ഷെഡ്ഡിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി; ചുമര് തുരന്ന് മദ്യവില്‍പ്പനശാലയുടെ അകത്ത് കയറി; മോഷ്ടിച്ചത് രണ്ടരലക്ഷം രൂപ വിലമതിക്കുന്ന വിദേശമദ്യം; വിറ്റഴിച്ചെന്ന് സൂചന; സംഭവത്തില്‍ ഒരാള്‍ പിടിയില്‍; മറ്റ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു

Update: 2025-09-07 03:44 GMT

കൊല്ലങ്കോട് (പാലക്കാട്): കൊല്ലങ്കോട് ബസ്സ്റ്റാന്‍ഡിന് സമീപമുള്ള ബെവ്കോ മദ്യവില്‍പ്പനശാലയില്‍ മോഷണം. കെട്ടിടത്തിന്റെ ചുമര്‍ തുരന്ന് ഏകദേശം രണ്ടരലക്ഷം രൂപ വിലമതിക്കുന്ന വിദേശമദ്യം മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നെന്മേനി സ്വദേശി രവി (53)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്യുകയാണെന്ന് ഇന്‍സ്പെക്ടര്‍ കെ. മണികണ്ഠന്‍ അറിയിച്ചു.

ഉത്രാടദിനത്തില്‍ രാത്രി ഒന്‍പതരയ്ക്ക് കട അടച്ചശേഷമാണ് മോഷണം നടന്നത്. തുടര്‍ന്ന് തിരുവോണദിനത്തില്‍ ഷോപ്പ് തുറന്നിരുന്നില്ല. ശനിയാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. വ്യാഴാഴ്ച മാത്രം ഇവിടെ 45 ലക്ഷത്തോളം രൂപയുടെ വില്‍പ്പന നടന്നിരുന്നു. എന്നാല്‍ ആ തുക സൂക്ഷിച്ചിരുന്ന സേഫ് മോഷ്ടിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു.

സംഘം ബസ്സ്റ്റാന്‍ഡിന് സമീപമുള്ള വിജനമായ പ്രദേശത്തെ ഷെഡ്ഡിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി ചുമര്‍ ഏകദേശം ഒരുമീറ്റര്‍ വിസ്തൃതിയില്‍ തുരന്ന് കടന്നതാണ്. സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ മദ്യക്കുപ്പികള്‍ ഷെഡ്ഡിനകത്തേക്ക് നീക്കി വെയ്ക്കുന്നതും കണ്ടു. മോഷ്ടിച്ച മദ്യം കൊല്ലങ്കോട്ടും സമീപ പ്രദേശങ്ങളിലും വിറ്റഴിച്ചതായാണ് സൂചന. പ്രധാന പ്രതി ഔട്ട്ലെറ്റിനു സമീപം ഇടയ്ക്കിടെ എത്തുന്ന ആളാണെന്നും പോലീസ് പറഞ്ഞു.

പത്തോളം മദ്യക്കേയ്‌സുകള്‍ കടയുടെ പുറമ്പോക്കിലെ കുറ്റിച്ചെടികളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇവ ചരക്ക് ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരുടെ സംശയം തോന്നി ചോദ്യംചെയ്യുമ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവര്‍ക്ക് സംഭവം അറിയില്ലായിരുന്നെന്നും പോലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങളും മറ്റു തെളിവുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷിക്കുന്നതായി പോലീസ് വ്യക്തമാക്കി. സ്റ്റോക്ക് പരിശോധനയും വിരലടയാള പരിശോധനയും പൂര്‍ത്തിയാക്കി അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News