ദേവേന്ദുവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; രണ്ട് വയസ്സുകാരിയെ ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് സ്ഥിരീകരണം; ബന്ധുവീട്ടിലെത്തിച്ച കുഞ്ഞനിയത്തിയുടെ ചേതനയറ്റ ശരീരത്തില്‍ അന്ത്യചുംബനം നല്‍കി സഹോദരി; മൃതദേഹം സംസ്‌കരിച്ചു; അമ്മയും അമ്മാവനും പൊലീസ് കസ്റ്റഡിയില്‍
ദേവേന്ദുവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടു വയസ്സുകാരി മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളില്ല, ശ്വാസകോശത്തില്‍ വെള്ളംകയറിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി കിണറ്റിലിടുകയായിരുന്നുവെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ ജീവനോടെ കിണറ്റിലെറിയുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. വീടിനോട് ചേര്‍ന്ന പറമ്പലില്‍ തന്നെയാണ് മൃതദേഹമടക്കിയത്. കുഞ്ഞിന്റെ പിതാവ് ശ്രീജിത്തിനെയും മുത്തശ്ശിയെയും സംസ്‌കാരചടങ്ങളില്‍ പങ്കെടുക്കാന്‍ പോലീസ് വിട്ടയച്ചു. അമ്മ ഇപ്പോഴും കസ്റ്റഡിയിലാണ്. കൊലപാതകത്തില്‍ ശ്രീജിത്തിന് പങ്കില്ലെന്ന നിഗമനത്തിലാണ് പോലീസ്.
ബന്ധുവീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച കുഞ്ഞു ദേവേന്ദുവിന് നാടൊന്നാകെ കണ്ണീരോടെയാണ് വിടനല്‍കിയത്. ദേവേന്ദുവിനെ അവസാനമായി ഒരിക്കല്‍ കൂടി കാണാനൊഴുകിയെത്തത് നൂറുകണക്കിന് ആളുകളായിരുന്നു. അനുജത്തിയുടെ മരണകാരണമോ, കാരണക്കാരോ ആരെന്നറിയാതെ സഹോദരിയും കണ്ണീരോടെ ചേതനയറ്റ ആ കുഞ്ഞുശരീരത്തില്‍ അന്ത്യചുംബനം അര്‍പ്പിച്ചു.
ഇന്ന് രാവിലെയാണ് വീട്ടില്‍ നിന്നും കാണാതായ കുഞ്ഞിനെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വീട്ടിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. കുട്ടിയുടെ അമ്മൂമ്മ ശ്രീകലയും അച്ഛന്‍ ശ്രീജിത്തും സ്‌റ്റേഷനില്‍ നിന്നും സംസ്‌കാര ചടങ്ങുകള്‍ പങ്കെടുക്കാനെത്തി. ഇവര്‍ പൊലീസ് വാഹനത്തിലല്ല എത്തിയത്. കുഞ്ഞിന്റെ കൊലപാതകത്തില്‍ അന്വേഷണം അമ്മാവനിലേക്കും അമ്മയിലേക്കും കേന്ദ്രീകരിച്ചാണെന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവന്‍ ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി. കസ്റ്റഡിയിലുള്ള ഹരികുമാറിന്റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കിയത്. കുഞ്ഞിന്റെ അമ്മയുടെ സഹോദരനാണ് ഹരികുമാര്‍. പ്രതിയുടെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. കേസില്‍ നേരത്തെ കുട്ടിയുടെ അച്ഛനെയും അമ്മയെയും അമ്മാവനെയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മാവന്‍ കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ ചോദ്യം ചെയ്യലിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ അമ്മ ശ്രീതുവിനെയും പോലീസ് പ്രതി ചേര്‍ത്തുവെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ ശ്രീതുവിന്റൈയും ശ്രീജിത്തിന്റെയും ഹരികുമാറിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ശ്രീതുവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സഹോദരന്‍ ഹരികുമാറുമായുള്ള ചാറ്റുകളില്‍ നിന്ന് നിര്‍ണായക വിവരം ലഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
ഹരികുമാര്‍ കുറ്റം സമ്മതിച്ചെങ്കിലും എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നതില്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അച്ഛനൊപ്പാമായിരുന്നു കുട്ടിയെ ഉറക്കാന്‍ കിടത്തിയതെന്നായിരുന്നു ശ്രീതുവിന്റെ മൊഴി, എന്നാല്‍ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോള്‍ അമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. അയല്‍വാസികളുടെ മൊഴികളില്‍ നിന്ന് ശ്രീതു പറയുന്നതില്‍ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തിയത്. മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റെന്തൊക്കെയോ വിഷയത്തിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് രാവിലെ 8.15-ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തുന്നത്. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ് മരിച്ചത്. അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
രാവിലെ മുതലുള്ള ചോദ്യം ചെയ്യലില്‍ ഹരികുമാര്‍ പൊലീസിനോട് തട്ടിക്കയറുന്ന അവസ്ഥ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നില്ല. സംഭവത്തില്‍ പൊലീസ് തന്നെ കാര്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുവെന്ന മറുപടിയാണ് ഹരികുമാര്‍ നല്‍കിയത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് പ്രതി ഒടുവില്‍ കുറ്റം സമ്മതിച്ചത്.
സംഭവത്തില്‍ രാവിലെ മുതല്‍ അടിമുടി ദുരൂഹത തുടര്‍ന്നിരുന്നു. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് രാവിലെ തന്നെ കുട്ടിയുടെ അച്ഛന്‍, അമ്മ, മുത്തശ്ശി, അമ്മയുടെ സഹോദരന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കുട്ടിയുടെ ശരീരത്തില്‍ മറ്റു മുറിവുകള്‍ ഒന്നും ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങളും ദേഹപരിശോധനയില്‍ കണ്ടെത്തിയില്ല. ഹരികുമാര്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. ''പുലര്‍ച്ചെ അഞ്ചരയോടെയാണ് പൊലീസ് വിവരം അറിയുന്നത്. അപ്പോള്‍ത്തനെ സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു. ബന്ധുക്കള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. ഈ വീട്ടില്‍ ചെറിയൊരു തീപിടിത്തം ഉണ്ടായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന വാര്‍ത്ത വന്നതോടെ എംഎല്‍എയുള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിരുന്നു.