കുടുംബവാഴ്ചയ്ക്കെതിരായ തരൂരിന്റെ വിമര്‍ശന ലേഖനം അസമയത്ത്; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി ഉണ്ടെങ്കിലും നടപടി എടുക്കില്ല; രക്തസാക്ഷി പരിവേഷം നല്‍കാന്‍ അവസരം കൊടുക്കരുതെന്ന നിലപാടില്‍ നേതൃത്വം; തരൂര്‍ സകല സീമകളും ലംഘിച്ചെന്ന് ആരോപിച്ച് രാജമോഹന്‍ ഉണ്ണിത്താന്‍; നെഹ്‌റു കുടുംബത്തെ ആക്രമിക്കുന്നത് ഒരു കോണ്‍ഗ്രസുകാരനും സഹിക്കില്ലെന്ന് ഉണ്ണിത്താന്‍

കുടുംബവാഴ്ചയ്ക്കെതിരായ തരൂരിന്റെ വിമര്‍ശന ലേഖനം അസമയത്ത്

Update: 2025-11-04 08:52 GMT

തിരുവനന്തപുരം: കുടുംബവാഴ്ചക്കെതിരെ ലേഖനത്തിലൂടെ പരസ്യ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍ എംപിയുടെ നടപടിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. കുടുംബപശ്ചാത്തലം കാട്ടി ആരെയും തടയാനാകില്ല. തെരഞ്ഞെടുപ്പ് അടുത്തവേളയില്‍ നേതാക്കള്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്‍കി. ബിഹാര്‍ തിരഞ്ഞെടുപ്പു വേളയില്‍ തരൂരില്‍ നിന്നുള്ള പരാമര്‍ശം ബിജെപി അവസരമാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അതൃപ്തി അറിയിച്ചിരിക്കുന്നത്.

കുടുംബവാഴ്ച രാഷ്ട്രീയത്തിനെതിരെയുള്ള ശശി തരൂര്‍ എംപിയുടെ ലേഖനം കോണ്‍ഗ്രസിനെതിരേ ബിജെപി ആയുധമാക്കിയിരുന്നു. തരൂരിന്റെ ലേഖനം രാഹുല്‍ഗാന്ധിയെയും തേജസ്വിയാദവിനെയും ഉദ്ദേശിച്ചാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ശശിതരൂരിന്റേത് ഉള്‍ക്കാഴ്ചയുള്ള ലേഖനമാണെന്നും നെഹ്റുകുടുംബം എങ്ങനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ കുടുംബ ബിസിനസാക്കി മാറ്റിയെന്നതിന്റെ തെളിവാണിതെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല കുറ്റപ്പെടുത്തി.

നെഹ്‌റു കുടുംബത്തെ അടക്കം പരാമര്‍ശിച്ചു കൊണ്ട് പ്രൊജക്ട് സിന്‍ഡിക്കേറ്റിലാണ് ശശി തരൂര്‍ കുടുംബവാഴ്ചയ്ക്കെതിരെ ലേഖനമെഴുതിയത്. നെഹ്‌റു മുതല്‍ പ്രിയങ്ക ഗാന്ധി വരെയുള്ളവരെ ലേഖനത്തില്‍ തരൂര്‍ വിമര്‍ശിക്കുന്നുണ്ട്. പരിചയത്തിനേക്കാള്‍ പാരമ്പര്യത്തിന് മുന്‍ഗണന നല്‍കുന്ന രീതി ശരിയല്ല എന്നും തരൂര്‍ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു.

'സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു, പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നിലവിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടുന്ന നെഹ്റു- ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നതാണ്. എന്നാല്‍, രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടു. ഈ ആശയം ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും എല്ലാ പ്രദേശങ്ങളിലും എല്ലാ തലത്തിലുമുള്ള രാഷ്ട്രീയത്തിലും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു' എന്ന് ലേഖനം പറയുന്നു.

