10 സെന്റ് ഭൂമിക്ക് വേണ്ടി തുടങ്ങിയ പക; ഭാര്യയുടെ വസ്തു വില്‍ക്കാന്‍ സമ്മതിക്കാത്തത് കുടുംബ പ്രശ്‌നമായി; കൃഷ്ണപ്രിയയെ ഷിജിലും ബന്ധുക്കളും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചു; ബന്ധുക്കളും പ്രതികളാകും; മാറനെല്ലൂരില്‍ പോലീസിന്റെ മിന്നല്‍ നീക്കങ്ങള്‍; ഷിജില്‍ സൈക്കോ കുറ്റവാളി

Update: 2026-01-26 04:34 GMT

നെയ്യാറ്റിന്‍കര: പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത ക്രൂരതയ്ക്ക് പിന്നില്‍ വസ്തുക്കച്ചവടത്തെച്ചൊല്ലിയുള്ള തര്‍ക്കവും കടക്കെണിയും. ഭാര്യ കൃഷ്ണപ്രിയയുടെ പേരിലുള്ള 10 സെന്റ് ഭൂമി വിറ്റ് സ്വന്തം കുടുംബത്തിന്റെ കടം തീര്‍ക്കാനുള്ള ഷിജിലിന്റെ നീക്കം തടഞ്ഞതാണ് ഒന്നര വയസ്സുകാരന്‍ ഇഹാന്റെ കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണമെന്ന് വ്യക്തമാകുന്നു. ഭൂമി വില്‍ക്കാന്‍ സമ്മതിക്കാത്ത കൃഷ്ണപ്രിയയെ ഷിജിലും ബന്ധുക്കളും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചിരുന്നതായി പോലീസിന് മൊഴി ലഭിച്ചു. ഇതോടെ ഷിജിലിനെതിരെ ഗാര്‍ഹിക പീഡനത്തിന് കൂടി കേസെടുക്കാനും പീഡനത്തിന് കൂട്ടുനിന്ന ബന്ധുക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുമാണ് പോലീസിന്റെ നീക്കം.

മറ്റൊരു ഭൂമി വാങ്ങാമെന്ന് വിശ്വസിപ്പിച്ച് കൃഷ്ണപ്രിയയുടെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു ഷിജിലിന്റെ ശ്രമം. ഇതില്‍ സംശയം തോന്നി കൃഷ്ണപ്രിയ വിസമ്മതിച്ചതോടെയാണ് ഈ കൊടും കുറ്റവാളിയുടെ തനിനിറം പുറത്തുവന്നത്. കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുള്ള സംശയം കൂടി കലര്‍ന്നതോടെ കുഞ്ഞിനോടുള്ള പക ഇരട്ടിച്ചു. കുഞ്ഞ് കരഞ്ഞാല്‍ മുഖം പുതപ്പുകൊണ്ട് മൂടി ശ്വാസം മുട്ടിക്കുന്നത് പതിവായിരുന്നുവെന്ന് കൃഷ്ണപ്രിയ കരഞ്ഞു കൊണ്ട് പോലീസിനോട് പറഞ്ഞു. പൂവാര്‍ പോലീസില്‍ മുന്‍പ് പരാതി നല്‍കിയിട്ടും മധ്യസ്ഥ ചര്‍ച്ച നടത്തി വിട്ടയച്ചതാണ് ഒടുവില്‍ ഒരു കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

ആന്തരിക രക്തസ്രാവം മരണകാരണം മരിച്ച ദിവസം രാത്രി കുട്ടി ഉണര്‍ന്ന് കരഞ്ഞപ്പോള്‍ ഷിജില്‍ കുഞ്ഞിന്റെ അടിവയറ്റില്‍ കൈമുട്ട് കൊണ്ട് അതിശക്തമായി ഇടിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവം മൂലമാണ് ഇഹാന്‍ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബിസ്‌കറ്റും മുന്തിരിയും കഴിച്ചപ്പോള്‍ കുഴഞ്ഞുവീണെന്ന കള്ളക്കഥ മെനഞ്ഞ ഷിജിലിനെ ശാസ്ത്രീയമായ ചോദ്യം ചെയ്യലിലൂടെയാണ് പോലീസ് പൂട്ടിയത്. ഇതിനിടെ, ഷിജിലിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും സെക്‌സ് ചാറ്റ് ഗ്രൂപ്പുകളില്‍ ഇയാള്‍ സജീവമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതിയെ രക്ഷിക്കാന്‍ ബന്ധുക്കളുടെ അടവ് ഷിജിലിന്റെ മാതാപിതാക്കളായ വിജയും ഷീലയും കൃഷ്ണപ്രിയയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത് പ്രതിയെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് സംശയിക്കുന്നു. എന്നാല്‍, പീഡനവിവരം കൃഷ്ണപ്രിയ കൃത്യമായി മൊഴി നല്‍കിയതോടെ ഷിജിലിന്റെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം നീളുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിന്റെ കൈ ഒടിഞ്ഞ സംഭവത്തിലും ഷിജിലിന് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നതോടെ പീഡനത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

2024 ജനുവരി 8ന് ആണ് മാറനല്ലൂര്‍ മുണ്ടുകോണം കുഴിവിള റോഡരികത്തു വീട്ടില്‍ കൃഷ്ണപ്രിയയെ ഷിജില്‍ വിവാഹം കഴിക്കുന്നത്. ഷിജിലിന്റെ കുടുംബം കടക്കെണിയിലായിരുന്നെങ്കിലും ഈ വിവരം മറച്ചുവച്ചാണ് വിവാഹം നടത്തിയതെന്ന് കൃഷ്ണപ്രിയയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രതിയായ ഷിജിന്‍ കൊടും ക്രിമിനലാണെന്ന നിഗമനത്തിലാണ് പോലീസ്. കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന ഘടകം. തന്റെ കുഞ്ഞല്ല എന്ന സംശയത്താല്‍ കുഞ്ഞിനോട് ഷിജിന് കടുത്ത പകയുണ്ടായിരുന്നു.

ബിസ്‌കറ്റും മുന്തിരിയും നല്‍കിയപ്പോള്‍ കുഞ്ഞ് കുഴഞ്ഞുവീണെന്നായിരുന്നു ഷിജിനും ഭാര്യ കൃഷ്ണപ്രിയയും ആദ്യം പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ ഷിജിന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Tags:    

Similar News