ഐഎന്‍എസ്- മാട്രിസ് സര്‍വേയില്‍ എഐഡിഎംകെ- ബിജെപി സഖ്യം; പാരാവീല്‍ നടത്തിയ സര്‍വേയില്‍ ഡിഎംകെ; ന്യൂസ് 18 സര്‍വേയില്‍ കടുത്ത മത്സരം; സ്റ്റാലിന് ഒപ്പം വരുന്ന ജനപിന്തുണയുമായി എടപ്പാടിയും; വിജയ് വോട്ട് ഭിന്നിക്കുന്നു; തമിഴകത്ത് സംഘ പരിവാറിന്റെ സ്വപ്നങ്ങള്‍ പൂവണിയുമോ?

തമിഴകത്ത് സംഘ പരിവാറിന്റെ സ്വപ്നങ്ങള്‍ പൂവണിയുമോ?

Update: 2026-03-25 16:32 GMT

ഴിഞ്ഞ ഒന്നരവര്‍ഷം മുമ്പുവരെയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിക്കയാണെങ്കില്‍, ഡിഎംകെക്കും മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന എം കെ സ്റ്റാലിനും എതിരാളികള്‍ പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. 2024-ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും പുതുച്ചേരിയിലെ ഒരു സീറ്റിലും ഉള്‍പ്പെടെ ആകെ 40 സീറ്റുകളിലും ഡി.എം.കെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം ഉജ്ജ്വല വിജയം നേടിയത്. എന്നാല്‍ അവിടെ നിന്നങ്ങോട്ട് വളരെ പെട്ടന്ന് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുകയാണ്. തമിഴ്നാട്ടിലെ ഏറ്റവും ജനപ്രീതിയുള്ള നടന്‍ വിജയ് ടി വി കെ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കിയിരിക്കയാണ്. അവര്‍ ഒറ്റക്കാണ് മത്സരിക്കുന്നത്. അതോടെ ശരിക്കും ത്രികോണ മത്സരമാണ് തമിഴ്നാട്ടില്‍ എമ്പാടും ഉണ്ടായിരിക്കുന്നത്.

ഈ ത്രികോണത്തില്‍ ശരിക്കും ചങ്കിടിക്കുന്നത് ഡിഎംകെക്ക് തന്നെയാണ്. കാരണം അവരുടെ വോട്ട് ബാങ്കാണ് വിജയുടെ പാര്‍ട്ടി ചോര്‍ത്തുന്നത് എന്നാണ് പറയുന്നത്. പുതിയ അഭിപ്രായ സര്‍വേകള്‍ പ്രകാരം തമിഴകത്ത് ഇക്കുറി കടുത്ത മത്സരമാണ്.

സര്‍വേകളില്‍ വ്യത്യസ്ത ഫലങ്ങള്‍

2026ലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ കടുത്ത മത്സരം എന്നാണ് വിലയിരുത്തുന്നത്. ഐഎന്‍എസ്- മാട്രിസ് സര്‍വേ ഭരണമാറ്റമാണ് പ്രവചിക്കുന്നത്. ആകെയുള്ള 234 സീറ്റുകളില്‍ എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം 114 മുതല്‍ 127 വരെ സീറ്റുകള്‍ നേടി ഭരണം പിടിക്കുമെന്നാണ് ഐഎന്‍എസ്- മാട്രിസ് സര്‍വേ സൂചിപ്പിക്കുന്നത്. ഡി.എം.കെ സഖ്യത്തിന് 104 മുതല്‍ 114 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. എ.ഐ.എ.ഡി.എം.കെ സഖ്യം 39-40% വോട്ട് വിഹിതം നേടുമെന്ന് കണക്കാക്കുന്നു. ഡി.എം.കെ സഖ്യത്തിന് 37-38% വോട്ട് ലഭിച്ചേക്കാം. നടന്‍ വിജയിന്റെ തമിഴക വെട്രി കഴകം 6 മുതല്‍ 12 വരെ സീറ്റുകള്‍ നേടി നിര്‍ണ്ണായക സ്വാധീനമാകുമെന്ന് സര്‍വേ കരുതുന്നു. ടി.വി.കെയ്ക്ക് ഏകദേശം 13-15% വരെ വോട്ട് വിഹിതം ലഭിക്കാനും സാധ്യതയുണ്ട്. പടിഞ്ഞാറന്‍, മധ്യതമിഴ്‌നാട് ഒഴികെയുള്ള മറ്റെല്ലാ മേഖലകളിലും എ.ഐ.എ.ഡി.എം.കെ സഖ്യം മുന്നേറ്റം നടത്തുമെന്ന് മാട്രിസ് സര്‍വേ പ്രവചിക്കുന്നു.

