പരസ്പരം കടിച്ചുകീറിയ യുവാക്കളുടെ രണ്ടുസംഘങ്ങളെ തടയാന്‍ ശ്രമിച്ചത് കുറ്റമായി; മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമര്‍ദ്ദനം; കാര്‍ ഡോറിനോട് കൈചേര്‍ത്ത് പിടിച്ച് അരക്കിലോമീറ്റര്‍ വലിച്ചിഴച്ചു; യുവാവ് ആശുപത്രിയില്‍

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമര്‍ദനം.

Update: 2024-12-16 04:53 GMT

വയനാട്: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമര്‍ദനം. പയ്യംമ്പള്ളിയിലെ മാതനെയാണ് ഒരുസംഘം വിനോദ സഞ്ചാരികള്‍ ആക്രമിച്ചത്. ഇന്നലെയായിരുന്നു സംഭവം.

കുടല്‍ കടവില്‍ചെക്കു ഡാം കാണാനെത്തിയ രണ്ടുസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത് തടയാന്‍ ചെന്നതായിരുന്നു മാതന്‍. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ മാതന്‍ തടയുകയായിരുന്നു. കൈപിടിച്ച് മാനന്തവാടി- പുല്‍പ്പള്ളി റോഡിലൂടെ കാറില്‍ അരക്കിലോമിറ്ററോളം വലിച്ചിഴച്ചെന്നാണ് പരാതി. അരയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ മാതനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറിന്റെ ഡോറിനോട് കൈ ചേര്‍ത്തുപിടിച്ച് അരക്കിലോമീറ്ററോളം ദൂരം യുവാവിനെ വലിച്ചിഴച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബഹളം കേട്ട് പ്രശ്നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തര്‍ക്കമുണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറിലിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്.

സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആദിവാസി യുവാവിനെ വലിച്ചിഴച്ച കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. KL 52 H 8733 എന്ന മാരുതി സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലുപേര്‍ ആയിരുന്നു കാറിലുണ്ടായിരുന്നത്. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസ് എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags:    

Similar News