'നേരെ മുന്നിലാണ് വലിയ ശബ്ദത്തോടെ എന്തോ സാധനം ആകാശത്തു നിന്ന് വീണത്; കനത്ത പുക വ്യാപിച്ചു; തുടര്‍ച്ചയായി സ്‌ഫോടനങ്ങളുണ്ടായി; പെട്ടന്നു സൈറണ്‍ മുഴങ്ങി; ഇത് വ്യോമാക്രമാണെന്നു മനസിലായി; പിന്നെ, ആകെ ഒരു പരവേശമായിരുന്നു; ആളുകള്‍ തിരക്കിട്ട് ഓടുന്നു, എല്ലായിടത്തും യുദ്ധഭീതി'; നടുക്കം മാറാതെ ജുഫൈറില്‍ നിന്നും അനുഭവം പങ്കുവച്ച് മലയാളി
മനാമ: പതിവ് തിരക്കുകളിലേക്ക് ഉണരേണ്ടിയിരുന്ന ഗള്‍ഫ് നഗരങ്ങള്‍ സാക്ഷ്യം വഹിക്കുന്നത് യുദ്ധഭീതിയുടെ കനല്‍ പടരുന്ന ഭീകര കാഴ്ചകള്‍ക്ക്. ഒമാന്‍ ഒഴികെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ മിസൈലുകള്‍ പതിച്ചതോടെ, ലക്ഷക്കണക്കിന് പ്രവാസികള്‍ വസിക്കുന്ന മേഖലയില്‍ അങ്ങേയറ്റത്തെ ആശങ്കയാണ് പടരുന്നത്. കെട്ടിടങ്ങള്‍ കുലുങ്ങിയ സ്‌ഫോടനങ്ങളും ആകാശത്ത് പുകച്ചുരുളുകള്‍ തീര്‍ത്ത മിസൈല്‍ പ്രതിരോധങ്ങളും കണ്ട മലയാളി പ്രവാസികള്‍ തങ്ങളുടെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നും ദോഹയില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളി സിജോ വര്‍ഗീസ് പ്രതികരിച്ചു. ദോഹയിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഞങ്ങള്‍ സെന്‍ട്രല്‍ ദോഹയില്‍ തന്നെയാണ്. രാവിലെ ഒരു ഒരു 10 മിനിട്ട് ആയതേ ഉള്ളൂ. സ്‌ഫോടന ശബ്ദം കേട്ടിട്ടാണ് ഇപ്പോള്‍ എഴുന്നേറ്റത്. തലേന്ന് രാത്രിയിലും ആക്രമണ ശ്രമം ഉണ്ടായിരുന്നു. അതിനുശേഷം ഓക്കെ ആണെന്ന് വിചാരിച്ചാണ് എല്ലാവരും കിടന്നത്. പക്ഷേ ഖത്തറിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം വളരെ ഫലപ്രദമാണ്. അവര്‍ നല്ല രീതിയില്‍ തന്നെ ബ്ലോക്ക് ചെയ്യുന്നുണ്ട്. ഖത്തര്‍ ഭരണകൂടെ കൃത്യമായി വിവരങ്ങള്‍ നല്‍കുന്നുണ്ട്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കോ മറ്റ് നാശനഷ്ടങ്ങളോ ഇല്ലെന്നും സിജോ പറഞ്ഞു.
ഇവിടെ ഭയപ്പെടേണ്ട സാഹചര്യമില്ല. ജനങ്ങള്‍ എല്ലാവരും സുരക്ഷിതരായി വീടുകളില്‍ തന്നെ താമസിക്കുക, പുറത്തേക്ക് ഇറങ്ങരുത് എന്ന് സര്‍ക്കാര്‍ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളും വീട്ടുകാരും കാര്യങ്ങളെല്ലാം അന്വേഷിക്കുന്നുണ്ട്. ദുബായില്‍ നിന്ന് തന്നെ എന്റെ ഒരു സുഹൃത്ത് വിളിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം വിമാനത്താവളത്തിന് അടുത്താണ്. അവിടെയും സ്‌ഫോടന ശബ്ദം കേട്ടെന്നാണ് പറഞ്ഞതെന്നും സിജോ കൂട്ടിച്ചേര്‍ത്തു. ഖത്തറില്‍ മിസൈല്‍ ഭാഗങ്ങള്‍ വീണ് എട്ട് പേര്‍ക്ക് പരുക്ക് പറ്റി. ബഹ്‌റൈനില്‍ മുന്നറിയിപ്പുമായി സൈറണുകള്‍ മുഴങ്ങി. സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
കണ്‍മുന്നില്‍ പുക തുപ്പി മിസൈലുകള്‍: നടുക്കം മാറാതെ മാത്യൂസ് വര്‍ഗീസ്
