അമിത് ഉറാങ് വളരെ സൂത്രശാലി; കയ്യില്‍ പത്തിലധികം മൊബൈലുകളും സിമ്മുകളും; വിജയകുമാറിന്റെയും ഭാര്യയുടെയും മൊബൈലിനൊപ്പം ഹാര്‍ഡ് ഡിസ്‌കും മാറ്റി; ഒടുവില്‍ തെളിവെടുപ്പിനിടെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത് വിജയകുമാറിന്റെ വീടിന് തൊട്ടടുത്തെ തോട്ടില്‍ നിന്നും
ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത് വിജയകുമാറിന്റെ വീടിന് തൊട്ടടുത്തെ തോട്ടില്‍ നിന്നും
കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍, കാണാതായ ഹാര്‍ഡ് ഡിസ്‌ക് കൊല്ലപ്പെട്ട വിജയകുമാറിന്റെ വീടിന് അടുത്തുള്ള തോട്ടില്‍ നിന്ന് കണ്ടെത്തി.തൃശൂര്‍ മാളയില്‍ നിന്ന് പിടിയിലായ പ്രതി അമിത് ഉറാങ് ഹാര്‍ഡ് ഡിസ്‌ക് തൊട്ടടുത്തെ തോട്ടിലെറിഞ്ഞ് കളഞ്ഞെന്ന് മൊഴി നല്‍കിയിരുന്നു.
അമിതിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വിജയകുമാറിന്റെ വീടിന് പിന്‍വശത്ത് 200 മീറ്റര്‍ ദൂരെ മാറിയാണ് തോടുള്ളത്. പൊലീസിന്റെ നിര്‍ദേശ പ്രകാരം സമീപവാസികളായ രണ്ട് പേരാണ് തോട്ടിലിറങ്ങി തെരച്ചില്‍ നടത്തിയത്. കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവാണ് ഹാര്‍ഡ് ഡിസ്‌ക്.
കോട്ടയം ഗാന്ധിനഗര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു പുലര്‍ച്ചെ അസമില്‍ നിന്നുള്ള അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമില്‍ നിന്നാണ് അമിതിനെ കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ കഴിയുന്നതിനിടെ അമിത് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തതാണ് പ്രതിയിലേക്കെത്താന്‍ പൊലീസിനെ സഹായിച്ചത്.
ഇരട്ടക്കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് കാരണം മുന്‍ വൈരാഗ്യം തന്നെയെന്നും പൊലീസ് വ്യക്തമാക്കി. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ ഒളിവിലുള്ള പ്രതിയിലേക്ക് പോലീസ് എത്തുകയായിരുന്നു.
വിജയകുമാറിന്റെ ഓഡിറ്റോറിയത്തില്‍ അമിത് ഒറാങ് മൂന്ന് വര്‍ഷത്തോളം സെക്യൂരിറ്റി ആയി ജോലിചെയ്തിരുന്നു. ഇതേസമയത്ത് അന്യസംസ്ഥാനത്തൊഴിലാളിയായ യുവതി വിജയകുമാറിന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. അമിതും യുവതിയും ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. നിയമപരമായി വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും യുവതി തന്റെ ഭാര്യ ആയിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. ഇതിനിടെയാണ് വിജയകുമാറിന്റെ പരാതിയെ തുടര്‍ന്ന് മോഷണക്കേസില്‍ അമിത് അറസ്റ്റിലാകുന്നത്. അഞ്ച് മാസത്തോളം ജയില്‍ കഴിഞ്ഞു. ഈ സമയത്ത് അമിത്തിനെ ഉപേക്ഷിച്ച് യുവതി തിരികെ പോയി. തന്റെ കുടുംബം നശിപ്പിച്ചതിനു പിന്നില്‍ വിജയകുമാറും ഭാര്യയും ആണെന്ന് കരുതിയാകാം ക്രൂരകൊലയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
വളരെ സൂത്രശാലിയാണ് പ്രതിയെന്ന് പോലീസ് പറയുന്നു. പത്തിലധികം മൊബൈല്‍ ഫോണുകളും സിമ്മുകളും പ്രതിയുടെ പക്കലുണ്ടായിരുന്നു. പലപ്പോഴും മൊബൈല്‍ ഫോണുകള്‍ മാറിമാറിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് അന്വേഷണത്തില്‍ പോലീസിനെ കുഴപ്പിച്ചിരുന്നു. കൃത്യത്തിന് ശേഷം കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈല്‍ ഫോണുകള്‍ പ്രതി എടുത്തിരുന്നു. ഇതില്‍ ഒരു മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നു. ഫോണില്‍നിന്ന് ഗുഗിള്‍ അക്കൗണ്ട് ലോഗൗട്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു എന്നാല്‍, ഇത് പോലീസിന് പിടിവള്ളിയായി.
വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലാന്‍ ഉപയോഗിച്ച കോടാലിയിലെ ഫിംഗര്‍ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിരുന്നു. അമിത് മോഷണ കേസില്‍ അറസ്റ്റിലായപ്പോള്‍ ശേഖരിച്ച ഫിംഗര്‍ പ്രിന്റ്‌റും കോടലിയിലെ ഫിംഗര്‍ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളില്‍ ഫിംഗര്‍ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താന്‍ അമിത് ദിവസങ്ങള്‍ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയില്‍ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജില്‍ നിന്ന് മുറി ഒഴിഞ്ഞു. വൈകിട്ട് കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താന്‍ പോയത്. ലോഡ്ജില്‍ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയില്‍വെ സ്റ്റേഷനില്‍ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.