍ മൂര്യാട് സ്വദേശി പി.പി രാജേഷിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് കൂത്തുപറമ്പ് കണിയാര്‍കുന്നിലെ കുന്നുമ്മല്‍ ഹൗസില്‍ നാണുവിന്റെ ഭാര്യ പി. ജാനകിയുടെ(77) ഒരു പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് ഇയാള്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു.

്‌നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ മോഷ്ടാവ് ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയം തോന്നിയ വാഹനം തിരിച്ചറിഞ്ഞത്. ഈ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൗണ്‍സിലര്‍ പി.പി. രാജേഷ് പിടിയിലാകുന്നത്.

രണ്ട് ദിവസത്തെ തുടര്‍ച്ചയായ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. പോലീസ് നല്‍കുന്ന വിവരം അനുസരിച്ച്, പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് മോഷ്ടിച്ച ഒരു പവന്‍ മാലയും പോലീസ് കണ്ടെടുത്തു. കൂത്തുപറമ്പ് സഹകരണ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്‍ കൂടിയാണ് രാജേഷ്.

ഹെല്‍മെറ്റ് അണിഞ്ഞ് ജുപ്പിറ്റര്‍ സ്‌കൂട്ടറിന്റെ നമ്പര്‍ പ്‌ളേറ്റ് മാറ്റിയാണ് രാജേഷ് കവര്‍ച്ചയ്‌ക്കെത്തിയത്. വീടിനെ കുറിച്ചും പ്രദേശത്തെ സംബന്ധിച്ചും നല്ല ധാരണയുള്ളയാളാണ് കവര്‍ച്ച നടത്തിയതെന്ന് പൊലിസിന് തുടക്കത്തിലെ സംശയമുണ്ടായിരുന്നു.

വയോധിക വീട്ടില്‍ തനിച്ചായപ്പോഴാണ് റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇയാളെത്തിയത്. കൂത്തുപറമ്പിലെ പ്രാദേശിക നേതാവ് കൂടിയാണ് രാജേഷ്. സാമ്പത്തിക ബാദ്ധ്യതയാണ് തന്നെ മാല പൊട്ടിക്കലിന് പ്രേരിപ്പിച്ചതെന്നും പിടിക്കപ്പെടുമെന്ന് കരുതിയില്ലെന്നും ഇയാള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. വയോധികയുടെ പിന്‍വശത്തു നിന്നും കഴുത്തിന് പിടിച്ചാണ് രജീഷ് മാല പൊട്ടിച്ചത്. ഇതില്‍ ഒരു കഷ്ണം സ്ഥലത്ത് വീണിരുന്നു.


Tags:    

Similar News