എന്നാല്‍ പാരാവീല്‍ നടത്തിയ സര്‍വേ ഫലങ്ങള്‍ പ്രകാരം നിലവിലെ ഭരണകക്ഷിയായ ഡി.എം.കെ സഖ്യം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. 'ദ വയറില്‍' പ്രസിദ്ധീകരിച്ച സര്‍വേയില്‍, 41.5% വോട്ട് വിഹിതത്തോടെ ഡി.എം.കെ ഒന്നാം സ്ഥാനത്ത് തുടരുമെന്ന് പ്രവചിക്കുന്നു. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെങ്കിലും ജനകീയ ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന് തുണയാകുമെന്ന് ഈ സര്‍വേ പറയുന്നു. 36.2% വോട്ട് വിഹിതത്തോടെ പ്രധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ രണ്ടാമതെത്തും. നടന്‍ വിജയിന്റെ പാര്‍ട്ടി 13.6% വോട്ട് വിഹിതത്തോടെ തമിഴ് രാഷ്ട്രീയത്തിലെ നിര്‍ണ്ണായകമായ മൂന്നാം ശക്തിയായി മാറും. യുവാക്കള്‍ക്കിടയിലും കന്നി വോട്ടര്‍മാര്‍ക്കിടയിലും ടി.വി.കെയ്ക്ക് വലിയ സ്വാധീനമുണ്ടെന്ന് സര്‍വേ പറയുന്നു. സീമാന്റെ നേതൃത്വത്തിലുള്ള എന്‍.ടി.കെ എന്ന നാം തമിഴര്‍ കച്ചി 7.9% വോട്ട് വിഹിതം നേടുമെന്നും സര്‍വേ കണക്കാക്കുന്നു. ഇതും നിര്‍ണ്ണായകമായ വോട്ടാണ്. ചെന്നൈ ഉള്‍പ്പെടെയുള്ള നഗരമേഖലകളില്‍ ടി.വി.കെ പലയിടത്തും രണ്ടാം സ്ഥാനത്ത് എത്താന്‍ സാധ്യതയുണ്ടെന്നും പാരാവീല്‍ സര്‍വേ സൂചിപ്പിക്കുന്നു.

അഗ്നി ന്യൂസ് സര്‍വീസ് എന്ന എ എന്‍ എസ് പുറത്തുവിട്ട അഭിപ്രായ സര്‍വേ ഭരണകക്ഷിയായ ഡി.എം.കെ സഖ്യം വന്‍ വിജയം നേടുമെന്നാണ് പ്രവചിക്കുന്നത്. ആകെയുള്ള 234 സീറ്റുകളില്‍ 180 സീറ്റുകള്‍ വരെ നേടി ഡി.എം.കെ സഖ്യം അധികാരം നിലനിര്‍ത്തുമെന്ന് സര്‍വേ പറയുന്നു. ഇവര്‍ക്ക് ഏകദേശം 44.9% വോട്ട് വിഹിതം ലഭിക്കുമെന്നും കരുതപ്പെടുന്നു. പ്രകാരം തെക്കന്‍ ജില്ലകളിലും പടിഞ്ഞാറന്‍ മേഖലകളിലും ഡി.എം.കെ വ്യക്തമായ ആധിപത്യം പുലര്‍ത്തുന്നുണ്ട് സര്‍വേ പറയുന്നു. പ്രധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് 54 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്ന് സര്‍വേ പറയുന്നു. ഇവര്‍ക്ക് ഏകദേശം 38.5% വോട്ട് ലഭിച്ചേക്കാം. ചെന്നൈ നഗരത്തില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് വലിയ തിരിച്ചടി നേരിടുമെന്നും പ്രവചനമുണ്ട്.

വിജയിന്റെ തമിഴക വെട്രി കഴകം 9.7% വോട്ട് വിഹിതം നേടുമെന്ന് കണക്കാക്കുന്നുണ്ടെങ്കിലും സീറ്റുകളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം പ്രവചിക്കുന്നില്ല.സീമാന്റെ നാം തമിഴര്‍ കച്ചി 4.8% വോട്ടും മറ്റുള്ളവര്‍ 2.1% വോട്ടും നേടുമെന്ന് അഗ്നി ന്യൂസ് സര്‍വേ വ്യക്തമാക്കുന്നു. ഈ സര്‍വേ മാത്രമാണ് ഡിഎംകെ സഖ്യത്തിന് കൃത്യമായ ഭുരിപക്ഷം പ്രവചിക്കുന്നത്.

