'ഇരയെ പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെ'; കഴുത്തില്‍ കോളറിട്ട് അഭിമുകം നല്‍കി മന്ത്രി വീണാ ജോര്‍ജ്; കെ.എസ്.യു പ്രതിഷേധത്തില്‍ ഗൂഢാലോചനയെന്ന് മന്ത്രി

Update: 2026-03-01 07:17 GMT

പത്തനംതിട്ട: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം തന്നെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമായിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

പരിക്കേറ്റതിനെത്തുടര്‍ന്ന് കഴുത്തില്‍ സര്‍ജിക്കല്‍ കോളര്‍ ധരിച്ച് മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി അന്നത്തെ ഭീകരാന്തരീക്ഷം വിവരിച്ചത്. 'ഒരു പുലി ഇരയെ പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെയായിരുന്നു അവരുടെ നീക്കം. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അവര്‍ സുരക്ഷാവലയം ഭേദിച്ച് തനിക്ക് നേരെ കുതിച്ചെത്തുന്നത് കാണാം,' മന്ത്രി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജിലെ ഐ.സി.യു വാസത്തിന് ശേഷം പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലാണ് മന്ത്രിയിപ്പോള്‍.

റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ടിക്കറ്റ് കൗണ്ടര്‍ കഴിഞ്ഞു മുന്നോട്ട് പോകുമ്പോള്‍ പ്രതിഷേധക്കാര്‍ ഒളിഞ്ഞിരുന്ന് പെട്ടെന്ന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. 'ആദ്യത്തെയാള്‍ കരിങ്കൊടിയുമായി വന്നപ്പോള്‍ സ്വാഭാവികമായും പൊലീസിന്റെ ശ്രദ്ധ അയാളിലേക്ക് പോയി. ആ തക്കം നോക്കി രണ്ടാമതൊരാള്‍ സുരക്ഷാവലയത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറി. ഒരു ജനപ്രതിനിധിയും സ്ത്രീയും മന്ത്രിയുമാണെന്ന പരിഗണന പോലുമില്ലാതെ അവര്‍ എനിക്ക് നേരെ കുതിച്ചു. അവിടെവച്ച് പിടിവലിയുണ്ടായി, എന്റെ ശരീരം നൊന്തിട്ടുണ്ട്,' വീണാ ജോര്‍ജ് വെളിപ്പെടുത്തി. തന്നെ ആക്രമിക്കുന്നത് ചിത്രീകരിക്കാന്‍ പ്രത്യേക ആളുകളെ സംഘം കരുതിയിരുന്നതായും മന്ത്രി ആരോപിച്ചു.

റെയില്‍വേ സ്റ്റേഷനിലെ സംഭവത്തിന് മുന്‍പ് തന്നെ കണ്ണൂരിലെ വിവിധയിടങ്ങളില്‍ വച്ച് തന്റെ വാഹനം തടയാനും ഫ്‌ലാഗ് പോസ്റ്റ് ഒടിക്കാനും ശ്രമമുണ്ടായതായി മന്ത്രി ഓര്‍ത്തെടുത്തു. ജനാധിപത്യപരമായ പ്രതിഷേധത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്നത് വ്യക്തമായ 'പ്ലാന്‍ഡ് അറ്റാക്ക്' ആണെന്നും മന്ത്രി ഉറപ്പിച്ചു പറയുന്നു. മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ ആക്രമണത്തിന് ഉപയോഗിച്ച ആയുധം ഏതാണെന്ന് വ്യക്തമാകൂ എന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം മൊഴി നല്‍കാന്‍ മന്ത്രിക്ക് ഇതുവരെ സാധിച്ചിട്ടില്ല. മന്ത്രിയുടെ പുതിയ വെളിപ്പെടുത്തലുകളോടെ കേസില്‍ വധശ്രമ കുറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ പൊലീസ് ശക്തമാക്കാനാണ് സാധ്യത.

Similar News