വീട്ടിലേക്കുള്ള സാധനങ്ങളുമായി മടങ്ങുമ്പോള്‍ നേരെ മുന്നിലാണ് വലിയ ശബ്ദത്തോടെ എന്തോ സാധനം ആകാശത്തു നിന്ന് വീണത്. പിന്നെ കനത്ത പുക വ്യാപിച്ചു. ഇറാന്‍ ആക്രമിച്ചതാണെന്നു മനസ്സിലാകാന്‍ പിന്നെയും സമയം എടുത്തു. അപ്പോഴേക്കും തുടര്‍ച്ചയായി സ്‌ഫോടനങ്ങളുണ്ടായി. ഏറ്റവും തിരക്കുള്ള റോഡിനു തൊട്ടടുത്താണ് ഈ സംഭവങ്ങളൊക്കെ കാണുന്നത്. മൊബൈലില്‍ മുന്നറിയിപ്പു സന്ദേശം വന്നു, പെട്ടന്നു സൈറണ്‍ മുഴങ്ങി. അപ്പോഴേക്കും ഇത് വ്യോമാക്രമാണെന്നു മനസിലായി. പിന്നെ, ആകെ ഒരു പരവേശമായിരുന്നു. ആളുകള്‍ തിരക്കിട്ട് ഓടുന്നു, എല്ലായിടത്തും യുദ്ധഭീതി. അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാത്ത അവസ്ഥ. വൈകുന്നേരത്തോടെയാണ് അല്‍പം ശാന്തമായത്. ബഹ്‌റൈനില്‍ അമേരിക്കന്‍ സൈനിക താളം സ്ഥിതി ചെയ്യുന്ന ജുഫൈറിലാണ് ഈ സംഭവങ്ങളൊക്കെ നടന്നത്. ആകാശത്ത് പുകതുപ്പി പോകുന്ന മിസൈലുകള്‍ നമ്മുടെ കണ്ണിനു മുന്നില്‍ കാണാമായിരുന്നു.
ആകാശത്ത് വലിയ വെളിച്ചവും സ്‌ഫോടന ശബ്ദവും കണ്ടെന്ന് കൃഷ്ണകുമാര്‍
മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന മേഖലയാണ് മുസഫ. ഇവിടെ ഉച്ചയോടെ വലിയ ശബ്ദം കേട്ടാണ് ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ എത്തിയത്. അപ്പോള്‍ കാണുന്നത് ആകാശത്ത് വലിയ വെളിച്ചവും സ്‌ഫോടന ശബ്ദവുമാണ്. സ്‌ഫോടനത്തിനു പിന്നാലെ കെട്ടിടങ്ങള്‍ കുലുങ്ങി. എന്തെല്ലാമോ സാധനങ്ങള്‍ ഭൂമിയിലേക്കു വീഴുന്നുണ്ടായിരുന്നു. ലേബര്‍ ക്യാംപുകളുള്ള പ്രദേശമാണ് അവിടെ. അതിന്റെ പിന്നിലേക്ക് ചില വസ്തുക്കള്‍ വീഴുന്നത് കണ്ടു. തുടര്‍ച്ചയായി സ്‌ഫോടനം ഉണ്ടായി. ആകാശത്ത് മിസൈലുകള്‍ യുഎഇ സൈന്യം തകര്‍ക്കുന്നതിന്റെ ശബ്ദമാണെന്നു പിന്നീട് മനസിലായി. ഫ്‌ലാറ്റുകളില്‍ നിന്ന് ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങുന്നുണ്ടായിരുന്നു. മൊബൈലില്‍ മുന്നറിയിപ്പ് മെസേജ് വന്നു. കുറേ നേരത്തേക്കു മരവിപ്പായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥ. അത്രയും പേടിച്ചു പോയി.
സ്‌ഫോടനം ഉണ്ടായപ്പോള്‍ വലിയ കുലുക്കം അനുഭവപ്പെട്ടെന്ന് ദോഹില്‍ നിന്ന് ഏബ്രഹാം
ഓഫിസുകളില്‍ നിന്നു വീടുകളിലേക്കു മടങ്ങാനുള്ള അറിയിപ്പാണ് ആദ്യം വന്നത്. പിന്നാലെ, ഉഗ്രസ്‌ഫോടനമുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ പോലെ സ്‌ഫോടനം ഉണ്ടായത് ഓര്‍മ വന്നു. മിസൈല്‍ ആക്രമണമാണെന്നു മനസിലായി. വലിയ പുകയോടു കൂടി ചില സാധനങ്ങള്‍ ആകാശത്തൂ കൂടി നീങ്ങുന്നതാണ് ഓഫിസിനു വെളിയില്‍ ഇറങ്ങിയപ്പോള്‍ കണ്ട കാഴ്ച. ജെറ്റ് വിമാനം ആകാശത്തു കൂടി പോകുമ്പോള്‍ ഉണ്ടാകുന്നതു പോലെ പുകച്ചുരുള്‍. അതിന്റെ പാടുകള്‍ ആകാശത്ത് പിന്നെയും കുറെ നേരമുണ്ടായിരുന്നു. സ്‌ഫോടനം ഉണ്ടായപ്പോള്‍ വലിയ കുലുക്കം അനുഭവപ്പെട്ടു. ആകാശത്ത് മാത്രമല്ല, ഭൂമിയിലും സ്‌ഫോടക വസ്തുക്കള്‍ പതിച്ചു. കറുത്ത പുകച്ചുരുള്‍ ഉയര്‍ന്നു. വലിയ തീപിടിത്തവും കാണാമായിരുന്നു.
അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ജനക്കൂട്ടം
ഓഫിസില്‍ ഇരിക്കുമ്പോഴാണ് വലിയ ശബ്ദം പുറത്ത് കേട്ടത്. രണ്ടു തവണ ശബ്ദം കേട്ടു. എല്ലാവരും ഭയന്നു പോയി. വീടുകളിലേക്കു മടങ്ങാന്‍ അറിയിപ്പു വന്നു. സ്‌കുളുകളും വിട്ടു. കുട്ടികള്‍ സുരക്ഷിതരായി വീട്ടിലെത്തുന്ന കാര്യത്തിലായിരുന്നു ആശങ്ക. എന്തായാലും റോഡുകളില്‍ വാഹനങ്ങള്‍ കുറവായിരുന്നു. സുരക്ഷിതമായി വീട്ടിലെത്തി. അപ്പോഴാണ് അടുത്ത പ്രശ്‌നം. ആളുകള്‍ കൂട്ടത്തോടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ഓടുന്നു. അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. അതുപോലെ തന്നെ എടിഎം കൗണ്ടറുകളിലും ജനക്കൂട്ടമായിരുന്നു. പൈസ എടുത്തു വയ്ക്കാനും ജനം തിരക്കു കൂട്ടുന്നത് കാണാമായിരുന്നു. എല്ലാവരും വല്ലാതെ പേടിച്ചു പോയി. സാധനങ്ങള്‍ തീരുമോയെന്ന ആശങ്കയായിരുന്നു പലരുടെയും മുഖങ്ങളില്‍. സാധനം വാങ്ങാന്‍ പോയെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റിന്റെ അടുത്തു പോലും എത്താന്‍ സാധിച്ചില്ല. അത്രയും തിരക്കാണ്.
എങ്ങും കനത്ത ജാഗ്രത
റിയാദില്‍ രണ്ടു തവണ ശബ്ദം കേട്ടു. ഉച്ചയ്ക്കാണ് ശബ്ദം കേട്ടത്. പുറത്തിറങ്ങരുതെന്നു രാജ്യം കര്‍ശനം നിര്‍ദേശം നല്‍കിയിരുന്നു. ഫോട്ടോ എടുക്കാനോ വീടിനു പുറത്തിറങ്ങാനോ അനുവാദമില്ല. കിഴക്കന്‍ പ്രവിശ്യയിലും ആക്രമണം ഉണ്ടായതായി സുഹൃത്തുക്കള്‍ പറഞ്ഞു. ജനവാസ മേഖലയില്‍ എന്തെങ്കിലും സംഭവിച്ചതായി അറിവില്ല.
ഒമാന്‍ ഒഴികെയുള്ള 5 ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇറാന്‍ മിസൈല്‍ വര്‍ഷിച്ചു. മിസൈല്‍ ആക്രമണത്തില്‍ കുവൈത്ത് വിമാനത്താവളം ഭാഗികമായി തകര്‍ന്നു. മേല്‍ക്കൂരയുള്‍പ്പെടെ നിലംപതിച്ചു. മിസൈല്‍ അവശിഷ്ടം വീണ് അബുദാബിയില്‍ പാക്കിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു. ദുബായിലെ പാം ജുമൈറയില്‍ മിസൈല്‍ വീണു 4 പേര്‍ക്കു പരുക്കേറ്റു. ബഹ്‌റൈനില്‍ ഹൂറയില്‍ ഇറ ടവര്‍ അപാര്‍ട്‌മെന്റില്‍ മിസൈല്‍ പതിച്ച് വന്‍ തീപിടിത്തമുണ്ടായി.
ഇറാന്റെ മിസൈല്‍ ആക്രമണത്തിന് മുന്നോടിയായി ഇസ്രയേലില്‍ വ്യാപകമായി വ്യോമാക്രമണ സൈറണ്‍ മുഴങ്ങി. ഇസ്രയേല്‍ സൈനിക ആസ്ഥാനം ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ടെല്‍നോഫ് വ്യോമതാവളത്തിലും ആക്രമണമുണ്ടായി. മേഖലയിലെ 27 യുഎസ് താവളങ്ങള്‍ ആക്രമിച്ചെന്ന് ഇറാന്‍ വ്യക്തമാക്കി.
