'മനുഷ്യവംശത്തിന് വലിയ നഷ്ടം; കടകമ്പോളങ്ങള്‍ അടച്ചിടണം'; ഖമനെയി കൊല്ലപ്പെട്ടതില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഷിയാ നേതാക്കള്‍; മെഴുകുതിരിയേന്തി മാര്‍ച്ച് നടത്തും; ജമ്മു കശ്മീരില്‍ പ്രതിഷേധം

Update: 2026-03-01 05:10 GMT

ലഖ്നൗ: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ വിയോഗത്തെത്തുടര്‍ന്ന് ഇന്ത്യയിലെ ഷിയാ വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം കടുക്കുന്നു. ലഖ്നൗ മുതല്‍ കശ്മീര്‍ വരെ നീളുന്ന പ്രതിഷേധ പ്രകടനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനെയി കൊല്ലപ്പെട്ടതെന്ന് ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ പ്രമുഖ ഷിയാ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ ഷിയാ വിഭാഗം നേതാക്കള്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് ലഖ്‌നൌവിലെ ഷിയാ നേതാവ് മൗലാനാ സയ്ദ് കല്‍ബേ ജവാദ് പ്രഖ്യാപിച്ചത്. കടകമ്പോളങ്ങള്‍ അടച്ചിടണമെന്നും എന്നാല്‍ മറ്റാരെയും ഇതിനായി നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാത്രി 8 മണിക്ക് മെഴുകുതിരിയേന്തി മാര്‍ച്ച് നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.

മനുഷ്യവംശത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ട്രംപും നെതന്യാഹുവും അവരുടെ ചരമക്കുറിപ്പെഴുതി കഴിഞ്ഞെന്നും ദൈവം അവരെ ശിക്ഷിക്കുമെന്നും മൗലാനാ സയ്ദ് കല്‍ബേ ജവാദ് പ്രതികരിച്ചു. ഖമനെയി കൊല്ലപ്പെട്ടതില്‍ ജമ്മു കാശ്മീരിലും പ്രതിഷേധം. ലാല്‍ ചൗക്കില്‍ ഖമനെയിയുടെ ചിത്രവുമേന്തിയാണ് പ്രതിഷേധം.

'അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഒപ്പം നിന്ന നേതാവിനെ രക്തസാക്ഷിയാക്കിയ ഭീരുക്കളാണ്. ട്രംപും നെതന്യാഹുവും സ്വന്തം മരണ വാറണ്ടില്‍ ഒപ്പുവച്ചു കഴിഞ്ഞു. അല്ലാഹു അവരെ ശിക്ഷിക്കും. ഞങ്ങള്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കടകള്‍ അടച്ചിടണം, പക്ഷേ നമ്മള്‍ ആരെയും നിര്‍ബന്ധിക്കരുത്. ഇത് മനുഷ്യരാശിക്ക് വലിയ നഷ്ടമാണ്. ഇന്ന് രാത്രി 8 മണിക്ക് നമ്മള്‍ മെഴുകുതിരി കത്തിച്ച് മാര്‍ച്ച് നടത്തും'- എന്നാണ് മൗലാനാ സയ്ദ് കല്‍ബേ ജവാദിന്റെ പ്രതികരണം.

ജമ്മു കശ്മീരില്‍ പ്രതിഷേധ പ്രകടനം

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മരണം ഇറാന്‍ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചതിന് മിനിറ്റുകള്‍ക്ക് ശേഷം, ജമ്മു കശ്മീരിലെ ഷിയ അസോസിയേഷന്‍ ദുഃഖം രേഖപ്പെടുത്തി പ്രസ്താവന പുറത്തിറക്കി- 'ഇമാം ഖമനെയിയുടെ രക്തസാക്ഷിത്വത്തില്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ നേതാവിനും ഇറാനിലെ ജനങ്ങള്‍ക്കുമൊപ്പമുണ്ട്' എന്ന് ജെ & കെ ഷിയ അസോസിയേഷന്‍ പ്രസ്താവനയില്‍ പറയുന്നു. ഖമനെയിയുടെയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതില്‍ ഇന്ത്യയിലെ മതവിഭാഗങ്ങളില്‍ നിന്നുള്ള ആദ്യ പ്രതികരണമാണിത്. ഖമനെയിയെ വധിച്ചതില്‍ പ്രതിഷേധിച്ച് കശ്മീരി ഷിയ മുസ്ലീങ്ങള്‍ പ്രകടനം നടത്തുകയും ചെയ്തു.

ജമ്മു കശ്മീരിലെ ഷിയാ വിഭാഗങ്ങള്‍ക്കിടയിലും വലിയ രീതിയിലുള്ള വൈകാരിക പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ശ്രീനഗറിലെ ലാല്‍ ചൗക്ക്, സൈദാ കടല്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടി. ഖമനെയിയുടെ ചിത്രങ്ങളേന്തി സമാധാനപരമായാണ് പലയിടത്തും പ്രകടനങ്ങള്‍ നടന്നത്. ലാല്‍ ചൗക്കില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ പരമ്പരാഗതമായ രീതിയില്‍ 'മാറ്റം' (വിലാപ ചടങ്ങ്) നടത്തിയാണ് തങ്ങളുടെ പ്രിയ നേതാവിനോടുള്ള ആദരം പ്രകടിപ്പിച്ചത്. 'ഇമാം ഖമനെയിയുടെ രക്തസാക്ഷിത്വത്തില്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അദ്ദേഹത്തിനും ഇറാന്റെ ജനതയ്ക്കുമൊപ്പമുണ്ട്,' എന്ന് ജെ ആന്‍ഡ് കെ ഷിയ അസോസിയേഷന്‍ പ്രസ്താവിച്ചു. ഇറാഖിലെ പരമോന്നത ഷിയാ നേതാവായ ആയത്തുല്ല സിസ്താനിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണത്തിലാണ് 86 കാരനായ ഖമനെയി കൊല്ലപ്പെട്ടത്. അദ്ദേഹത്തോടൊപ്പം മകളും ചെറുമകനും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാനില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുസ്ലീം വിഷയങ്ങളില്‍ മുന്‍പ് പലതവണ ഇടപെടലുകള്‍ നടത്തിയിട്ടുള്ള നേതാവായിരുന്നു ആയത്തുല്ല അലി ഖമനെയി.

Tags:    

Similar News