അബ്കാരി നിയമപ്രകാരം ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്നത് മൂന്ന് ലിറ്റര്‍ മദ്യം; പത്ത് മില്ലി ലിറ്റര്‍ മദ്യം കൈവശം വെച്ച യുവാവ് ഒരാഴ്ച ജയിലില്‍; വിദേശമദ്യം കുപ്പികളിലാക്കി ആവശ്യക്കാര്‍ക്ക് വിറ്റുവെന്ന് എഫ്‌ഐആര്‍; 'ഇത് ജനാധിപത്യ രാജ്യമാണ്, ബനാന റിപ്പബ്ലിക്കല്ല' എന്ന് കോടതി; വളാഞ്ചേരി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് രൂക്ഷവിമര്‍ശനം

വളാഞ്ചേരി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് രൂക്ഷവിമര്‍ശനം

Update: 2025-11-04 07:28 GMT

മഞ്ചേരി: പത്ത് മില്ലി ലിറ്റര്‍ മദ്യം കൈവശം വെച്ച യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവത്തില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം. വളാഞ്ചേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിന്റെ രൂക്ഷ വിമര്‍ശനം. തിരൂര്‍ പൈങ്കണ്ണൂര്‍ സ്വദേശി ധനേഷി(32)നെയാണ് ഇക്കഴിഞ്ഞ 25ന് പൊലീസ് അറസ്റ്റ് ചെയ്തത്. 10 മില്ലി ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം കൈവശം വെച്ചതിന് യുവാവിന് ഒരാഴ്ച ജയിലില്‍ കിടക്കേണ്ടിയും വന്നിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു അറസ്റ്റ് നടക്കാന്‍ പാടില്ലായിരുന്നെന്നും ബനാന റിപ്പബ്ലിക്കില്‍ മാത്രമേ ഇത് സംഭവിക്കൂവെന്നും കോടതി വിമര്‍ശിച്ചു. അബ്കാരി നിയമപ്രകാരം ഒരു വ്യക്തിക്ക് ഉപഭോഗത്തിനായി മൂന്ന് ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാനാകും. ഈ സാഹചര്യത്തിലാണ് 10 മില്ലി ലിറ്റര്‍ മദ്യം സൂക്ഷിച്ചതിന് അബ്കാരി കേസില്‍ യുവാവിനെ അന്വേഷണ ഉദ്യോഗസ്ഥന്‍ കുടുക്കിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടിയില്‍ കോടതിക്ക് സംശയമുണ്ടെന്നും ജഡ്ജി പറഞ്ഞു.

ഇത്തരമൊരു അറസ്റ്റ് നടന്നത് ഏതെങ്കിലും 'ബനാന റിപ്പബ്ലിക്കില്‍' അല്ലെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം. തിരൂര്‍ സ്വദേശിയായ ധനേഷ് ഒരാഴ്ച ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു.  കഴിഞ്ഞ ദിവസം ധനേഷിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. ബാര്‍ബര്‍ കട നടത്തിവരുന്ന ധനേഷ് ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കാം ഈ തൊണ്ടി മുതലെന്ന് നിരീക്ഷിച്ച കോടതി സമൂഹത്തിലെ താഴെക്കിടയിലുള്ള യുവാവിനെ അറസ്റ്റ് ചെയ്യുന്നതില്‍ അമിതാവേശം കാണിച്ച എസ് ഐയുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ സംവേദന ക്ഷമതയുള്ളവനായിരിക്കണമെന്നും ഇക്കാര്യം പൊലീസിലെ ഉന്നതര്‍ പരിശോധിക്കണമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

നിയമപരമായ അനുമതി ഇല്ലാതെ പ്രതി വളാഞ്ചേരി ടൗണിലെ എകെജി റോഡില്‍ ആച്ചിക്കുളം മിനി മാളില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ബര്‍ ഷോപ്പില്‍ അനധികൃതമായി ഇന്ത്യന്‍ വിദേശമദ്യം സംഭരിച്ച് ആവശ്യക്കാര്‍ക്ക് കുപ്പികളിലാക്കി അമിത ആദായത്തിനായി വില്‍പ്പന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കേരള അബ്കാരി ആക്ട് 55(a) 55(I) വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News