ട്രെയിനില്‍ ആക്രമണമുണ്ടായാല്‍ മെമ്മോ നല്‍കണം; അല്ലെങ്കില്‍ പ്രതിയെ പെറ്റിക്കേസ് ചുമത്തി വിട്ടയ്ക്കും; ടിടിയെ ആക്രമിച്ച കേസിലെ പ്രതിയെ വിട്ടത് വിവാദത്തില്‍; സനൂപ് വീണ്ടും മൊഴി നല്‍കും; ഷാലിമാര്‍ എക്‌സ്പ്രസിലെ ആക്രമണവും കൊലപാതക ശ്രമമാകും

Update: 2025-11-05 05:27 GMT

തൃശ്ശൂര്‍: ഇരിങ്ങാലക്കുട സ്റ്റേഷനുസമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമിച്ച സംഭവത്തില്‍ വിശദ അന്വേഷണം നടത്തും. എറണാകുളത്തെ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറായ എ. സനൂപിനാണ് സംഭവത്തില്‍ കൈയ്ക്ക് പരിക്കേറ്റത്. സനൂപിന്റെ മൊഴി പോലീസ് എടുക്കും.

കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെ പരാതി ലഭിക്കാത്തതിനാല്‍ പോലീസ് വിട്ടയച്ചിരുന്നു. മദ്യപിച്ച് ശല്യം ചെയ്‌തെന്ന നിലയില്‍ പെറ്റിക്കേസ് മാത്രമാണ് പ്രതിയായ പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി നിധിനെ (37)തിരേ ചുമത്തിയിരുന്നത്. ഞായറാഴ്ച രാത്രി തിരുവനന്തപുരത്തുനിന്ന് ഷാലിമാറിലേക്ക് പോയിരുന്ന ഗുരുദേവ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ മദ്യപിച്ച് ബഹളം വയ്ക്കുന്നതുകണ്ട് പിടികൂടിയപ്പോള്‍ ജനറല്‍ ടിക്കറ്റിലാണ് യാത്രയെന്ന് മനസ്സിലായി. തുടര്‍ന്ന് ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് മാറണമെന്നാവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ കൈയില്‍ പിടിച്ചുവലിച്ച് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചത്.

തൃശ്ശൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സനൂപ് റെയില്‍വേ പോലീസില്‍ വിവരമറിയിച്ച് സ്വയം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പ്രാഥമിക ചികിത്സ നേടിയശേഷം എറണാകുളത്തേക്ക് പോയി. ട്രെയിനില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ പതിവുള്ള മെമ്മോ നല്‍കിയിട്ടില്ലെന്നും അതിനാലാണ് പെറ്റിക്കേസില്‍ ഒതുങ്ങാന്‍ കാരണമെന്നും റെയില്‍വേ പോലീസ് വിശദീകരിക്കുന്നു. എന്നാല്‍ ഓടുന്ന ട്രെയിനില്‍നിന്നു തള്ളിയിടാനുള്ള ശ്രമത്തെത്തുടര്‍ന്ന് കടുത്ത മാനസികാഘാതത്തിലായിരുന്നെന്നും ഇതുമൂലമാണ് രേഖാമൂലം പരാതി നല്‍കാതെ വീട്ടിലേക്ക് മടങ്ങിയതെന്നും സനൂപ് പറയുന്നു.

കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ അടുത്തദിവസം തന്നെ നേരിട്ടെത്തി മൊഴിനല്‍കും. ഇതോടെ കൂടുതല്‍ വകുപ്പ് ചേര്‍ക്കും. അതിന് ശേഷം പ്രതിയെ വീണ്ടും അറസ്റ്റു ചെയ്യും. കൊലപാതക ശ്രമം പ്രതിയ്‌ക്കെതിരെ ചുമത്താനാണ് സാധ്യത.

Similar News