പാലക്കാട്ട് വാറ്റുകേസ് പ്രതി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയാക്കി; പശു വളര്‍ത്തലിന്റെ മറവില്‍ സഖാവിന്റെ വാറ്റ് കൊഴുത്തു; എക്‌സൈസ് സംഘം എത്തിയപ്പോള്‍ ഓടി രക്ഷപെട്ട ഉണ്ണിലാല്‍ ഡിവൈഎഫ്‌ഐ നേതാവായി പൊങ്ങി! വിവാദമായതോടെ പുറത്താക്കുമെന്ന് സംഘടന

പാലക്കാട്ട് വാറ്റുകേസ് പ്രതി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയാക്കി

Update: 2026-01-26 13:28 GMT

പാലക്കാട്: പാലക്കാട്ട് വാറ്റ് കേസ് പ്രതിയെ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയാക്കിയ നടപടി വിവാദത്തില്‍. ഫാം ഹൌസില്‍ ചാരായം വാറ്റിയ കേസില്‍ പ്രതിയായ ഉണ്ണിലാലിനെ നെന്മാറ മേഖലാ സെക്രട്ടറിയായാണ് തിരഞ്ഞെടുത്തത്. ഇത് വാര്‍ത്തയാകുകയും സംഭവം കൂടുതല്‍ വിവാദമാകുകയും ചെയ്തതോടെയാണ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി ഇടപെട്ടത്. ഉണ്ണിലാലിനെ പുറത്താക്കുമെന്ന് സംഘടന വ്യക്തമാക്കി.

2021 ജൂണിലായിരുന്നു ഉണ്ണിലാലിന്റെ നെന്മാറയില്‍ ഫാം ഹൗസില്‍നിന്നു ചാരായവും വാഷും പിടികൂടിയത്. ഉണ്ണിലാലിനെതിരെ എക്‌സൈസ് കേസും എടുത്തു. പശു വളര്‍ത്തലിന്റെ മറവില്‍ പതിവായി വാറ്റുന്നുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് എക്‌സൈസ് സംഘം എത്തിയപ്പോള്‍ ഉണ്ണിലാല്‍ കടന്ന് കളഞ്ഞു.

സംഭവത്തിന് പിന്നാലെ അന്ന് ഡിവൈഎഫ്‌ഐ നെന്മാറ മേഖല സെക്രട്ടറിയായിരുന്ന ഉണ്ണിലാലിനെ സ്ഥാനത്ത് നിന്നു നീക്കിയിരുന്നു. ദീര്‍ഘകാലം ഒളിവില്‍ പോയ ഉണ്ണിലാല്‍ മുന്‍കൂര്‍ ജാമ്യം നേടി നാട്ടില്‍ തിരിച്ചെത്തിയതോടെ പിന്നെയും സെക്രട്ടറിയാക്കി. ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ അടക്കം ഉയര്‍ത്തി.

വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്ത് ചര്‍ച്ചയായതോടെയാണ് ജില്ലാ കമ്മിറ്റി ഇടപെട്ടത്. ഉണ്ണിലാലിനെ വീണ്ടും തിരഞ്ഞെടുത്ത സാഹചര്യം പരിശോധിക്കുമെന്നും ഉടന്‍ പുറത്താക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. ഉണ്ണിലാല്‍ പ്രതിയെന്ന് കോടതി വിധിച്ചില്ലല്ലോ എന്നായിരുന്നു ഡിവൈഎഫ്‌ഐ പ്രാദേശിക നേതൃത്വത്തിന്റെ നേരത്തെയുള്ള ന്യായീകരണം.

Tags:    

Similar News