'രാമനിലയത്തില്‍ ഇപി ജയരാജനെ കാണാന്‍ പോയിരുന്നു; 24 മണിക്കൂര്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇ.പിയുടെ കഴുത്തില്‍ കുങ്കുമ ഹരിത പതാക വീഴുമായിരുന്നു; പുസ്തകം വായിച്ചപ്പോള്‍ ഉള്ളില്‍ ചിരിക്കുകയായിരുന്നു; യഥാര്‍ഥത്തില്‍ അതിന് ഇടേണ്ട പേര് കള്ളന്റെ ആത്മകഥ എന്നായിരുന്നു'; ഇ പി ജയരാജന് എതിരെ വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍

ഇ പിക്കെതിരെ ശോഭാ സുരേന്ദ്രന്‍

Update: 2025-11-04 11:06 GMT

തൃശ്ശൂര്‍: സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇ.പി ജയരാജന്റെ പുസ്തകത്തിന് ഒരു കള്ളന്റെ ആത്മകഥയെന്നാണ് പേരിടേണ്ടിയിരുന്നതെന്ന് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ജയരാജനെക്കൊണ്ട് കോടതിയില്‍ മറുപടി പറയിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഫോണ്‍ വിളിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവുമെന്ന് തിരിച്ചറിയുന്ന പ്രത്യേക യന്ത്രം ജയരാജന്റെ കയ്യിലുണ്ടോ എന്നും ശോഭ ചോദിച്ചു.

ഇ പി ജയരാജന്റെ പുസ്തകത്തിന് യഥാര്‍ത്ഥത്തില്‍ ഇടേണ്ട പേര് 'കള്ളന്റെ ആത്മകഥ' എന്നായിരുവെന്ന് ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചു. ഇ പി ജയരാജനെ കാണാന്‍ രാമനിലയത്തില്‍ പോയിരുന്നു എന്ന പ്രസ്താവന ശോഭാ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. മൂന്ന് തവണ രാമനിലയില്‍ പോയിരുന്നു. ഒരു തവണ പോയത് ഇപി ജയരാജനെ കാണാനാണ്. അന്ന് 24 മണിക്കൂര്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഇപിയുടെ കഴുത്തില്‍ ബിജെപിയുടെ ഷാള്‍ വീഴുമായിരുന്നുവെന്നും ശോഭാ പറയുന്നു. മാനനഷ്ടക്കേസില്‍ ഇ പി ജയരാജനെ കോടതിയില്‍ മൂക്ക് കൊണ്ട് 'ക്ഷ' വരപ്പിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ആത്മകഥയില്‍ ശോഭാ സുരേന്ദ്രനെതിരെ ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്നു. തന്റെ മകനെ ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശോഭാ സുരേന്ദ്രന്‍ ശ്രമം നടത്തിയെന്നായിരുന്നു ആത്മകഥയില്‍ പറഞ്ഞത്. എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങി, നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും ഇ പി ജയരാജന്‍ പറയുന്നു. ഇ പി ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത്.

ഇപി ജയരാജന്റെ പുസ്തകത്തെക്കുറിച്ച് കേട്ടപ്പോള്‍ താന്‍ ഉള്ളിന്റെ ഉള്ളില്‍ ചിരിക്കുകയായിരുന്നു. തന്റെ ജീവിതത്തില്‍ ആകെ മൂന്ന് തവണ മാത്രമാണ് രാമനിലയത്തിനകത്ത് പോയിട്ടുള്ളതെന്നും, താന്‍ വെറുതെ റൂം ബുക്ക് ചെയ്യുന്ന ഒരാളല്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അതിലൊന്ന് ഇ.പി.ജയരാജനെ കാണാനാണെന്നും അവര്‍ വ്യക്തമാക്കി. ഒരു കാര്യം ചെയ്യുമ്പോള്‍ തന്റേടം വേണമെന്നും, ജീവിതത്തില്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ ആലോചിച്ചതിനു ശേഷം ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കണം എന്നും ശോഭ പറഞ്ഞു.

തന്റെ പഴയ വാര്‍ത്തസമ്മേളനം കേട്ടാലറിയാം. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയ അന്ന് രാമനിലയത്തിലെ തൊട്ടടുത്ത മുറിയില്‍ മന്ത്രി രാധാകൃഷ്ണനും പൊലീസ് ഓഫീസര്‍മാരും ഉണ്ടായിരുന്നു. മന്ത്രിയുടെ മുറിയോട് ചേര്‍ന്നായിരുന്നു ഇ.പി താമസിച്ചിരുന്ന മുറി. രാധാകൃഷ്ണനെ കവര്‍ ചെയ്ത് പുറത്തിറങ്ങി വരാനാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് താന്‍ പുറത്തിറങ്ങി നോക്കിയത്. ആകെ മൂന്ന് വട്ടമാണ് താന്‍ രാമനിലയത്തില്‍ പോയിട്ടുള്ളത്. അതില്‍ ഒന്ന് ഇ.പി ജയരാജനെ കാണാനായിരുന്നുവെന്നും ശോഭ പറഞ്ഞു.

കോടതിയില്‍ ജയരാജനെ മൂക്കുകൊണ്ട് ക്ഷ വരപ്പിക്കും. ഇതുവരെ ഇ.പി ജയരാജന്‍ നട്ടെല്ലുള്ളവരോട് മുട്ടിയിട്ടില്ല. തനിക്ക് ഇ.പി ജയരാജന്റെ പുസ്തകത്തിലെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഒരു കാര്യം ചെയ്യുമ്പോള്‍ തന്റേടം വേണ്ടേ. ജീവിതത്തില്‍ ആലോചിച്ചെടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കണം. പാര്‍ട്ടി യോഗം ചേര്‍ന്ന് ചോദ്യം ചെയ്ത് പിണറായി വിജയന്‍ മാറ്റിനിര്‍ത്തിയ ശേഷമാണ് ജയരാജന്‍ നിഷ്‌കളങ്കനാണെന്ന് പറയുന്നത്, ബാക്കി പൂരിപ്പിക്കാനുണ്ടല്ലോ. 24 മണിക്കൂര്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇ.പിയുടെ കഴുത്തില്‍ തങ്ങളുടെ കുങ്കുമ ഹരിത പതാക വീഴുമായിരുന്നു. ആടിനെ പട്ടിയാക്കി മാറ്റുന്നവരാണ് സി.പി.എം. അത്തരക്കാര്‍ക്കിടയില്‍ വയസാംകാലത്ത് പിടിച്ചുനില്‍ക്കാനുള്ള ഇ.പിയുടെ ശ്രമം അവഗണിക്കപ്പെടേണ്ടതായിരുന്നുവെന്നും ശോഭ പറഞ്ഞു.

Tags:    

Similar News