കേരളത്തിന് അര്‍ഹതപ്പെട്ട എസ് എസ് കെ ഫണ്ട് വിഹിതം എത്രയും പെട്ടെന്ന് നല്‍കുമെന്ന് കേന്ദ്രം; സുപ്രീംകോടതിയില്‍ ഉറപ്പുനല്‍കിയത് സംസ്ഥാനം പരാതി ഉന്നയിച്ചപ്പോള്‍; വയനാട് പുനരധിവാസ തുകയും കിട്ടിയില്ലെന്ന് സീനിയര്‍ അഭിഭാഷകന്‍; റിസോഴ്സ് അധ്യാപക നിയമനം ആരംഭിക്കാമെന്ന് കോടതി
കേരളത്തിന് അര്‍ഹതപ്പെട്ട എസ് എസ് കെ ഫണ്ട് വിഹിതം എത്രയും പെട്ടെന്ന് നല്‍കുമെന്ന് കേന്ദ്രം
\ന്യൂഡല്‍ഹി: കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ ഫണ്ടുകള്‍ തടയുന്നുവെന്ന കേരളത്തിന്റെ ആരോപണങ്ങള്‍ക്കിടെ, സര്‍വ്വശിക്ഷാ കേരളം (എസ്എസ്‌കെ) പദ്ധതിയില്‍ കേരളത്തിന് അര്‍ഹതപ്പെട്ട പണം ഉടന്‍ കൈമാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. റിസോഴ്സ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി ഇക്കാര്യം കോടതിയെ അറിയിച്ചത്.
സംസ്ഥാനം അര്‍ഹതപ്പെട്ട പണംപോലും നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് കേന്ദ്രത്തിന്റെ ഈ ഉറപ്പ്. പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും വാങ്ങിയതിനുള്ള പണം കേന്ദ്രം തിരികെ ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു. വയനാട്ടിലെ പുനരധിവാസത്തിനായി ആവശ്യപ്പെട്ട 1200 കോടി രൂപ കേന്ദ്രം ഇതുവരെ നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ കുറ്റപ്പെടുത്തി.
റിസോഴ്സ് അധ്യാപക നിയമനം നടത്താന്‍ ബുദ്ധിമുട്ടില്ലെങ്കിലും, സംസ്ഥാനത്തിന്റെ കാലാവധി അവസാനിക്കാറായതിനാല്‍ കേന്ദ്രം സഹായിച്ചില്ലെങ്കില്‍ ഭാവിയില്‍ വരുന്ന സര്‍ക്കാരുകള്‍ക്കും അത് പ്രതിസന്ധിയാകുമെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി.ദിനേശ് വാദിച്ചു. പി.എം.ശ്രീ. പദ്ധതിയില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് എസ്എസ്എ ഫണ്ട് തടഞ്ഞതെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പി.എം.ശ്രീ. പദ്ധതി മരവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് എസ്എസ്എ ഫണ്ട് ലഭിക്കുമോ എന്ന ആശങ്കക്ക് വഴിവെച്ചിരുന്നു.
റിസോഴ്സ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാന സര്‍ക്കാരിന് എത്രയും പെട്ടെന്ന് ആരംഭിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നടപടികള്‍ ആരംഭിക്കുന്നതോടെ ഫണ്ടുകള്‍ ലഭ്യമാകുമെന്നും കോടതി നിരീക്ഷിച്ചു. റിസോഴ്സ് അധ്യാപകരുടെ സംഘടനയ്ക്ക് വേണ്ടി രാകേഷ് ബസന്ത്, കെ.ആര്‍.സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ ഹാജരായി.
