ശ്രീധരന്‍ പിള്ളയുടെ സന്ദര്‍ശനത്തോടെ ഐക്യ നീക്കത്തിലെ ചതി തിരിച്ചറിഞ്ഞു; പത്മഭൂഷണ്‍ 'കെണി'യും ഇഷ്ടമായില്ല; ഡയറക്ടര്‍ ബോര്‍ഡില്‍ എതിര്‍പ്പുയരുമെന്ന് സുകുമാരന്‍ നായര്‍ മുന്‍കൂട്ടി കണ്ടു; പണി പാളാതിരിക്കാന്‍ ചാണക്യതന്ത്രവുമായി പെരുന്ന; വെള്ളാപ്പള്ളിയുടെ ഐക്യം മോഹം എന്‍.എസ്.എസ് വെട്ടിയത് എന്തു കൊണ്ട്?
പെരുന്ന: സമുദായ സംഘടനകള്‍ക്കിടയില്‍ വലിയ കൊട്ടിഘോഷങ്ങളോടെ തുടങ്ങിയ എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യമെന്ന 'മഹാസഖ്യം' ഒടുവില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുമ്പോള്‍, അതിനു പിന്നില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ കൃത്യമായ കണക്കുകൂട്ടലുകളുടെയും രാഷ്ട്രീയ മുന്‍കരുതലിന്റെയും തന്ത്രമുണ്ട്. എസ്.എന്‍.ഡി.പിയുമായി കൈകോര്‍ക്കാനില്ലെന്ന പെരുന്നയുടെ പ്രഖ്യാപനം വെറുമൊരു പിന്മാറ്റമല്ല, മറിച്ച് ' നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഐക്യ' തന്ത്രത്തിനേറ്റ കനത്ത പ്രഹരമാണ്.
എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തില്‍നിന്ന് പിന്മാറി എന്‍എസ്എസ്. ഐക്യം പ്രായോഗികമല്ലെന്ന് ഇന്ന് ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിലയിരുത്തുകയായിരുന്നു. ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗ തീരുമാനം പത്രക്കുറിപ്പായി പുറത്തെത്തിയിട്ടുണ്ട്. സുകുമാരന്‍ നായരാണ് ഐക്യം വേണ്ടെന്ന പ്രമേയം അവതരിപ്പിച്ചത്. ഇത് എല്ലാവരും അംഗീകരിച്ചു. ഇതിലൂടെ ജനാധിപത്യ പരമായി എന്‍ എസ് എസ് തീരുമാനം എടുത്തുവെന്ന പ്രതീതിയും ഉണ്ടാവുകയാണ്. തല്‍കാലം ഇതിനോട് വെള്ളാപ്പള്ളി പ്രതികരിക്കില്ല. കരുതലോടെയാണ് വെള്ളപ്പാള്ളി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. വെള്ളാപ്പള്ളിയുടെ നീക്കത്തില്‍ രാഷ്ട്രീയ ലക്ഷ്യം എന്‍ എസ് എസ് സംശയിക്കുന്നു. സമദൂരത്തില്‍ ഉറച്ചു നില്‍ക്കാനാണ് തീരുമാനം.
ഐക്യനീക്കത്തിന്റെ പേരില്‍ ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ കളി സുകുമാരന്‍ നായര്‍ തിരിച്ചറിഞ്ഞത് ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ സന്ദര്‍ശനത്തോടെയാണ്. ഐക്യ ചര്‍ച്ചകള്‍ക്കായി തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിച്ചതിനു പിന്നില്‍ ബി.ജെ.പി അജണ്ടയാണെന്ന് പെരുന്ന വിലയിരുത്തി. തുഷാറിനെ മുന്നില്‍ നിര്‍ത്തി എന്‍.എസ്.എസിനെ എന്‍.ഡി.എ പാളയത്തിലെത്തിക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സുകുമാരന്‍ നായര്‍ 'യു ടേണ്‍' എടുത്തത്. ശ്രീധരന്‍ പിള്ള പെരുന്നയില്‍ എത്തിയപ്പോള്‍ തന്നെ ഈ ഐക്യത്തിന് അന്ത്യം കുറിക്കാനുള്ള ഉറച്ച തീരുമാനം നായര്‍ എടുത്തു കഴിഞ്ഞിരുന്നു. ശ്രീധരന്‍ പിള്ളയോട് ഇക്കാര്യം സുകുമാരന്‍ നായര്‍ അറിയിക്കുകയും ചെയ്തു.
