ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് ശ്രീകോവിലിന്റെ ഉള്ളില്‍ കിടന്നു; വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലു പവന്‍ മാലയും പണവും കവര്‍ന്നു; മോഷ്ണം കണ്ടത് രാവിലെ ക്ഷേത്രത്തില്‍ എത്തിയവര്‍
ഇടുക്കി: മൂന്നാറില്‍ ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണമാലയും പണവും ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയി. മാട്ടുപ്പട്ടി അരുവിക്കാട് എസ്റ്റേറ്റ് സെന്‍ട്രല്‍ ഡിവിഷനിലെ മാരിയമ്മന്‍ ക്ഷേത്രത്തിലാണ് സംഭവം നടന്നത്.
തിങ്കളാഴ്ച രാത്രിയിലാണ് അജ്ഞാതന്‍ ക്ഷേത്രത്തിന്റെ പൂട്ടുതകര്‍ത്ത് അകത്തുകയറിയത്. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ഏകദേശം നാലുപവന്‍ ഭാരമുള്ള സ്വര്‍ണമാലയും ഭണ്ഡാരത്തില്‍ സൂക്ഷിച്ചിരുന്ന പണവും കവര്‍ന്നു. കൂടാതെ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന പഴയകാല നാണയങ്ങളും നഷ്ടപ്പെട്ടതായി ഭാരവാഹികള്‍ അറിയിച്ചു.
മോഷണത്തില്‍ നാല് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്ക്. സംഭവം രാവിലെ ക്ഷേത്രം തുറന്നെത്തിയവരാണ് ആദ്യം തിരിച്ചറിഞ്ഞത്. ക്ഷേത്രത്തില്‍ നിരീക്ഷണ ക്യാമറാ സംവിധാനം ഇല്ലായിരുന്നതിനാല്‍ പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല. സംഭവത്തില്‍ ദേവികുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.