പരിചയത്തിനേക്കാള്‍ പാരമ്പര്യത്തിന് മുന്‍ഗണന നല്‍കുന്ന രീതി, ഭരണ നേതൃത്വത്തിന്റെ നിലവാരം കുറയ്ക്കും. സ്ഥാനാര്‍ഥിയുടെ യോഗ്യത കുടുംബപ്പേര് മാത്രമാകുകയാണ്. മണ്ഡലത്തിലെ ജനങ്ങളോട് ഇവര്‍ ഫലപ്രദമായി ഇടപെടാറില്ല. കുടുംബാധിപത്യം പുലര്‍ത്തുന്നവര്‍ക്ക് പ്രകടനം മോശമായാല്‍ ജനങ്ങളോട് കണക്ക് പറയേണ്ട ആവശ്യവുമില്ല. കുടുംബാധിപത്യത്തിന് അപ്പുറം കഴിവിനെ പരിഗണിക്കുന്ന രീതി വരണം. കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ നിയമപരമായ പരിഷ്‌കരണം കൂടി വേണമെന്നും തരൂര്‍ ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

അതേസമയം തരൂരിന്റെ ലക്ഷ്യം കോണ്‍ഗ്രസില്‍ നിന്നും രക്തസാക്ഷി പരിവേഷത്തില്‍ പുറത്തുപോകാനാണ് എന്നാണ് കോണ്‍ഗ്രസിന്റെ നിഗമനം. അതുകൊണ്ട് പ്രകോപനങ്ങളില്‍ വീഴരുതെന്നാണ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍, രാജ്‌മോഹന്‍ ഉണ്ണിത്താനെ പോലുള്ള നേതാക്കള്‍ തരൂരിനെതിരെ തുറന്നടിച്ചു രംഗത്തുവന്നു കഴിഞ്ഞു. തരൂര്‍ രക്തസാക്ഷിയുടെ പരിവേഷം കിട്ടി പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഒരു അനങ്ങാപാറ നയം സ്വീകരിച്ചിരിക്കുന്നതെന്നാണ് ഉണ്ണിത്താന്‍ പ്രതികരിച്ചത്.

നെഹ്രു കുടുംബം മുഴുവന്‍ ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യത്തില്‍ പങ്കെടുത്തിട്ടുള്ളഴരാണ്. മോട്ടിലാല്‍ നെഹ്‌റു, ജവഹര്‍ലാല്‍ നെഹ്‌റു, വിജയലക്ഷ്മി പണ്ഡിറ്റ്, ഇന്ദിരാഗാന്ധി, അവരുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി - ഈ മുഴുവന്‍ ആളുകളും ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ആളുകളാണെന്ന് ഓര്‍ക്കണമന്നും ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ബിജെപിയും അതുപോലെതന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അവരുടെയെല്ലാം കുടുംബത്തില്‍ നിന്ന് പല ആളുകളെയും രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന് ഉന്നതമായ സ്ഥാനങ്ങള്‍ കൊടുക്കുന്നു. ആ സ്ഥാനങ്ങള്‍ കൊടുത്തിരിക്കുന്ന ബിജെപിയെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയോ ആക്രമിക്കാതെ നിരന്തരമായി കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി അംഗമായി ഇരുന്നുകൊണ്ട്, കോണ്‍ഗ്രസിന്റെ സകല സൗഭാഗ്യങ്ങളും ആസ്വദിച്ചും അനുഭവിച്ചും ഇരുന്നുകൊണ്ട് നെഹ്‌റു കുടുംബത്തെ ഇങ്ങനെ കടന്നാക്രമിക്കുന്നത് കോണ്‍ഗ്രസുകാരെ മൊത്തം വേദനയില്‍ ആഴ്ത്തിയിരിക്കുകയാണ്. ആ വേദന കടിച്ചമര്‍ത്തിയിട്ടാണ് ഞങ്ങളൊക്കെ ഇപ്പോള്‍ പ്രതികരിക്കുന്നത്. കാരണം നെഹ്‌റു കുടുംബത്തെ ആക്രമിച്ചു കഴിഞ്ഞാല്‍ അത് കോണ്‍ഗ്രസിന്റെ രക്തം ശിലകളില്‍ കൂടി ഒഴുകുന്ന ഒരു കോണ്‍ഗ്രസുകാരനും സഹിക്കാന്‍ ആവില്ലെന്നും ഉണ്ണിത്തന്‍ പറഞ്ഞു.

