വണ്ടിപ്പെരിയാര്‍ പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച: കോടതിയുടെ രൂക്ഷവിമര്‍ശനം; അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ് എച്ച് ഓയ്ക്ക് സ്ഥാനക്കയറ്റത്തോടെ കൊച്ചി സിറ്റിയില്‍ അസി. കമ്മിഷണര്‍ ആയി നിയമനം

Update: 2026-01-26 06:44 GMT

കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ അന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് കോടതി കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ വണ്ടിപ്പെരിയാര്‍ ഇന്‍സ്പെക്ടര്‍ ടി.ഡി. സുനില്‍കുമാറിനെയാണ് അസിസ്റ്റന്റ് കമ്മിഷണറായി സ്ഥാനക്കയറ്റം നല്‍കി കൊച്ചി സിറ്റിയില്‍ നിയമിച്ചത്.

കോടതിയുടെ രൂക്ഷവിമര്‍ശനത്തെത്തുടര്‍ന്ന് നേരത്തെ സസ്പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥനെയാണ് ഏറ്റവും പ്രധാനപ്പെട്ട തസ്തികകളിലൊന്നില്‍ സര്‍ക്കാര്‍ അവരോധിച്ചത്.വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കട്ടപ്പന പോക്സോ കോടതിയുടെ വിധിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കടുത്ത പരാമര്‍ശങ്ങളുണ്ടായിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിലും ഇന്‍ക്വസ്റ്റ് നടപടികളിലും ഇന്‍സ്പെക്ടര്‍ എന്ന നിലയില്‍ സുനില്‍കുമാര്‍ വരുത്തിയ വീഴ്ചകള്‍ പ്രതിക്ക് അനുകൂലമായെന്നായിരുന്നു കോടതി നിരീക്ഷണം.

ജനരോഷം ശക്തമായതിനെത്തുടര്‍ന്ന് 2024 ഫെബ്രുവരിയിലാണ് സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് സര്‍വീസില്‍ തിരിച്ചെത്തിയ ഉദ്യോഗസ്ഥന് ശിക്ഷാനടപടികള്‍ക്ക് പകരം പ്രമോഷന്‍ നല്‍കിയ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കൊച്ചിയിലെ പ്രധാന ഡിവിഷനുകളിലൊന്നിലാണ് ഇദ്ദേഹത്തെ എസിപിയായി നിയമിച്ചിരിക്കുന്നത്.

Similar News