നിലവിളി കേട്ട് ഓടി എത്തിയവരോട് പറഞ്ഞത് കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്ന്; പൊലീസിന് ചില സംശയങ്ങള്‍ തോന്നി ചോദ്യം ചെയ്തു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ എറിഞ്ഞ് കൊന്നതെന്ന് അമ്മയുടെ കുറ്റ സമ്മതം
കണ്ണൂര്‍: കണ്ണൂരില്‍ കുളിപ്പിക്കുന്നതിനിടെ കിണറ്റില്‍ വീണ് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കിണറ്റിലേക്ക് കൈയില്‍നിന്ന് വഴുതി വീണതല്ലെന്നും എറിഞ്ഞ് കൊന്നതാണെന്നും മാതാവ് മൂലക്കല്‍ പുതിയപുരയില്‍ മുബഷിറ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൈയില്‍ നിന്ന് കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നായിരുന്നു മുബഷീറ ആദ്യം പറഞ്ഞത്.
കുറുമാത്തൂര്‍ ഡെയറി ജുമാമസ്ജിദിന് സമീപത്തെ ആമിഷ് അലന്‍ ആണ് ഇന്നലെ മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. മുബഷിറയുടെ നിലവിളി കേട്ട് വീടിന് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തുകയായിരുന്നു. സമീപവാസിയാണ് കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.
വീട്ടിലെ കുളിമുറിയില്‍വെച്ച് കുളിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റിലേക്ക് കുഞ്ഞ് വീഴുകയായിരുന്നുവെന്നാണ് ഓടിക്കൂടിയവരോടും പൊലീസിനോടും മുബഷിറ പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസിന് ചില സംശയങ്ങള്‍ തോന്നി മുബഷിറയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. കുഞ്ഞിന്റെ പിതാവ്: ജാബിര്‍ (ബിസിനസ്, കുടക് കുശാല്‍ നഗര്‍). സഹോദരങ്ങള്‍: സഫ ഫാത്തിമ, അല്‍ത്താഫ്, അമന്‍.