സകല അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുകയാണ് ശശി തരൂര്‍. സകല ലക്ഷ്മണ രേഖകളും ലംഘിച്ചിരിക്കുകയാണ്. രണ്ട് തെരഞ്ഞെടുപ്പുകള്‍ വിളിപ്പാട് അകലെ വന്നു നില്‍ക്കുമ്പോള്‍, കേരളത്തില്‍ മാത്രം ബീഹാറില്‍ ഒരു ഇലക്ഷന്‍ നടക്കുമ്പോള്‍ ഇതിന്റെ അനുരണങ്ങള്‍ ഈ ബീഹാര്‍ അടക്കം അതുപോലെതന്നെ കേരളത്തില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അടക്കം പ്രതിഫലിക്കും എന്നുള്ളത് മുന്നില്‍ കണ്ടുകൊണ്ടാണ് അദ്ദേഹം ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്.

തരൂര്‍ കേവലം ഒരു സാധാരണ കോണ്‍ഗ്രസുകാരന്‍ അല്ല. അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഒരാളാണ്. അതെ. അദ്ദേഹം ഇന്ന് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ആണ്. അദ്ദേഹം ഇന്ത്യന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ പ്രതിധാനം ചെയ്യുന്ന ഒരു അംഗമാണ്. അതിലുപരി അദ്ദേഹം ഒരു കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ്. ഈ സൗഭാഗ്യങ്ങള്‍ എല്ലാം അദ്ദേഹത്തിന് ഉണ്ടാക്കി കൊടുത്തത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. അപ്പോ ആ കോണ്‍ഗ്രസ് പാര്‍ട്ടിയോടാണ് നിരന്തരമായി ആ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം ഓരോ പ്രസ്താവനകള്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശശി തരൂര്‍ പരസ്യമായി വ്യക്തമാക്കേണ്ട ചില കാര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ കൂറ്, അദ്ദേഹത്തിന്റെ ഹൃദയത്വം, അദ്ദേഹത്തിന്റെ പ്രതിബദ്ധത ആരോടാണ്? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട് ആണെങ്കില്‍ അതിന്റെ നേതാക്കന്മാരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും അദ്ദേഹം ചെയ്യണം. കോണ്‍ഗ്രസ് പ്രസിഡന്റ്, കോണ്‍ഗ്രസിന്റെ അത്യുന്നതപദ ഇരിക്കുന്നവര്‍, ഈ പറയപ്പെടുന്ന എല്ലാവരും കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചവരാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രിയങ്ക ഗാന്ധി ഒഴിച്ച്. അപ്പോ ഒരു കുടുംബത്തെ മുഴുവന്‍ അടക്കി ആക്ഷേപിച്ച് നമ്മുടെ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് ആയുധം ഉണ്ടാക്കി കൊടുക്കുക എന്ന് പറയുന്നത് ഒരിക്കലും ഒരു കോണ്‍ഗ്രസ് നേതാവിന് ഭൂഷണമല്ലെന്നം ഉണ്ണിത്താന്‍ പറഞ്ഞു.

ഇത്തരം ആളുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പെരുകുകയാണെങ്കില്‍ അവര്‍ക്കൊക്കെ ഒരു കാരണവശാലും ഉള്ള നടപടികള്‍ എടുക്കാതിരിക്കുകയാണെങ്കില്‍ പിന്നെ നമുക്കൊക്കെ ഈ പാര്‍ട്ടിയില്‍ എന്ത് സ്ഥാനമാണുള്ളത്? അതുകൊണ്ട് ഞങ്ങളൊക്കെ ഈ പാര്‍ട്ടിയെ ജീവനതുല്യം സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു. ഞങ്ങളുടെ നേതാക്കന്മാരെ ഞങ്ങള്‍ ആദരിക്കുന്നു, ആരാധിക്കുന്നു. അത്തരം നേതാക്കന്മാര്‍ക്കെതിരെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന ആളുകളെ വെച്ചുപൊറുപ്പിക്കുന്നത് ഒരിക്കലും ഈ പാര്‍ട്ടിക്ക് ഭൂഷണമല്ലെനന്നും ഉണ്ണിത്താന്‍ പറഞ്ഞു.

Tags:    

Similar News