വെള്ളാപ്പള്ളി നടേശന് പത്മഭൂഷന്‍ നല്‍കി ആദരിച്ചത് സുകുമാരന്‍ നായര്‍ സംശയത്തോടെയാണ് കണ്ടത്. വി.എസിന് പത്മവിഭൂഷന്‍ നല്‍കി സി.പി.എമ്മിനെ തണുപ്പിച്ചതുപോലെ, പത്മ പുരസ്‌കാരങ്ങളിലൂടെ സമുദായ നേതാക്കളെ വലയിലാക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ പെരുന്ന നേതൃത്വം, തങ്ങള്‍ ആ കെണിയില്‍ വീഴില്ലെന്ന് ഉറപ്പിച്ചു. വെള്ളാപ്പള്ളിയുമായി കൈകോര്‍ത്താല്‍ അദ്ദേഹം എടുക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ എന്‍.എസ്.എസിന് കൂടി ബാധകമാകുന്ന അവസ്ഥ വരുമെന്ന ഭയവും ഡയറക്ടര്‍ ബോര്‍ഡിലെ എതിര്‍പ്പും സുകുമാരന്‍ നായരെ പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിച്ചു.
എസ്.എന്‍.ഡി.പി നേതൃത്വമുണ്ടാക്കിയ ബി.ഡി.ജെ.എസ് നിലവില്‍ ബി.ജെ.പിക്കൊപ്പമാണ്. രാഷ്ട്രീയമായ ഇത്തരം ചായ്വുകളോട് യോജിക്കാനാവില്ലെന്നും ഏതെങ്കിലും മുന്നണിയുടെ വാലാകുന്നത് സമുദായത്തിന്റെ അന്തസ്സിന് ചേര്‍ന്നതല്ലെന്നുമാണ് എന്‍.എസ്.എസിന്റെ നിലപാട്. ഈ തീരുമാനം ഏറ്റവും കൂടുതല്‍ ആശ്വാസം നല്‍കുന്നത് കോണ്‍ഗ്രസിനാണ്. സമുദായ സംഘടനകള്‍ ഒന്നിക്കുന്നത് സി.പി.എമ്മിന് അനുകൂലമാകുമെന്ന പ്രചാരണം യു.ഡി.എഫിനെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്‍.എസ്.എസ് പഴയപടിയായതോടെ ആ പേടി ഒഴിവായി.
ഏതെങ്കിലും ഒരു ചേരിക്കൊപ്പം നിന്നാല്‍ തങ്ങളുടെ വില പോകുമെന്ന് സുകുമാരന്‍ നായര്‍ക്ക് നന്നായറിയാം. 'സമദൂരം' എന്ന വജ്രായുധം വീണ്ടും പുറത്തെടുക്കുന്നതിലൂടെ ഏത് മുന്നണി അധികാരത്തില്‍ വന്നാലും സമുദായത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഐക്യത്തിന്റെ പേരില്‍ ബി.ജെ.പി വിരിച്ച വല കീറിമുറിച്ച് പെരുന്ന അതിന്റെ സ്വതന്ത്ര വഴി തിരഞ്ഞെടുക്കുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ വോട്ടുബാങ്ക് സമവാക്യങ്ങള്‍ വീണ്ടും മാറിമറിയുകയാണ്.
എന്‍ എസ് എസിന്റെ വിശദീകരണം ചുവടെ
പല കാരണങ്ങളാലും പല തവണ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ തന്നെ വ്യക്തമാകുന്നു. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍നിന്ന് വ്യതിചലിക്കാനുമാകില്ല. അതിനാല്‍ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല. പ്രത്യേകിച്ച് എന്‍എസ്എസിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരനിലപാട് ഉള്ളതിനാല്‍. മറ്റെല്ലാ സമുദായങ്ങളോടും എന്നവണ്ണം എസ്എന്‍ഡിപിയോടും സൗഹാര്‍ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നത്. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിക്കുന്നു എന്നാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷമുള്ള പത്രക്കുറിപ്പില്‍ എന്‍എസ്എസ് വ്യക്തമാക്കുന്നത്.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മില്‍ ഐക്യത്തിലാകാന്‍ തീരുമാനിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്‍എസ്എസുമായുള്ള ഐക്യത്തിന് എസ്എന്‍ഡിപി യോഗത്തിന്റെ നേതൃയോഗം കഴിഞ്ഞദിവസം അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. പെരുന്നയില്‍ പോയി തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് ദിവസങ്ങള്‍ക്കിപ്പുറമാണ് ഐക്യത്തില്‍നിന്ന് പിന്മാറുന്നതായി എന്‍എസ്എസ് നിലപാട് കൈക്കൊള്ളുന്നത്.
