'ഞങ്ങളറിയാതെയാണ് ഭര്‍ത്താവ് രണ്ടാമത് കല്യാണം കഴിച്ചത്...; എന്നെയും മക്കളെയും വീട്ടില്‍ നിന്ന് പുറത്താക്കി വീട് പൂട്ടിപോയി'; പുതുപ്പാടിയില്‍ ഭര്‍ത്താവും വീട്ടുകാരും വീട്ടില്‍ നിന്ന് പുറത്താക്കിയതോടെ യുവതിയും മൂന്ന് മക്കളും പെരുവഴിയില്‍; ദിവസങ്ങളായി സ്‌കൂളില്‍ പോകാനായില്ലെന്ന് മകള്‍
കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചതിന് പിന്നാലെ യുവതിയെയും മക്കളെയും വീട്ടില്‍ നിന്ന് പുറത്താക്കി വീട് പൂട്ടിപോയതായി പരാതി. പൊരൂര്‍ സ്വദേശിനി ഫാത്തിമത്തുല്‍ മിസ്രിയയാണ് ഭര്‍ത്താവ് വള്ളിക്കെട്ടുമ്മല്‍ ഫൈസലിനെതിരെ താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. സംരക്ഷണം നഷ്ടപ്പെട്ടതോടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും കഴിയുന്നില്ല. കഴിഞ്ഞ നാലുദിവസമായി മിസ്രിയയും മക്കളും ഭര്‍ത്താവിറെ വീടിന് മുന്നിലാണ് കഴിയുന്നത്.
ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയാണ് ഫൈസല്‍. കുറച്ചുകാലമായി ഇയാള്‍ ഭാര്യയ്ക്കും മക്കള്‍ക്കും ആവശ്യത്തിന് ചെലവിന് നല്‍കാറില്ല. അതിനിടെയാണ് ഫൈസല്‍ മറ്റൊരു നിക്കാഹ് കഴിച്ചത്. വിവരം അറിഞ്ഞതോടെ മിസ്രിയയും മക്കളും ഭര്‍ത്താവിന്റെ വീട്ടില്‍ എത്തി. ഇവരെ കണ്ടതോടെ ഫൈസല്‍ വീടു പൂട്ടി മുങ്ങുകയായിരുന്നു.
ഉപ്പ വിവാഹം കഴിച്ച വിവരം അറിഞ്ഞതോടെ ഒന്‍പതാം ക്ലാസുകാരിയായ മകള്‍ സ്‌കൂളില്‍ പോയിട്ട് ദിവസങ്ങളായി. എന്തെങ്കിലും ആവശ്യം പറയുമ്പോള്‍ പണിയില്ല പൈസയില്ല എന്നാണ് ഉപ്പ പറയാണ്. മറ്റുള്ളവരെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം സ്‌കൂളില്‍ പോയിട്ട് ഒരാഴ്ചയായി, മികച്ച കായിക താരം കൂടിയായ ഒന്‍പതാം ക്ലാസുകാരി പറയുന്നു. മിസ്രിയയില്‍ നിന്നും വിവാഹം മോചനം നേടിയെന്നാണ് ഫൈസല്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അത്തരം ഒരു സംഭവം നടന്നിട്ടില്ലെന്ന് യുവതി വ്യക്തമാക്കുന്നു.
വിവാഹത്തിന് മുമ്പ് തന്നെ ഭാര്യക്കും കുട്ടികള്‍ക്കും ഫൈസല്‍ ചെലവിനായി പണം നല്‍കുന്നില്ലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഭാര്യയെയും മക്കളെയും സംരക്ഷിക്കാതെ വിവാഹം കഴിക്കരുതെന്ന് പോലീസ് ഫൈസലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് കുടുംബത്തെ വീടിനകത്ത് പ്രവേശിപ്പിച്ചു. എന്നാല്‍, വീട്ടില്‍ അതിക്രമിച്ചു കയറി എന്ന് കാണിച്ച് ഫൈസല്‍ പോലീസില്‍ പരാതി നല്‍കി. തങ്ങള്‍ക്ക് കുടുംബകോടതിയില്‍ നിന്ന് വിവാഹമോചന വിധി ലഭിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവിന്റെ കുടുംബം പോലീസിനെ അറിയിച്ചു. വനിതാ കമ്മീഷനെ സമീപിച്ച മിസ്രിയ ഇപ്പോള്‍ കുടുംബകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ്.