കെഎസ്ആര്‍ടിസി ബസിലെ സ്വര്‍ണ കവര്‍ച്ച; മൂന്നു പേര്‍ അറസ്റ്റില്‍: ജ്വല്ലറി ജീവനക്കാരനില്‍ നിന്നും തട്ടിയെടുത്തത് ഒരു കോടി രൂപയുടെ സ്വര്‍ണം
കെഎസ്ആര്‍ടിസി ബസിലെ സ്വര്‍ണ കവര്‍ച്ച; മൂന്നു പേര്‍ അറസ്റ്റില്‍
മലപ്പുറം: കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ബസില്‍ യാത്ര ചെയ്യുക ആയിരുന്ന ജ്വല്ലറി ജീവനക്കാരനില്‍നിന്നാണ് മൂന്നംഗ സംഘം 1172 ഗ്രാം വരുന്ന സ്വര്‍ണം കവര്‍ന്നത്. എറണാകുളം പള്ളുരുത്തി നെല്ലിക്കല്‍ ഹൗസില്‍ നൗഫല്‍ (34), എറണാകുളം പള്ളുരുത്തി പാറപ്പുറത്ത് ഹൗസില്‍ നിസാര്‍ (ജോയ് 50), കോഴിക്കോട് കൊയിലാണ്ടി പൊയില്‍ക്കാവ് നാലേരി വീട്ടില്‍ ജയാനന്ദന്‍ (ബാബു 61) എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പി ഇ.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തിരൂരിലെ ജ്വല്ലറിയില്‍നിന്നു മടങ്ങുകയായിരുന്ന തൃശൂര്‍ കുണ്ടുകാട് മാടശ്ശേരി കളരിക്കല്‍ ഹൗസില്‍ ജിബിയാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ജിബിയുടെ കൈവശം ഉണ്ടായിരുന്ന ബാഗിലെ സ്വര്‍ണമാണ് കുറ്റിപ്പുറത്തുനിന്ന് എടപ്പാളിലേക്കുള്ള ബസ് യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം രാത്രി നഷ്ടമായത്. ബാഗിന്റെ സിപ് തുറന്ന് ആഭരണം കവരുകയായിരുന്നു.
തിരൂര്‍ ഡിവൈഎസ്പി ഇ.ബാലകൃഷ്ണന്‍, ചങ്ങരംകുളം സിഐ എസ്.ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. എടപ്പാളിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചതില്‍നിന്ന് ഒരു സംഘം ഇവിടെ ബസ് ഇറങ്ങി നടന്നുപോകുന്നത് ശ്രദ്ധയില്‍പെട്ടു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് എടപ്പാളിലെ ലോട്ടറി ഏജന്‍സി ഉടമയില്‍നിന്ന് പണം അപഹരിച്ച സംഘം വീണ്ടും എടപ്പാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താന്‍ സഹായിച്ചത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.