തീവണ്ടിയിലെ ചവിട്ടി വീഴ്ത്തല്‍: സുരേഷ് കുമാറിനായി കസ്റ്റഡി അപേക്ഷ നല്‍കാന്‍ റെയില്‍വേ പൊലീസ്; സുരേഷിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും; സിസിടിവിയില്‍ സത്യം തെളിഞ്ഞു
തിരുവനന്തപുരം : വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവത്തില്‍ പിടിയിലായ സുരേഷ് കുമാറിനായി കസ്റ്റഡി അപേക്ഷ നല്‍കാന്‍ റെയില്‍വേ പൊലീസ്. സുരേഷിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിക്കൊപ്പം ട്രെയിനില്‍ ഉണ്ടായിരുന്ന സുഹൃത്തിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പാലോട് സ്വദേശിനി ശ്രീക്കുട്ടി (20) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തലച്ചോറിനും നട്ടെല്ലിനുമാണ് ഗുരുതര പരിക്കേറ്റത്. മരുന്നുകളോട് ശ്രീക്കുട്ടി പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം. ചികിത്സ തൃപ്തികരമാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഞായര്‍ രാത്രി എട്ടോടെ വര്‍ക്കല അയന്തിപാലത്തിന് സമീപത്താണ് സംഭവം. കേരള എക്‌സ്പ്രസില്‍ ആലുവയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ശ്രീക്കുട്ടിയെ, മദ്യപിച്ച് ട്രെയിനില്‍ കയറിയ വെള്ളറട പനച്ചുമൂട് വേങ്ങോട് വടക്കിന്‍കര വീട്ടില്‍ സുരേഷ് കുമാര്‍ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണ്ണായക തെളിവാകും.
ട്രെയിനിന്റെ വാതിലില്‍ നിന്ന് പെണ്‍കുട്ടി മാറാഞ്ഞതിന്റെ ദേഷ്യത്തിലാണ് താന്‍ ചവിട്ടിയത് എന്നായിരുന്നു പൊലീസില്‍ പ്രതി മൊഴി നല്‍കിയത്. എന്നാല്‍ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി പുറത്തേക്ക് ചവിട്ടി തള്ളിയിട്ടതെന്ന് പൊലീസ് പറഞ്ഞു. പുകവലി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യംമൂലമാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ശുചിമുറിക്ക് സമീപം നിന്ന പ്രതി സിഗരറ്റ് വലിച്ചുകൊണ്ട് ശ്രീക്കുട്ടിയുടെയും അര്‍ച്ചനയുടെയും അടുത്തെത്തി. മദ്യത്തിന്റെയും സിഗരറ്റിന്റെയും അസഹനീയഗന്ധംകാരണം ഇവര്‍ പ്രതിയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു ആക്രമണം.
വര്‍ക്കലയില്‍ നിര്‍ത്തിയ ട്രെയിന്‍ വീണ്ടും പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടികള്‍ ശുചിമുറിയിലേക്ക് പോയത്. ശ്രീക്കുട്ടി വാതിലിന് സമീപത്തുനിന്നശേഷം അര്‍ച്ചന ശുചിമുറിയില്‍ കയറി. അര്‍ച്ചന മടങ്ങിവരുമ്പോഴാണ്, വാതിലിന് സമീപത്തുനിന്ന പെണ്‍കുട്ടിയെ ഇയാള്‍ നടുവിന് ചവിട്ടിയിടുന്നത് കണ്ടത്. നിലവിളിച്ചതോടെ അക്രമി തനിക്കുനേരെ തിരിഞ്ഞ് കൈയില്‍ കടന്നുപിടിച്ച് വലിച്ച് പുറത്തേക്ക് തള്ളാന്‍ ശ്രമിച്ചെന്നും കമ്പാര്‍ട്മെന്റിലെ കമ്പിയില്‍ പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നെന്നും അര്‍ച്ചന പറയുന്നു. നിലവിളി കേട്ട് മറ്റു യാത്രക്കാര്‍ ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