ന്യൂസ് 18 സര്‍വേയില്‍ ഡിഎംകെ സഖ്യത്തിന് നേരിയ ഭൂരിപക്ഷം മാത്രമേയുള്ളു. ഡിഎംകെ സഖ്യത്തിന് 113 മുതല്‍ 123 വരെ സീറ്റുകള്‍ നേടാം. വോട്ട് വിഹിതം ഏകദേശം 40.1% ആയിരിക്കുമെന്നും കണക്കാക്കുന്നു. ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന എഐഎഡിഎംകെ സഖ്യം 106 മുതല്‍ 116 വരെ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ട്. ഇവരുടെ വോട്ട് വിഹിതം 38.1% ആയിരിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. നടന്‍ വിജയിന്റെ പാര്‍ട്ടി 2 മുതല്‍ 8 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. എങ്കിലും, ഏകദേശം 14.8% വോട്ട് വിഹിതം നേടിക്കൊണ്ട് ഒരു നിര്‍ണ്ണായക മൂന്നാം ശക്തിയായി ടിവികെ മാറുമെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

വിജയ് വോട്ട് ഭിന്നിപ്പിക്കുന്നു

കഴിഞ്ഞ തവണത്തെപ്പോലെ ഡിഎംകെക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല ഇത്തവണ എന്ന് ഉറപ്പാണ്. ഇതുവരെ മുഖ്യമന്ത്രി സ്റ്റാലിനൊപ്പം തലപ്പൊക്കമുള്ള ഒരു നേതാവിനെ കണ്ടെത്താനും, കഴിഞ്ഞിരുന്നില്ല. എന്നാല്‍ എഐഎഡി എം കെ നേതാവ് എടപ്പാടി എടപ്പാടി പളനിസ്വാമിയുടെയും ജനപ്രീതി ഇപ്പോള്‍ ഉയരുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എം.കെ. സ്റ്റാലിന് 39.9% പേരുടെ പിന്തുണ ലഭിച്ചപ്പോള്‍, എടപ്പാടി പളനിസ്വാമിക്ക് 37.5% പേരുടെ പിന്തുണയുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് സ്റ്റാലിന് തൊട്ടുപുറകില്‍ തന്നെ പളനി സ്വാമിക്ക് എത്താനായി.

അതുപോലെ നടന്‍ വിജയിന്റെ പാര്‍ട്ടിയുടെ കടന്നുവരവ് ഒരു ത്രികോണ മത്സരത്തിന് വഴിയൊരുക്കുന്നത്. യുവാക്കളുടെയും ആദ്യമായി വോട്ട് ചെയ്യുന്നവരുടെയും പിന്തുണ ടിവികെക്കാണ്. ടിവികെ പലയിടത്തും, ഭരണകക്ഷിയായ ഡിഎംകെ സഖ്യത്തിന് വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അഭിപ്രായ സര്‍വേ ഫലങ്ങളും ഈ അവസ്ഥയാണ് കാണിക്കുന്നത്. ഡിഎംകെയുടെ പരമ്പരാഗത വോട്ട് ബാങ്കുകളായ യുവാക്കള്‍, ദളിത് വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കിടയില്‍ വിജയിക്ക് വലിയ സ്വാധീനമുണ്ട്. തമിഴ്‌നാട്ടിലെ ഡിഎംകെ-എഐഎഡിഎംകെ എന്ന ദ്വിമുഖ രാഷ്ട്രീയത്തെ മാറ്റിമറിച്ച് ഒരു മൂന്നാം ബദലായി ഉയരാനാണ് വിജയ് ശ്രമിക്കുന്നത്. നേരത്തെ ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ക്ഷണം വിജയ് നിരസിച്ചിരുന്നു.

സംഘപരിവാറിന്റെ ചിരകാല അഭിലാഷങ്ങളിലൊന്നത് തമിഴ്നാട്ടിലേക്ക് ശക്തമായി കടന്നുകയറണമെന്ന്. എന്നാല്‍ മുഖ്യധാരാ ദ്രാവിഡ പാര്‍ട്ടികളില്‍ തട്ടി അത് തകരുകയായിരുന്നു. എന്നാല്‍ ഇത്തവണ ബിജെപിയും എഐഎഡിഎംകെയും അടങ്ങുന്ന എന്‍ഡിഎ സഖ്യം തമിഴ്നാട്ടില്‍ ഡിഎംകെക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ വലിയ രീതിയില്‍ ഡിഎംകെയുടെ വോട്ടുകള്‍ ചോര്‍ത്തുമെന്നാണ് ഭീതി. ഇതോടെ തമിഴകത്ത് പ്രതീക്ഷയോടെ ബിജെപി- എഐഡിഎംകെ സഖ്യം പ്രതീക്ഷയിലാണ്.

Tags:    

Similar News